ആരോപണ വിധേയരായവരെ ഏഷ്യന്‍ ഗെയിംസ് ടീമിന്റെ ചുമതല ഏല്‍പ്പിച്ച് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍
|ഇവരുടെ നിയമന മാനദണ്ഡമെന്തെന്ന് വ്യക്തമാക്കാന്‍ കേന്ദ്രമോ ബന്ധപ്പെട്ട അസോസിയേഷനുകളോ തയ്യാറായിട്ടില്ല
കൊലപാതകം, അഴിമതി തുടങ്ങിയ കേസുകളില്‍ ആരോപണ വിധേയരായവരെ ഏഷ്യന്‍ ഗെയിംസ് ടീമിന്റെ ചുമതല ഏല്‍പ്പിച്ച് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍. ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങും സുരേഷ് കല്‍മാഡിയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറി രാജ്കുമാര്‍ സച്ചേതിയുമാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. ഇവരുടെ നിയമന മാനദണ്ഡമെന്തെന്ന് വ്യക്തമാക്കാന്‍ കേന്ദ്രമോ ബന്ധപ്പെട്ട അസോസിയേഷനുകളോ തയ്യാറായിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്രെ ചുമത ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെയും രാജ്കുമാര്‍ സച്ചേതിയെയും ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ ഏല്‍പ്പിച്ചത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത, പാംപാംഗംഗ് എന്നിവിടങ്ങളില്‍ ആഗസ്റ്റ് 15 മുതല്‍ സെപ്തംബര്‍ 2 വരെയാണ് ഗെയിംസ് നടക്കുക. ഉത്തര്‍ പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബിജെപി എംപിയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. 2012 മുതല്‍ റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡണ്ടുമാണ്.
കലാപം സൃഷ്ടിക്കല്‍, കൊലപാതകം തുടഹ്ഹിയ കേസുകളില്‍ ആരോപണ വിധേയനായ സിങ് ബാബറി മസ്ജിദ് തകര്‍ത്ത കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. സിങ് നിയമിച്ച 4 സഹായികളില്‍ ഒരാളാണ് രാജ്കുമാര്‍ സച്ചേതി. സുരേഷ് കല്‍മാഡിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സച്ചേതി നിലവില്‍ ബോക്സിങ് ഫെഡറേഷന്‍ ഡയറക്ടറും ഇന്ത്യന്‍ ഒളിബിക് അസോസിയേഷന്‍ ജോയിന്റെ സെക്രട്ടറിയുമാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ സച്ചേതിക്കെതിരെ ക്രമക്കേട് കണ്ടെത്തിയിരുന്നു. കുറ്റാരോപിതരും അന്വേഷണം നേരിടുന്നവരുമായവര്‍ക്ക് കായിക മേഖലയിലെ സഥാനങ്ങള്‍ നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പക്ഷെ നിയമന മാനദണ്ഡം വ്യക്തമാക്കാന്‍ കായിക വകുപ്പോ ഒളിമ്പിക് അസോസിയേഷനോ തയ്യാറായിട്ടില്ല.