Sports
“ചിലപ്പോഴൊക്കെ അഭിനയിച്ചിട്ടുണ്ട്; കല്ലെറിയാം, അല്ലെങ്കില്‍ എഴുന്നേല്‍ക്കാന്‍ സഹായിക്കാം”: നെയ്മര്‍ 
Sports

“ചിലപ്പോഴൊക്കെ അഭിനയിച്ചിട്ടുണ്ട്; കല്ലെറിയാം, അല്ലെങ്കില്‍ എഴുന്നേല്‍ക്കാന്‍ സഹായിക്കാം”: നെയ്മര്‍ 

Web Desk
|
30 July 2018 12:48 PM GMT

“ഫൌള്‍ ചെയ്യപ്പെട്ടപ്പോഴുള്ള എന്‍റെ ചില പ്രതികരണങ്ങള്‍ അതിശയോക്തി കലര്‍ന്നതായിരുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാകും. ശരിയാണ്. ചില സമയങ്ങളില്‍ അങ്ങനെ അതിശയോക്തി കലര്‍ത്തിയിട്ടുണ്ട്”

റഷ്യന്‍ ലോകകപ്പില്‍ ഉരുണ്ടുവീഴല്‍ കാരണം ഏറെ വിമര്‍ശനം കേട്ട താരമാണ് നെയ്മര്‍. ഗ്രൌണ്ടില്‍ ചിലപ്പോഴൊക്കെ അഭിനിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് താരം. ബ്രസീലിലെ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്ത ഗില്ലറ്റിന്‍റെ പരസ്യത്തിലാണ് നെയ്മര്‍ ഇക്കാര്യം സമ്മതിച്ചത്.

"ഫൌള്‍ ചെയ്യപ്പെട്ടപ്പോഴുള്ള എന്‍റെ ചില പ്രതികരണങ്ങള്‍ അതിശയോക്തി കലര്‍ന്നതായിരുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാകും. ശരിയാണ്. ചില സമയങ്ങളില്‍ അങ്ങനെ അതിശയോക്തി കലര്‍ത്തിയിട്ടുണ്ട്. പക്ഷേ ഗ്രൗണ്ടില്‍ ഞാന്‍ നേരിടുന്ന ഫൌളുകളും തുടര്‍ന്നുള്ള വേദനയും സത്യമാണ്", നെയ്മര്‍ വ്യക്തമാക്കി.

ലോകകപ്പിലെ തോല്‍വിക്ക് ശേഷം അഭിമുഖങ്ങള്‍ നല്‍കാത്തത് വിജയങ്ങളുടെ ക്രെഡിറ്റ് മാത്രമേ ഏറ്റെടുക്കൂ എന്നതുകൊണ്ടല്ലെന്നും നിങ്ങളെ നിരാശപ്പെടുത്താന്‍ ആഗ്രഹമില്ലാത്തുകൊണ്ടാണെന്നും നെയ്മര്‍ പറഞ്ഞു. വിനയമില്ലാതെ പെരുമാറുന്നത് താന്‍ ചീത്ത കുട്ടിയായതുകൊണ്ടല്ലെന്നും നിരാശ എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാത്തതുകൊണ്ടാണെന്നും നെയ്മര്‍ വിശദീകരിച്ചു.

"ചിലപ്പോള്‍ എന്‍റ കളിയുടെ ശൈലി ലോകത്തെ ആനന്ദിപ്പിക്കുന്നു. ചിലപ്പോള്‍ ആളുകള്‍ക്ക് വെറുപ്പ് തോന്നുന്നു. ഞാന്‍ വല്ലാതെ വീഴുന്നുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. ശസ്ത്രക്രിയ ചെയ്ത എന്‍റെ കാല്‍ എന്നെ വേദനിപ്പിക്കുകയാണ്".

വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നും നെയ്മര്‍ വ്യക്തമാക്കി. കണ്ണാടിയില്‍ തന്നെത്തന്നെ കാണാനും പുതിയ മനുഷ്യനാവാനും സമയമെടുത്തു. വീണു, പക്ഷേ വീണവന് മാത്രമേ സ്വയം എഴുന്നേല്‍ക്കാനാവൂ എന്നും നെയ്മര്‍ പറഞ്ഞു.

"നിങ്ങള്‍ക്ക് എന്‍റെ നേരെ കല്ലെറിയുന്നത് തുടരാം. അല്ലെങ്കില്‍ കല്ല് ദൂരെ എറിഞ്ഞ് എന്നെ എഴുന്നേല്‍ക്കാന്‍ സഹായിക്കാം. ഞാന്‍ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ ബ്രസീല്‍ മുഴുവന്‍ എനിക്കൊപ്പം എഴുന്നേറ്റുനില്‍ക്കും", ഇങ്ങനെയാണ് വീഡിയോ അവസാനിക്കുന്നത്.

Related Tags :
Similar Posts