പി.വി. സിന്ധു ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഏഴാമത്തെ വനിതാ കായികതാരം
|അന്താരാഷ്ട്ര മാധ്യമമായ ഫോബ്സ് പുറത്തിറക്കിയ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വനിതാ കായിക താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ബാറ്റ്മിന്റൺ താരം പി.വി സിന്ധു ഏഴാം സ്ഥാനത്ത്. പ്രശസ്ത ടെന്നീസ് താരം സെറീന വില്യംസാണ് പട്ടികയിൽ ഒന്നാമത്. സിന്ധുവിന് മുകളിലുള്ള ആറ് പേരും ടെന്നീസ് താരങ്ങളാണ്. 2016 ൽ നടന്ന ഒളിമ്പിക്സിൽ ബാറ്റ്മിന്റൺ വിഭാത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കൈവരിച്ചതോടെയാണ് സിന്ധുവിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ച് തുടങ്ങിയത്. അതിന്ശേഷം വിവിധ ഉത്പന്നങ്ങളുടെ പരസ്യങ്ങൾ മുതൽ പല വരുമാന മാർഗങ്ങളും സിന്ധുവിനെ തേടിയെത്തി.
ഫോബ്സിന്റെ കണക്കനുസരിച്ച് 2017 ജൂൺ മുതൽ സിന്ധു 8.5 മില്യൺ ഡോളർ നേടിക്കഴിഞ്ഞു. 23 തവണ ഗ്രാന്റ് സ്ലാം ജേതാവായ സെറീന വില്യംസ് 18 മില്യൺ ഡോളർ നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ടെന്നീസിലെ ഇപ്പോഴത്തെ ലോക ഒന്നാം നമ്പർ താരം സിമോണ ഹെലിക്കിനേക്കാളും മുന്നിലാണ് സിന്ധുവിന്റെ സ്ഥാനം.
നിലവിൽ ബാറ്റ്മിന്റൺ ലോക മൂന്നാം നമ്പർ താരമാണ് സിന്ധു. കഴിഞ്ഞ വർഷം സ്പെയ്ന്റെ കരോളിന മറിനെതിരെ ലോക ചാമ്പ്യൻഷിപ്പ് തോറ്റതോടെ സിന്ധുവിന് നേരെ വൻ വിമർശനങ്ങളുയർന്നിരുന്നു. കോമൺവെൽത്ത് ഗെയിംസ് ഫൈനലിൽ സൈന നെഹ്‍വാളിനോടും സിന്ധു പരാജയപ്പെട്ടിരുന്നു. എന്നാൽ തോൽവികളെ പോസിറ്റീവ് ആയാണ് താൻ കാണുന്നതെന്നും പട്ടികയിൽ ഇടം നേടാനായതിൽ സന്തോഷമുണ്ടെന്നും സിന്ധു പ്രതികരിച്ചു.