Sports
ഈ 20കാരനില്‍ ഇന്ത്യക്ക് ഒളിംപിക്‌സ് മെഡല്‍ സ്വപ്‌നം കാണാം
Sports

ഈ 20കാരനില്‍ ഇന്ത്യക്ക് ഒളിംപിക്‌സ് മെഡല്‍ സ്വപ്‌നം കാണാം

Web Desk
|
28 Aug 2018 5:54 AM GMT

ദേശീയതലത്തിലും ഏഷ്യയിലും വെല്ലുവിളികളില്ലാത്ത നീരജ് ചോപ്രയുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ. ഇന്ത്യക്കായി ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് മെഡല്‍ ഈ 20കാരന്‍ നേടുമെന്ന് ഉറപ്പിക്കാം.

ഇന്ത്യക്കാര്‍ അന്താരാഷ്ട്ര കായികവേദികളില്‍ എടുത്തുപറയത്തക്ക പ്രകടനങ്ങള്‍ നടത്തിയിട്ടില്ലാത്ത ഇനമാണ് ജാവലിന്‍ത്രോ. ഈയിനത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു കായികതാരമായി നീരജ് ചോപ്രയെന്ന ഇരുപതുകാരന്‍ ഉദിച്ചുയരുന്നത്. 'തലമുറയിലെ പ്രതിഭ' എന്നാണ് മുന്‍ പരിശീലകനായിരുന്ന ഗാരി കല്‍വെര്‍ട്ട് നീരജിനെ വിശേഷിപ്പിച്ചത്. ഇപ്പോള്‍ തന്നെ ദേശീയതലത്തിലും ഏഷ്യയിലും വെല്ലുവിളികളില്ലാത്ത ഈ യുവാവിന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നേയുള്ളൂവെന്ന് ഉറപ്പ്.

88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയത്. ഒരു ഇന്ത്യക്കാരന്‍ ആദ്യമായാണ് ജാവലിന്‍ ത്രോയില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടുന്നത്. നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരവും ഈ ദേശീയറെക്കോഡ് പ്രകടനം തന്നെ. ദോഹയില്‍ ഈ വര്‍ഷം നടന്ന ഡയമണ്ട് ലീഗില്‍ എറിഞ്ഞ 87.43 മീറ്ററായിരുന്നു ഇതുവരെയുള്ള മികച്ച ദൂരം. പ്രകടനത്തിലെ സ്ഥിരതയാണ് നീരജ് ചോപ്രയുടെ ഏറ്റവും വലിയ പ്രത്യേകത. ഏഴ് തവണയാണ് 85 മീറ്ററിലേറെ അദ്ദേഹം ജാവലിന്‍ എറിഞ്ഞത്.

ये भी पà¥�ें- ജാവലിനില്‍ പുതുചരിത്രം രചിച്ച് നീരജ്, ലോങ്ജംപില്‍ നീനക്ക് വെള്ളി

ये भी पà¥�ें- ഏഷ്യാഡിന് മുമ്പ് സുവര്‍ണ്ണ കുതിപ്പുമായി നീരജ് ചോപ്ര

ജാവലിന്‍ താരങ്ങളിലെ മികച്ച പ്രകടനം പുറത്തുവരിക അവരുടെ 20കളുടെ അവസാനത്തിലും 30കളുടെ തുടക്കത്തിലുമാണെന്നാണ് കണക്കുകള്‍ പറയുന്നത്. ആ കണക്കും 20കാരനായ നീരജിന് അനുകൂലമാണ്. മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്ജ് പറഞ്ഞതുപോലെ, 'ഇന്ത്യയുടെ ഏറ്റവും മികച്ച അത്‌ലറ്റുകളിലൊരാളാണ് ഇപ്പോള്‍ തന്നെ നീരജ് ചോപ്ര. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ'. അഞ്ജുബോബി ജോര്‍ജ്ജിന്റെ വാക്കുകളെ തെളിയിച്ചുകൊണ്ടിരിക്കുന്ന പ്രകടനങ്ങളാണ് നീരജ് ചോപ്ര നടത്തിക്കൊണ്ടിരിക്കുന്നത്.

ജര്‍മ്മനിയുടെ തോമസ് റോഹ്‌ലര്‍ 90.30 മീറ്റര്‍ എറിഞ്ഞാണ് 2016ലെ റിയോ ഒളിംപിക്‌സില്‍ ജാവലിന്‍ സ്വര്‍ണ്ണം നേടിയത്. 20 വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ മികച്ച ദൂരം 80.79 മീറ്ററായിരുന്നു. റിയോയില്‍ വെള്ളി നേടിയ കെനിയന്‍ താരം ജൂലിയസ് യേഗോ ചോപ്രയുടെ പ്രായത്തില്‍ 75.44 മീറ്റര്‍ വരെയാണ് പരമാവധി എറിഞ്ഞത്. അതുകൊണ്ടുതന്നെയാണ് നീരജ് ചോപ്ര ഒരിന്ത്യക്കാരനും ഇതുവരെ മറികടന്നിട്ടില്ലാത്ത 90 മീറ്ററിലേറെ എറിയുമെന്ന് പറയുമ്പോള്‍ അസ്വാഭാവികമായി ഒന്നും തോന്നാത്തതും.

2016ലെ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പതിനെട്ടാം വയസില്‍ സ്വര്‍ണ്ണം നേടിയശേഷം പാനിപ്പത്തുകാരനായ നീരജ് ചോപ്രയുടെ കരിയര്‍ മുകളിലേക്ക് മാത്രമാണ് വളര്‍ന്നിട്ടുള്ളത്. നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണ് 2018. പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ ദേശീയ റെക്കോഡ്(85.94 മീറ്റര്‍) സ്വന്തം പേരിലേക്ക് മാറ്റിയെഴുതിക്കൊണ്ടായിരുന്നു തുടക്കം. കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഈ റെക്കോഡ് 86.47 മീറ്ററാക്കി ഉയര്‍ത്തി. പിന്നീട് ദോഹയിലെ ഡയമണ്ട് ലീഗില്‍ 87.43 മീറ്ററെറിഞ്ഞപ്പോഴും റെക്കോഡ് വഴിമാറി. ഇപ്പോഴിതാ ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും റെക്കോഡ് തിരുത്തുന്ന പ്രകടനം നീരജ് നടത്തിയിരിക്കുന്നു. ഏഷ്യന്‍ ഗെയിംസില്‍ കാര്യമായ വെല്ലുവിളികള്‍ പോലും നീരജിന് നേരിടേണ്ടി വന്നിരുന്നില്ല.

ദേശീയ പരിശീലകനായ ഉവെ ഹോനാണ് നീരജ് ചോപ്രയേയും പരിശീലിപ്പിക്കുന്നത്. ജാവലിന്റെ ചരിത്രത്തില്‍ 100 മീറ്ററിലേറെ എറിഞ്ഞ ഏക താരമാണ് ഉവെ ഹോന്‍. നീരജ് ചോപ്രയുടെ അടുത്ത ലക്ഷ്യം 90മീറ്റര്‍ ക്ലബാണ്. പിന്നെ 2020ലെ ടോക്യോ ഒളിംപിക്‌സും. ഈ ഫോം തുടര്‍ന്നാല്‍ ഇന്ത്യക്കായി ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് മെഡല്‍ ഈ 20കാരന്‍ നേടുമെന്ന് ഉറപ്പിക്കാം.

Related Tags :
Similar Posts