ഏഷ്യന്‍ ഗെയിംസ്: പത്താം ദിനം ഒന്‍പത് മെഡലുകളുമായി ഇന്ത്യന്‍ കുതിപ്പ്
|പുരുഷന്മാരുടെ 800 മീറ്ററില്‍ സ്വര്‍ണവും വെളളിയും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. മന്‍ജിത്ത് സിങാണ് സ്വര്‍ണം നേടിയത്.
ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ ഒരു സ്വര്‍ണവും ആറ് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ഒന്‍പത് മെഡലുകളുമായി ഇന്ത്യന്‍ കുതിപ്പ്. പുരുഷന്മാരുടെ 800 മീറ്ററില്‍ സ്വര്‍ണവും വെളളിയും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. മന്‍ജിത്ത് സിങാണ് സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സനാണ് വെള്ളി. മലയാളി താരം മുഹമ്മദ് അനസ് ഉള്‍പ്പെട്ട ടീം മിക്സഡ് റിലേയില്‍ വെള്ളി നേടി.
800 മീറ്ററില്‍ സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിച്ച മലയാളി താരം ജിന്‍സണ്‍ ജോണ്‍സനെ അവസാന ലാപ്പില്‍ പിന്തള്ളിയാണ് മന്‍ജിത്ത് സിങ് സ്വര്‍ണം നേടിയത്. ഗെയിംസില്‍ ഇന്ത്യയുടെ ഒന്‍പതാം സ്വര്‍ണ നേട്ടമാണിത്. ജിന്‍സണ്‍ ജോണ്‍സന് 1500 മീറ്റര്‍ മത്സരം ബാക്കിയുണ്ട്. മലയാളി താരം മുഹമ്മദ് അനസ്, എം.ആര്‍ പൂവമ്മ, ഹിമാ ദാസ്, അരോക്യ രാജീവ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് 4x400 മീറ്റര്‍ മിക്സഡ് റിലേയില്‍ വെള്ളി നേടിയത്. ബഹറൈനാണ് ഈ ഇനത്തില്‍ സ്വര്‍ണം.
വനിതകളുടെ ബാഡ്മിന്റണില്‍ സ്വര്‍ണ പ്രതീക്ഷയുമായി ഇറങ്ങിയ പി വി സിന്ധു ഫൈനലില്‍ നിലവിലെ ഒന്നാം സീഡായ തായ്‍ലാണ്ടുകാരി തായ് സൂ യിങിനോട് തോറ്റു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. ഫൈനലില്‍ തോറ്റെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ആദ്യ വെള്ളി മെഡല്‍ നേടുന്ന താരമായി സിന്ധു.
അമ്പെയ്ത്തില്‍ പുരുഷ വനിതാ ടീമുകളും വെള്ളി നേടി. ഇരു ടീമുകളും ദക്ഷിണ കൊറിയയോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്. വനിതകളുടെ കുറാഷ് 52 കിലോ വിഭാഗത്തില്‍ പിങ്കി ബല്‍ഹാരക്ക് വെള്ളിയും മാലപ്രഭാ ജാദവ് വെങ്കലവും നേടി. ടേബിള്‍ ടെന്നീസില്‍ സെമിയില്‍ തോറ്റെങ്കിലും വെങ്കലവും നേടി പുരുഷ ടീം ചരിത്ര നേട്ടം സ്വന്തമാക്കി. വനിതകളുടെ 100 മീറ്ററിലെ വെള്ളി മെഡല്‍ ജേതാവ് ദ്യുതിചന്ദ് 200 മീറ്ററില്‍ ഫൈനലിലെത്തിയതും ഇന്ത്യക്ക് നേട്ടമായി. അതേസമയം 400 മീറ്ററില്‍ വെള്ളി നേടിയ ഹിമദാസ് ഫൌള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് 200 മീറ്ററില്‍ അയോഗ്യയായി പുറത്തായി. ഗെയിംസില്‍ ഒന്‍പത് സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലും ഉള്‍പ്പെടെ 50 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.