ബ്ലാസ്റ്റേഴ്സ് ഹോം മത്സരത്തിന്റെ ആദ്യ ടിക്കറ്റുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക്
|പ്രളയക്കെടുതിയെ അതിജീവിക്കുന്നതിന് സംസ്ഥാനത്തിനൊപ്പം ചേര്‍ന്ന് മലയാളികളുടെ സ്വന്തം ടീം കേരളാ ബ്ലാസ്റ്റേഴ്സും. മത്സ്യതൊഴിലാളികള്‍ക്ക് ആദ്യ ഹോം മത്സരത്തിന്റെ ടിക്കറ്റുകള്‍ വിതരണം ചെയ്തു
പ്രളയക്കെടുതിയെ അതിജീവിക്കുന്നതിന് സംസ്ഥാനം നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പം ചേര്‍ന്ന് മലയാളികളുടെ സ്വന്തം ടീം കേരളാ ബ്ലാസ്റ്റേഴ്സും. സംസ്ഥാനത്തിന്റെ അഭിമാനമായി മാറിയ മത്സ്യ തൊഴിലാളികള്‍ക്ക് ആദ്യ ഹോം മത്സരത്തിന്റെ ടിക്കറ്റുകള്‍ വിതരണം ചെയ്തു കൊണ്ടാണ് ടീം നാടിന്റെ അതിജീവനശ്രമങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
പ്രളയാനന്തരം കേരളം നടത്തുന്ന അതിജീവന ശ്രമങ്ങള്‍ക്ക് കരുത്ത് നല്‍കുന്നതാണ് മഞ്ഞപ്പടയുടെ തീരുമാനം. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള പന്ത്രണ്ടു മത്സ്യത്തൊഴിലാളികൾക്ക് ടിക്കറ്റ് നല്കി വിതരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. മത്സ്യതൊഴിലാളികള്‍ക്ക് ടിക്കറ്റ് നല്‍കുക മാത്രമല്ല രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാ മേഖലകളില്‍ നിന്നുള്ളവരെയും മത്സര ദിവസങ്ങളില്‍ ആദരിക്കുമെന്നും ടീം മാനേജ്മെന്റ് വ്യക്തമാക്കി.
അടുത്ത മാസം അഞ്ചിന് മുബൈയ് സിറ്റി എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം, ഈ സീസണ് മുതല്‍ പേപ്പര്‍ ടിക്കറ്റുകള്‍ പൂര്‍ണമായി ഒഴിവാക്കും. പകരം ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വഴിയാവും കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. കേരളാ ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുണ്‍ ത്രിപുനേനി, ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ എം ഐ മേത്തർ, തോമസ് മുത്തൂറ്റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.