Sports
‘ഒളിമ്പിക്സില്‍ ഇന്ത്യയുടെ റെക്കോഡുകള്‍ ചെറുതായിരിക്കാം.. പക്ഷെ, ഇനി അങ്ങനെയാവില്ല’: യൂത്ത് ഒളിമ്പിക്സ് ടോക്യോയിലേക്കുള്ള മുന്നൊരുക്കമോ ?
Sports

‘ഒളിമ്പിക്സില്‍ ഇന്ത്യയുടെ റെക്കോഡുകള്‍ ചെറുതായിരിക്കാം.. പക്ഷെ, ഇനി അങ്ങനെയാവില്ല’: യൂത്ത് ഒളിമ്പിക്സ് ടോക്യോയിലേക്കുള്ള മുന്നൊരുക്കമോ ?

Web Desk
|
15 Oct 2018 9:33 AM GMT

ചരിത്രം സംഖ്യകളുടെ വീക്ഷണത്തില്‍ പരിശോധിച്ചാല്‍ 2020 ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്ന നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമായിരിക്കാം

സംഖ്യകളെ ആശ്രയിച്ച് ഒരിക്കലും ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. പക്ഷെ, ബ്യൂണസ് ഐറിസില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്സ് മുന്നോട്ട് വെക്കുന്ന സ്ഥിരവിവര കണക്കുകള്‍ ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് പ്രതീക്ഷയേകുന്ന പ്രവചനങ്ങള്‍ക്ക് വഴിയൊരുക്കുന്നു. കാരണം, താരതമ്യങ്ങള്‍ പറയുന്ന കഥകള്‍ അങ്ങനെയാണ്. 2014 യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യക്ക് നേടാനായത് രണ്ട് മെഡലുകള്‍ മാത്രമാണ്. ഇത്രയും തന്നെയാണ് 2016ലെ റയോ ഒളിമ്പിക്സിലും ഇന്ത്യയുടെ സമ്പാദ്യം. ചരിത്രം സംഖ്യകളുടെ വീക്ഷണത്തില്‍ പരിശോധിച്ചാല്‍ 2020 ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്ന നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമായിരിക്കാം.

2012 മുതല്‍ 2016 വരെയുള്ള കാലഘട്ടം ഇന്ത്യന്‍ കായിക രംഗത്തെ സംബന്ധിച്ച് അത്ര നല്ല സമയമായിരുന്നില്ല. കായിക മന്ത്രാലയത്തില്‍ നിന്നും കായിക അതോരിറ്റിയില്‍ നിന്നും ലഭിക്കുന്ന ഫണ്ടുകള്‍ പ്രായോഗികമായ രീതിയില്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ അന്ന് നിലവിലില്ലാത്തത് ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു. പരിശീലന മേഖല അനുചിതമല്ലായിരുന്നു. വ്യക്തിഗതമായ അസാമാന്യ കഴിവുകളും ഭാഗ്യവും സമന്വയിക്കുമ്പോള്‍ മാത്രം പിറക്കുന്ന താരങ്ങളുടെ പ്രകടനങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു കായിക ലോകം ഇന്ത്യയെ നോക്കി കണ്ടിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തിന് മാറ്റം വന്നിരിക്കുകയാണ്. ഇതിന് ഉത്തമോദാഹരമാണ് ഷൂട്ടിങ്ങിലെ യൂത്ത് ഒളിമ്പിക്സ് മെഡല്‍ നേട്ടങ്ങള്‍. ഷൂട്ടിങ്ങ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും പങ്കെടുത്ത നാല് പേരും മെഡല്‍ നേടി. രണ്ട് പേര്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ രണ്ട് പേര്‍ക്ക് വെള്ളിയില്‍ തൃപ്തിപ്പെടേണ്ടി വന്നു എന്ന് മാത്രം. ഏതെങ്കിലും ഒരാള്‍ക്ക് ലഭിക്കുന്ന മെഡല്‍ നേട്ടത്തില്‍ നിന്ന് ഒരുപാട് നേട്ടങ്ങളിലേക്കുള്ള ദൂരം നിശ്ചയിക്കുന്നത് ഇന്ന് ഇന്ത്യയില്‍ പരിശീലനത്തിനായി ലഭിക്കുന്ന സാങ്കേതികതകള്‍ കൂടിയാണ്.

ഈ മാറ്റങ്ങള്‍ ഫലം കാണുന്നുമുണ്ട്. അഭിനന്ദ് ബിന്ദ്രയുടെ ഷൂട്ടിങ് പരിശീലീനത്തിനായി മാതാപിതാക്കള്‍ വീട്ടില്‍ തന്നെ ഒരു റേഞ്ച് സ്ഥാപിക്കേണ്ടി വന്നത് പോലെ ഇന്ത്യയില്‍ ഇനി ഒരു രക്ഷിതാക്കള്‍ക്കും ചെയ്യേണ്ടി വരില്ല. ലോകോത്തര നിലവാരത്തില്‍തന്നെ മനു ബക്കറിനും സൌരബ് ചൌദരിക്കും ഷാഹു മാനെക്കും മെഹുലി ഘോഷിനുമെല്ലാം പട്യാലയിലെ സ്പോര്‍ട്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഷൂട്ടിങ് പരിശീലിക്കാം. മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതകള്‍ ഷൂട്ടിങില്‍ ഇന്ത്യയുടെ വിവിധ മെഡല്‍ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഷൂട്ടിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ച അപൂര്‍വി ചണ്ടേലയും അഞ്ചും മൌഡ്ഗിലും ഒളിമ്പിക് ടിക്കറ്റുകള്‍ ഉറപ്പിച്ച് കഴിഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണം നേടിയതിന് ശേഷം ലോക റെക്കോഡോടെയാണ് സൌരബ് ചൌദരി യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നേടിയത്.

ഇന്ത്യന്‍ കായിക രംഗത്തുണ്ടായ മാറ്റങ്ങള്‍ ഷൂട്ടിങ്ങില്‍ മാത്രമായി ഒതുങ്ങുന്നില്ല. യൂത്ത് ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായി വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സ്വര്‍ണ്ണ നേട്ടം കൈവരിക്കാനായതും ജൂഡോയില്‍ വള്ളിയും ടേബിള്‍ ടെന്നീസില്‍ വെങ്കലം ലഭിച്ചതുമെല്ലാം പ്രതീക്ഷയുടെ നാമ്പുകള്‍ മുളപ്പിക്കുന്നു. യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണ മെഡല്‍ നേട്ടം സമ്മാനിച്ച ജെറമി ലാല്‍റിന്നുഗ തീര്‍ചയായും 2024 ഒളിമ്പിക്സിലേക്കുള്ള വാഗ്ദാനമാണ്. റിമ ദാസ്, നീരജ് ചോപ്ര എന്നിവരും 2020 ടോക്യോ ഒളിമ്പിക്സിന്‍റെ മെഡല്‍ പ്രതീക്ഷകളാണ്.

ഇനിയുള്ള രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് 2020നായി താരങ്ങളെ ഇന്ത്യക്ക് എങ്ങനെയെല്ലാം സജ്ജരാക്കാന്‍ സാധിക്കും.? അത് എത്രമാത്രം ശരിയായ ദിശയില്‍ അവരെ നയിക്കാന്‍ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. കഴിവിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ കായിക രംഗം ശക്തമാണ് എന്നതില്‍ യാതൊരു സംശയവുമില്ല. മനു ബക്കറും സൌരബ് ചൌദരിയും അവരുടെ ഈ പ്രായത്തില്‍ പുറത്തെടുത്ത പ്രകടനങ്ങള്‍ അസാമാന്യമാണ്. പക്ഷെ, രണ്ട് വര്‍ഷം കൊണ്ട് അവരുടെ ശരീര പ്രകൃതിയില്‍ വരുന്ന മാറ്റങ്ങള്‍ പോലും അവരുടെ പ്രകടനത്തെ പ്രതികൂലമായും അനുകൂലമായും പര്യവസാനിക്കാനുള്ള സാധ്യതകളുണ്ട്.

കായികരംഗം ചലനത്തിന്‍റെയും സ്ഥിര നിലവാരത്തിന്‍റെയും പ്രക്രിയയാണ്. 2020നായി ആരെല്ലാം എന്ന ചോദ്യത്തിന് ഇപ്പോള്‍ തന്നെ ഇന്ത്യ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ലക്ഷണങ്ങള്‍ പ്രതികൂലമാണ്. ഒരു പക്ഷെ, യൂത്ത് ഒളിമ്പിക്സില്‍ ആരംഭിച്ചിരിക്കുന്ന ഈ പുതിയ വിപ്ലവം ഇന്ത്യയുടെ കായിക പാരമ്പര്യത്തെ തന്നെ മാറ്റിമറിച്ചേക്കാം..

Similar Posts