യുവേഫ ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് ജയം
|ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡിനെ തോൽപ്പിച്ചത്. വിക്ടോറിയ പ്ലാസനെ ഒന്നിനെതിരെ രണ്ട് ഗോളിന് റയൽ മാഡ്രിഡും തോൽപ്പിച്ചു.
യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ യുവന്റസിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡിനെ തോൽപ്പിച്ചത്. വിക്ടോറിയ പ്ലാസനെ ഒന്നിനെതിരെ രണ്ട് ഗോളിന് റയൽ മാഡ്രിഡും തോൽപ്പിച്ചു. മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയും ബയേണും വിജയം കണ്ടു. ബാഴ്സലോണ, ലിവർപൂൾ, പി.എസ്.ജി തുടങ്ങിയ വമ്പന്മാർക്ക് ഇന്ന് മത്സരമുണ്ട്.
വലിയ ഒരിടവേളക്ക് ശേഷം പഴയ തട്ടകമായ ഓൾഡ് ട്രാഫോഡിലേക്ക് റൊണാൾഡോ എത്തുന്നതായിരുന്നു യുണൈറ്റഡ് - യുവൻറസ് മത്സരത്തിന്റെ പ്രത്യേകത. എന്നാൽ മുൻ ടീമിനെതിരെ ലക്ഷ്യം കാണാൻ സൂപ്പർ താരത്തിനായില്ല. പക്ഷെ പൗലോ ഡിബാല പതിനേഴാം മിനിറ്റിൽ നേടിയ ഗോളിലൂടെ യുവൻറസ് റെഡ് ഡെവിൾസിനെ വീഴ്ത്തി റോണോയുടെ തിരിച്ചു വരവിനെ ഗംഭീരമാക്കി. തുടർച്ചയായ തിരിച്ചടികളിൽ നിന്ന് ആശ്വാസം പകരുന്നതായി വിക്ടോറിയ പ്ലാസനെതിരായ റയലിന്റെ ജയം. ബെൻസേമയും മാഴ്സലോയുമാണ് റയലിന്റെ വിജയശിൽപികൾ.
ജാവി മാർട്ടിനസിന്റെയും ലവൻഡോവ്സ്കിയുടെയും ഗോളിൽ ബയേൺ എ ഇ കെ ഏതൻസിനെയും തോൽപ്പിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി ഷാക്തറിനെ തകർത്തത്. മറ്റു മത്സരങ്ങളിൽ എഎസ് റോമ - സി.എസ്.കെ മോസ്കോയെ തോൽപ്പിച്ചപ്പോൾ വലൻസിയ - യങ്ങ് ബോയ്സ് മത്സരം സമനിലയിൽ പിരിഞ്ഞു. ഇന്ന് ബാഴ്സലോണ - ഇന്റർ മിലാനെയും ലിവർപൂൾ - റെഡ്സ്റ്റാർ ബെൽഗ്രേഡിനെയും നേരിടും. പിഎസ്ജി - നാപ്പോളി മത്സരവും അത് ലറ്റികോ മാഡ്രിഡ്- ബൊറൂസിയ ഡോട്ട്മുണ്ട് മത്സരവും ഇന്ന് നടക്കും.