ഇന്ത്യയില്‍ ജീവിക്കേണ്ടെന്ന പരാമര്‍ശം; വിശദീകരണവുമായി കോഹ്‍ലി
|ഒരു ആരാധകന്‍റെ പ്രതികരണത്തിന് കോഹ്‍ലി നല്‍കിയ മറുപടിയാണ് രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയത്.
മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങളെയാണ് ഇഷ്ടമെങ്കില്‍ ഇന്ത്യയില്‍ ജീവിക്കേണ്ടെന്ന് പറഞ്ഞ് പുലിവാല് പിടിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി നിലപാട് മയപ്പെടുത്തി. ട്വിറ്ററിലാണ് കോഹ്‍ലി വിശദീകരണവുമായി എത്തിയത്.
"ഞാന്‍ ട്രോള്‍ ചെയ്യാറില്ല. ട്രോള്‍ ചെയ്യപ്പെടുന്നത് എനിക്ക് ശീലമാണ്. ആ ആരാധകന്‍റെ പ്രതികരണത്തില്‍ 'ഈ ഇന്ത്യന്‍ താരങ്ങള്‍' എന്നുണ്ടായിരുന്നു. ആ പരാമര്‍ശത്തിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. അതേസമയം തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. ഈ ഉത്സവകാലം ആസ്വദിക്കൂ. എല്ലാവരോടും സ്നേഹം", എന്നാണ് കോഹ്‍ലിയുടെ പ്രതികരണം.
ഒരു ആരാധകന്‍റെ പ്രതികരണത്തിന് കോഹ്‍ലി നല്‍കിയ മറുപടിയാണ് രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയത്. "നിങ്ങളൊരു അമിത പ്രാധാന്യം ലഭിച്ച ബാറ്റ്‌സ്മാനാണ്. നിങ്ങളുടെ ബാറ്റിങില്‍ എനിക്ക് ഒരു പ്രത്യേകതയും തോന്നിയിട്ടില്ല. ഇന്ത്യന്‍ കളിക്കാരുടെ ബാറ്റിങിനെക്കാള്‍ എനിക്ക് ഇംഗ്ലീഷ്, ആസ്‌ട്രേലിയന്‍ കളിക്കാരുടെ ബാറ്റിങാണ് ഇഷ്ടം" എന്നായിരുന്നു ആരാധകന്‍റെ ട്വീറ്റ്.
ഇതിന് കൊഹ്‍ലി നല്‍കിയ മറുപടി ഇങ്ങനെ: "ആയിക്കോട്ടെ, നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ മറ്റെവിടെയെങ്കിലും പോയി ജീവിക്കൂ. മറ്റു രാജ്യങ്ങളെ സ്‌നേഹിച്ചു എന്തിനാണ് നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ജീവിക്കുന്നത്? നിങ്ങള്‍ക്ക് എന്നെ ഇഷ്ടമല്ലെങ്കില്‍ അത് എനിക്കൊരു പ്രശ്നമല്ല. പക്ഷേ, ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റുള്ളവരെ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല".
പിന്നാലെ മറ്റ് രാജ്യങ്ങളിലെ ഇഷ്ട താരങ്ങളെ കുറിച്ചുള്ള കോഹ്‍ലിയുടെ പഴയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. 2008ല്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ വീഡിയോയില്‍ കോഹ്‌ലി തന്നെ പരിചയപ്പെടുത്തുന്നതിനിടെ ഇഷ്ടപ്പെട്ട താരം ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷല്‍ ഗിബ്ബ്‌സ് ആണെന്നാണ് പറയുന്നത്. കോഹ്‍ലിയുടെ തന്നെ അഭിപ്രായം പരിഗണിച്ചാല്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് പോകട്ടെയെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം.