Sports
ബജ്രംഗ് പുനിയ 65 കിലോഗ്രാം ഗുസ്തിയില്‍ ലോക ഒന്നാം റാങ്കില്‍
Sports

ബജ്രംഗ് പുനിയ 65 കിലോഗ്രാം ഗുസ്തിയില്‍ ലോക ഒന്നാം റാങ്കില്‍

Web Desk
|
10 Nov 2018 2:32 PM GMT

“ഒന്നാം റാങ്കില്‍ തുടരാന്‍ കഠിന പരിശ്രമം നടത്തും. അടുത്തവര്‍ഷം ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിക്കൊണ്ട് ഒന്നാം റാങ്കിലെത്താനാണ് ശ്രമിക്കുക’’

ഗുസ്തിയില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ ലോക ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബജ്രംഗ് പുനിയ. ഏഷ്യന്‍ ഗെയിംസിലും കോമണ്‍ വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണവും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും അടക്കം ഈ സീസണില്‍ അഞ്ച് മെഡലുകള്‍ ബജ്രംഗ് പുനിയ നേടിയിട്ടുണ്ട്. 96 പോയിന്റോടെയാണ് 24കാരനായ ബജ്രംഗ് യുണൈറ്റഡ് വേള്‍ഡ് റസ്ലിംങ് റാങ്കിംങില്‍ ഒന്നാമനായത്.

ഈ സന്തോഷത്തിന്റെ നിമിഷത്തിലും ചെറിയൊരു നിരാശയുള്ള കാര്യവും ബജ്രംഗ് പുനിയ മറച്ചുവെക്കുന്നില്ല 'ഏതൊരുകായികതാരത്തിനും തങ്ങളുടെ ഇനത്തില്‍ ലോകത്തില്‍ ഒന്നാമതെത്താന്‍ ആഗ്രഹമുണ്ടാകും. പക്ഷേ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണത്തോടെ ഈ നേട്ടം കൈവരിച്ചിരുന്നെങ്കില്‍ കൂടുതല്‍ സന്തുഷ്ടനായേനേ. എന്നാലും ഒന്നാം റാങ്കില്‍ തുടരാന്‍ കഠിന പരിശ്രമം നടത്തും. അടുത്തവര്‍ഷം ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിക്കൊണ്ട് ഒന്നാം റാങ്കിലെത്താനാണ് ശ്രമിക്കുക' എന്നായിരുന്നു ബജ്രംഗിന്റെ പ്രതികരണം.

രണ്ടാം സ്ഥാനത്തുള്ള ക്യൂബക്കാരന്‍ തോയിബര്‍ക്ക് 66 പോയിന്റ് മാത്രമാണുള്ളത്. റഷ്യയുടെ അഹ്മദ് ചകാവേ(62 പോയിന്റ്), ലോക ചാമ്പ്യന്‍ തകുതോ ഒട്ടോഗുറോ(56) എന്നിവരാണ് തുടര്‍ന്നുള്ള റാങ്കുകളിലുള്ളത്. പുരുഷന്മാരുടെ വിഭാഗത്തില്‍ ആദ്യ പത്ത് റാങ്കുകളിലുള്ള ഏക ഇന്ത്യന്‍ ഗുസ്തിതാരമാണ് ബജ്രംങ്. അതേസമയം വനിതാ വിഭാഗത്തില്‍ നാല് ഇന്ത്യക്കാര്‍ ആദ്യ പത്തു റാങ്കുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. പൂജ ദന്ദ(57 കിലോ, ആറാം റാങ്ക്), റിതു ഫോഗട്ട് (50 കിലോ വിഭാഗം), സരിത മോര്‍(59 കിലോ, ഏഴാം റാങ്ക്), നവ്‌ജോത് കൗര്‍(68 കിലോ, ഒമ്പതാം റാങ്ക്), കിരണ്‍(76 കിലോ, ഒമ്പതാം റാങ്ക്).

കഠിനമായ പരിശ്രമവും കര്‍ശനമായ ചിട്ടകളുമാണ് ബജ്രംഗ് പുനിയയെ വ്യത്യസ്ഥനാക്കുന്നത്. ഇതുവരെ തിയേറ്ററില്‍ പോയി അദ്ദേഹം സിനിമ കണ്ടിട്ടില്ല. മുപ്പതിലേറെ രാജ്യങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി പോയിട്ടുണ്ടെങ്കിലും അവിടെ ചുറ്റിയടിക്കാനോ മറ്റ് ആഘോഷങ്ങള്‍ക്കോ പുനിയ ഇതുവരെ പോയിട്ടില്ല. മത്സരശേഷം വിശ്രമം പരിശീലനം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ രീതി.

Similar Posts