2028 ഒളിമ്പിക്സ് ഇന്ത്യയുടേതാണ്- രാജ്യവര്‍ദ്ധന സിങ് റാത്തോഡ്
|2024 ഒളിമ്പിക്സ് പാരീസിലും 2028ല്‍ ലോസ് എയ്ഞ്ചല്സിലുമാണ് നടക്കുന്നത്
2028 ഒളിമ്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടുന്ന രാജ്യങ്ങളിലൊന്നായി മാറുമെന്ന് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന സിങ് റാത്തോഡ്. കായിക മേഘലയില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയ വര്‍ഷമാണ് 2018 എന്നും അദ്ദേഹം പറഞ്ഞു.
2020ലെ ടോക്യോ ഒളിമ്പിക്സ് വലിയ പ്രതീക്ഷകളാണ് നല്‍കുന്നതെന്നും ഏറ്റവും നല്ല പ്രകടനങ്ങള്‍ തന്നെ കാഴ്ചവക്കുമെന്നും റാത്തോഡ് കൂട്ടിചേര്‍ത്തു. എത്ര മെഡലുകള്‍ നേടുമെന്നതിനെക്കുറിച്ച് പോലും ഞങ്ങള്‍ക്ക് ധാരണയുണ്ട്. എന്റെ ലക്ഷ്യം 2024 - 2028 ഒളിമ്പിക്സുകളാണെന്നും റാത്തോഡ് പറഞ്ഞു.
2024 ഒളിമ്പിക്സ് പാരീസിലും 2028ല്‍ ലോസ് എയ്ഞ്ചല്സിലുമാണ് നടക്കുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ താരങ്ങള്‍ കായിക രംഗത്ത് തങ്ങളുടേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ്, യൂത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിങ്ങനെ എല്ലാത്തിലും നാം അത് കണ്ടതുമാണെന്നും റാത്തോഡ് കൂട്ടിചേര്‍ത്തു.
റാത്തോഡിനെ സംബന്ധിച്ചെടുത്തോളം കായികം എന്നത് യുവാക്കള്‍ക്ക് ഒരു മുഴുനീളന്‍ കരിയറാണ്. കഴിഞ്ഞ മീറ്റുകളിലെ മെഡല്‍ ജേതാക്കള്‍ ഭാവിയിലെ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളാണ്.