Sports
ആറാം സ്വര്‍ണ്ണം നേടാന്‍ മേരികോം
Sports

ആറാം സ്വര്‍ണ്ണം നേടാന്‍ മേരികോം

Web Desk
|
24 Nov 2018 6:17 AM GMT

നാട്ടുകാര്‍ക്ക് മുന്നില്‍ റെക്കോഡ് സ്വര്‍ണനേട്ടത്തിലെത്താനുള്ള സുവര്‍ണ്ണാവസരമാണ് മേരി കോമിന് ലഭിച്ചിരിക്കുന്നത്.

ആറാം സ്വര്‍ണ്ണം നേടി ചരിത്രം കുറിക്കാന്‍ മേരി കോം ഇന്നിറങ്ങും. വനിതാ ലോകബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം തേടി മേരി കോമും സോണിയയും ഇന്നിറങ്ങുന്നു, 48 കിലോ വിഭാഗത്തില്‍ യുക്രെനിന്റെ ഹന്ന ഒഖോട്ടയാണ് മേരികോമിന്റെ എതിരാളി, ചാമ്പ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണമാണ് ഇന്ത്യന്‍ താരം ലക്ഷ്യമിടുന്നത്.

57 കിലോ വിഭാഗത്തിലാണ് സോണിയ ചഹല്‍ മത്സരിക്കുന്നത്. ജര്‍മനിയുടെ വാര്‍ണര്‍ ഓര്‍നെല്ലയാണ് എതിരാളി. ഉത്തരകൊറിയന്‍ എതിരാളിയെ 5-0ത്തിന്‍ തറപറ്റിച്ചാണ് 21കാരിയായ സോണിയ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സോണിയയുടെ പ്രഥമ ലോക ചാമ്പ്യന്‍ഷിപ്പാണിത്. വൈകീട്ട് നാല് മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.

ആറാം സ്വര്‍ണ്ണം നേടിയാല്‍ ബോക്‌സിംങില്‍ റെക്കോഡിനൊപ്പമെത്താന്‍ മേരികോമിനാകും. ബോക്‌സിംങ് ലോകചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരില്‍ ഫെലിക്‌സ് സവോണ്‍ മാത്രമാണ് ആറ് തവണ ലോക ചാമ്പ്യനായിട്ടുള്ളത്. 2006ല്‍ ന്യൂഡല്‍ഹിയില്‍ ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണം നേടിയ ശേഷം നാട്ടുകാര്‍ക്ക് മുന്നില്‍ സ്വര്‍ണ്ണം നേടാനുള്ള സുവര്‍ണ്ണാവസരമാണ് മേരി കോമിന് ലഭിച്ചിരിക്കുന്നത്.

'ഈ വര്‍ഷമാദ്യം പോളണ്ടില്‍ നടന്ന സിസിലിയന്‍ വുമണ്‍സ് ഓപണ്‍ ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ ഹന്നയെ തോല്‍പ്പിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് കൂടുതല്‍ അറിയാനും ജയിക്കാനുമാകും എതിരാളിയും ശ്രമിക്കുക. ഞങ്ങള്‍ ബോക്‌സര്‍മാര്‍ വിദ്യാര്‍ഥികളെ പോലെയാണ്. എതിരാളികളെക്കുറിച്ച് പഠിക്കുകയും കൂടുതല്‍ നന്നായി തയ്യാറെടുക്കുകയും ചെയ്യുന്നവര്‍ക്കായിരിക്കും ജയം' എന്നാണ് മത്സരത്തിന് മുമ്പ് മേരി കോം പ്രതികരിച്ചത്.

22കാരിയായ ഹന്നയും മേരികോമും തമ്മില്‍ 13 വയസിന്റെ വ്യത്യാസമാണുള്ളത്. യൂറോപ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവാണ് ഹന്ന. വനിതാ ബോക്‌സിംങിലെ ഇതിഹാസ താരമായ മേരി കോമുമായി മത്സരിക്കാന്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു ഹന്നയുടെ പ്രതികരണം.

Similar Posts