ഉറപ്പാണ് കോഹ്‍ലി; അര്‍ദ്ധ സെഞ്ച്വറിയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ നായകന്‍
|പത്ത് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്‍റെ റെക്കോർഡ് ആണ് ഇന്ത്യന്‍ നായകന്‍ മറികടന്നത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ട് നയിച്ച ക്യാപ്റ്റന്‍ കോഹ്‍ലിക്ക് റെക്കോര്‍ഡ് നേട്ടം. ഇന്ത്യന്‍ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ പുറത്താകാതെ നിന്ന നായകന്‍ കോഹ്‍ലി രണ്ട് റെക്കോര്‍ഡുകളുമായാണ് ഡ്രസിങ് റൂമിലെത്തിയത്.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ അര്‍ദ്ധ സെഞ്ച്വറികള്‍ നേടുന്ന താരമായി കോഹ്‍ലി മാറി. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയതിന് ശേഷം വിരാട് കോഹ്‍ലി നേടുന്ന പതിനൊന്നാം ടി20 ഫിഫ്റ്റിക്കാണ് നരേന്ദ്രമോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
പത്ത് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്‍റെ റെക്കോർഡ് ആണ് ഇന്ത്യന്‍ നായകന്‍ മറികടന്നത്. നിലവില്‍ 28 അന്താരാഷ്ട്ട്ര ടി20 ഫിഫ്റ്റികള്‍ സ്വന്തം പേരിലുള്ള കോഹ്‍ലി തന്നെയാണ് ഏറ്റവുമധികം അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ രാജ്യാന്തര താരവും.
അര്‍ദ്ധ സെഞ്ച്വറിയുടെ റെക്കോര്‍ഡിന് പിറകേ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവുമധികം ടി20 റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും കോഹ്‍ലി ഇന്ന് സ്വന്തമാക്കി. ആസ്ട്രേലിയയുടെ ടി20 ക്യാപ്റ്റനായ ആരോണ്‍ ഫിഞ്ചിന്‍റെ റെക്കോര്‍ഡാണ് കോഹ്‍ലി മറികടന്നത്. 44 മത്സരങ്ങളില്‍ നിന്ന് ആരോണ്‍ ഫിഞ്ച് 1462 റണ്‍സ് നേടിയപ്പോള്‍ 45 മത്സരങ്ങളില്‍ നിന്നായി കോഹ്‍ലി 1473 റണ്‍സാണ് നേടിയത്.