പ്രതാപകാലം ഓര്‍മിപ്പിച്ച് യുവരാജ് സിങും യൂസുഫ് പത്താനും; ഇന്ത്യ ലെജന്‍ഡ്സിന് മികച്ച സ്കോര്‍
|ലോക റോഡ് സുരക്ഷാ സീരിസിന്റെ ഫൈനലിൽ ഇന്ത്യ ലെഡന്ഡ്സിന് മികച്ച സ്കോർ.
ലോക റോഡ് സുരക്ഷാ സീരിസിന്റെ ഫൈനലിൽ ഇന്ത്യ ലെഡന്ഡ്സിന് മികച്ച സ്കോർ. തങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഫോമിലേക്കുയര്‍ന്ന ഇന്ത്യൻ ഇതിഹാസങ്ങൾ 20 ഓവറിൽ 181 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ബാറ്റിങ് ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ പതറിയെങ്കിലും യൂസുഫ് പത്താനും യുവരാജും വെടിക്കെട്ടു പ്രകടനം പുറത്തെടുത്തതോടെ സ്കോര്‍ബോര്‍ഡ് കുതിച്ചുയര്‍ന്നു. യുവരാജ് സിംഗ് 41 പന്തിൽ 60 റണ്‍സ് നേടിയപ്പോള്‍ യൂസുഫ് പത്താൻ 36 പന്തിൽ 62 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു ഫോറും നാലു സിക്സും ഉള്പ്പടെയായിരുന്ന യുവരാജിന്റെ വെടിക്കെട്ട് പ്രകടനം. അഞ്ചു സിക്സും നാലു ഫോറും അടിച്ചുകൂട്ടിയ യൂസുഫ് പത്താനും പവര്‍ഹിറ്റിങിന് ഒരു കുറവും വരുത്തിയില്ല. 10 റണ്‍സ് മാത്രം എടുത്ത് പുറത്തായ സെവാഗ് നിരാശപ്പെടുത്തിയപ്പോള്‍ 23 പന്തിൽ 30 റണ്‍സുമായി സച്ചിൻ തന്റെ ഫോം തുടർന്നു.
അവസാന ഓവറിൽ കളത്തിൽ എത്തിയ ഇർഫാൻ മൂന്ന് പന്തിൽ എട്ട് റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ഹെറാത്, ജയസൂര്യ, മഹാറൂഫ്, വീര രതനെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയുടെ അതേ നാണയത്തില്‍ തിരിച്ചടി തുടങ്ങിയ ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ 62ന് ഒന്ന് എന്ന നിലയിലാണ്. 21 റണ്‍സെടുത്ത ദില്‍ഷന്റെ വിക്കറ്റാണ് നഷ്ടമായത്. 26 പന്തില്‍ 33 റണ്‍സുമായി ജയസൂര്യ ക്രീസിലുണ്ട്.