റായ്‌പൂരില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ഇതിഹാസങ്ങള്‍; റോഡ് സേഫ്റ്റി സീരീസില്‍ ഇന്ത്യ ലെജന്‍ഡ്സിന് കിരീടം
|ശ്രീലങ്ക ലെജന്‍ഡ്സിനെ 14 റണ്‍സിനാണ് ഇന്ത്യ ലെജന്‍ഡ്സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജന്‍ഡ്സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു
റോഡ് സേഫ്റ്റി ക്രിക്കറ്റ് സീരീസില്‍ ഇന്ത്യക്ക് കിരീടം. ശ്രീലങ്ക ലെജന്‍ഡ്സിനെ 14 റണ്‍സിനാണ് ഇന്ത്യ ലെജന്‍ഡ്സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജന്‍ഡ്സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി യുവരാജ് സിങ്ങും യൂസഫ് പത്താനും അര്‍ധ സെഞ്ച്വറി നേടി.
ബാറ്റു കൊണ്ടും പന്തു കൊണ്ടും ശ്രീലങ്കയുടെ നെഞ്ചിടിപ്പ് കൂട്ടിയ യൂസുഫ് പത്താൻ ആണ് കളിയുടെ വിധിയെഴുതിയത്. ഇന്ത്യന്‍ ഇന്നിങ്സില്‍ അർധ സെഞ്ച്വറി നേടിയ താരം, ശ്രീലങ്കയുടെ വിലപ്പെട്ട രണ്ടു വിക്കറ്റുകളും വീഴ്ത്തി. ശ്രീലങ്കന്‍ ഇതിഹാസ താരം ജയസൂര്യയുടെയും ദിൽഷന്‍റെയും വിക്കറ്റാണ് യൂസുഫ് നേടിയത്. നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങിയായിരുന്നു യൂസുഫ് പത്താന്‍റെ രണ്ട് വിക്കറ്റ് പ്രകടനം.
യൂസുഫിനൊപ്പം സഹോദരന്‍ ഇർഫാന്‍ പത്താനും രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഗോണിയും മുനാഫ് പട്ടേലും ഒരോ വിക്കറ്റു വീതവും വീഴ്ത്തി. 43 റൺസ് എടുത്ത ജയസൂര്യക്ക് മാത്രമേ ശ്രീലങ്കൻ മുൻനിരയിൽ കാര്യമായി തിളങ്ങാന്‍ സാധിച്ചുള്ളു. ദിൽഷൻ 21 റൺസ് എടുത്ത് പുറത്തായി. ജയസിംഗയും(40) വീര രത്നെയും(38) അവസാന വിക്കറ്റുകളില്‍ പൊരുതി നോക്കിയെങ്കിലും ടീമിനെ ലക്ഷ്യത്തിൽ എത്തിക്കാനായില്ല.
നേരത്തെ ആദ്യം ബാറ്റിങ് ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ പതറിയെങ്കിലും യൂസുഫ് പത്താനും യുവരാജും ഒത്തുചേര്‍ന്നതോടെ സ്കോറിങ് ഉയര്‍ന്നു. യുവരാജ് സിംഗ് 41 പന്തിൽ 60 റണ്‍സ് നേടിയപ്പോള്‍ യൂസുഫ് പത്താൻ 36 പന്തിൽ 62 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു ഫോറും നാലു സിക്‌സും ഉള്‍പ്പടെയായിരുന്ന യുവരാജിന്‍റെ വെടിക്കെട്ട് പ്രകടനം. അഞ്ചു സിക്‌സും നാലു ഫോറും അടിച്ചുകൂട്ടിയ യൂസുഫ് പത്താനും പവര്‍ഹിറ്റിങിന് ഒരു കുറവും വരുത്തിയില്ല. 10 റണ്‍സ് മാത്രം എടുത്ത് പുറത്തായ സെവാഗ് നിരാശപ്പെടുത്തിയപ്പോള്‍ 23 പന്തിൽ 30 റണ്‍സുമായി സച്ചിൻ തന്‍റെ ഫോം തുടർന്നു. അവസാന ഓവറിൽ കളത്തിൽ എത്തിയ ഇർഫാൻ മൂന്ന് പന്തിൽ എട്ട് റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ഹെറാത്, ജയസൂര്യ, മഹാറൂഫ്, വീര രതനെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.