Sports
ഹെല്‍മറ്റ് ക്രിക്കറ്റ് കളിക്കാന്‍ മാത്രമുള്ളതല്ല, സ്കൂട്ടറില്‍ പോകുമ്പോഴും ധരിക്കണം; അവബോധ വീഡിയോയുമായി സച്ചിനും ലാറയും
Sports

ഹെല്‍മറ്റ് ക്രിക്കറ്റ് കളിക്കാന്‍ മാത്രമുള്ളതല്ല, സ്കൂട്ടറില്‍ പോകുമ്പോഴും ധരിക്കണം; അവബോധ വീഡിയോയുമായി സച്ചിനും ലാറയും

Web Desk
|
22 March 2021 3:22 AM GMT

ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വിവരിക്കുന്ന വീഡിയോ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സച്ചിൻ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

റോഡ് സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്ന വിഡിയോയുമായി ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ​ സചിൻ ടെണ്ടുൽക്കറും ബ്രയാന്‍ ലാറയും. ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വിവരിക്കുന്ന വീഡിയോ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സച്ചിൻ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

'ക്രിക്കറ്റിൽ ബാറ്റ്​ ​ചെയ്യു​മ്പോഴും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോഴും ഹെൽമെറ്റ് ധരിക്കൽ നിര്‍ബന്ധമാണ്. റോഡ് സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളില്‍ വിട്ടുവീഴ്ച അരുത്, അതിനെ നിസ്സാരമായി കാണരുത്. ശരിയായ ഹെൽമെറ്റ് ധരിച്ച് എല്ലായ്പ്പോഴും സുരക്ഷിതമായി യാത്ര ചെയ്യുക. ഈ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ ഒപ്പം നിന്ന ബ്രയാൻ ലാറക്ക്​ നന്ദി' - വീഡിയോക്ക് ഒപ്പം സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം നല്‍കുന്നതിനായി മുന്‍ ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് റോഡ് സേഫ്റ്റി ക്രിക്കറ്റ് സീരിസ് സംഘടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ പഴയ ഇതിഹാസ താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ടൂര്‍ണമെന്‍റില്‍, സച്ചിന്‍ ഉള്‍പ്പടെയുള്ളവര്‍ ഭാഗമായ ഇന്ത്യ ലെജന്‍ഡ്സ് കിരീടം സ്വന്തമാക്കിയിരുന്നു.

സച്ചിന്‍​ പങ്കുവെച്ച 49 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ നിരവധി പേരാണ് ട്വിറ്ററില്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

റോഡ് സേഫ്റ്റി വേൾഡ് സീരീസ് ട്വന്‍റി20 ടൂർണമെന്‍റിന്‍റെ ഭാഗമായി സച്ചിന്‍ അടക്കമുള്ള താരങ്ങള്‍ റായ്പൂരിലുണ്ട്​. ഇവിടെയുള്ള ഹോട്ടലിൽവെച്ചായിരുന്നു​ വിഡിയോയുടെ ചിത്രീകരണം.​ മാർച്ച് 17ന് നടന്ന സെമി ഫൈനലിൽ ലാറയുടെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസ് ലെജന്‍ഡ്സിനെ പരാജയപ്പെടുത്തിയാണ്​ സചിൻ നായകനായ ഇന്ത്യ ലെജന്‍ഡ്സ്​ ടൂർണമെന്‍റിന്‍റെ ഫൈനലിലെത്തിയത്​. ഫൈനലില്‍ സനത് ജയസൂര്യ അടക്കമുള്ള താരങ്ങള്‍ ഉള്‍പ്പെട്ട ശ്രീലങ്കന്‍ ലെജന്‍ഡ്സിനെ കീഴടക്കി ഇന്ത്യ കിരീടവും സ്വന്തമാക്കി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts