രണ്ടാം ടി20യിലും ന്യൂസിലാന്‍ഡിന് വിജയം; പരമ്പര
|27 പന്തില്‍ അര്‍ദ്ധ ശതകം നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് ആണ് ന്യൂസിലാന്‍ഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം. മഴ വില്ലനായ കളിയില്‍ 28 റണ്‍സിനായിരുന്നു ന്യൂസിലാന്‍ഡ് വിജയം. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയും ന്യൂസിലാന്‍ഡ് സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡ് ഇന്നിങ്സിന്റെ അവസാന ഓവറുകളില്‍ മഴ കളിമുടക്കുകയായിരുന്നു. 17.5 ഓവര്‍ മാത്രമാണ് ആദ്യ ഇന്നിങ്സില്‍ ന്യൂസിലാന്‍ഡിന് ബാറ്റ് ചെയ്യാനായത്.17.5 ഓവര്‍ ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു
27 പന്തില്‍ അര്‍ദ്ധ ശതകം നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് ആണ് ന്യൂസിലാന്‍ഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഫിലിപ്പ്സ് 31 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ ഡാരില്‍ മിച്ചല്‍ 16 പന്തില്‍ 34 റണ്‍സ് നേടി. മാര്ട്ടിന് ഗപ്ടില്‍(21), ഫിന് അല്ലെന്(17), ഡെവണ്‍ കോണ്‍വേ(15), വില്‍ യംഗ്(14) എന്നിവര്‍ പെട്ടെന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയെങ്കിലും ന്യൂസിലാന്‍ഡ് മികച്ച സ്കോറില്‍ നിക്കുമ്പോഴാണ് മഴയെത്തിയത്. ആറാം വിക്കറ്റില്‍ ഫിലിപ്പ്സും ഡാരില്‍ മിച്ചലും ചേര്‍ന്ന് 27 പന്തില്‍ നേടിയ 62 റണ്‍സാണ് അവസാന ഓവറുകളില്‍ ന്യൂസിലാന്‍ഡിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
മഴയെത്തുടര്‍ന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം ഡക്വര്‍ത്ത്-ലൂയിസ് നിയമപ്രകാരം പുതുക്കി നിശ്ചയിക്കുകയായിരുന്നു. 16 ഓവറില്‍ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 142 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മികച്ച തുടക്കം ലഭിച്ച ബംഗ്ലാദേശ് അവസാന ഓവറുകളില്‍ കളി മറന്നപ്പോള്‍ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. ആദ്യ 10 ഓവറില്‍ 94 റണ്‍സ് നേടിയ ബംഗ്ലാദേശിന് അവസാന ആറ് ഓവറുകളില്‍ 48 റണ്‍സാണ് ആകെ നേടാനായത്. ബംഗ്ലാ നിരയില്‍ ഓപ്പണര്‍ മുഹമ്മദ് നയിമും സൌമ്യ സര്‍ക്കാരും മികച്ച പ്രകടനം പുറത്തെടുത്തു. 27 പന്തില്‍ അഞ്ച് ബൌണ്ടറിയും മൂന്ന് സിക്സറും അടക്കം സൌമ്യ സര്‍ക്കാര്‍ 52 റണ്‍സ് എടുത്തപ്പോള്‍ 35 പന്തില്‍ നാല് ബൌണ്ടറിയുള്‍പ്പടെ നയീം 38 റണ്‍സ് നേടി.