Sports
ഐപിഎല്‍ ലോഗോയ്ക്ക് പിന്നിലെ രഹസ്യം ഡിവില്ലിയേഴ്‌സെന്ന് സെവാഗ്
Sports

ഐപിഎല്‍ ലോഗോയ്ക്ക് പിന്നിലെ രഹസ്യം ഡിവില്ലിയേഴ്‌സെന്ന് സെവാഗ്

Web Desk
|
10 April 2021 11:01 AM GMT

മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ ബൂമ്ര ഉള്‍പ്പെട്ട ബൗളര്‍മാരെ പ്രഹരിച്ചാണ് ഡിവില്ലിയേഴ്‌സ് ആര്‍.സി.ബിയെ ജയത്തിലേക്ക് എത്തിച്ചത്.

പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്സിന്റെ ബാറ്റിങ്. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ ബൂമ്ര ഉള്‍പ്പെട്ട ബൗളര്‍മാരെ പ്രഹരിച്ചാണ് ഡിവില്ലിയേഴ്‌സ് ആര്‍.സി.ബിയെ ജയത്തിലേക്ക് എത്തിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് മൂന്ന് വർഷമായിട്ടും കഴിഞ്ഞ ആറു മാസമായി ബാറ്റേന്തിയിട്ടില്ലെങ്കിലും ഇപ്പോഴും ക്രിക്കറ്റിലെ ഒരേയൊരു സൂപ്പർമാൻ താൻ തന്നെയാണെന്ന് അടിവരയിട്ടുറപ്പിക്കുന്ന ഇന്നിങ്സായിരുന്നു ഡിവില്ലിയേഴ്സിന്റേത്.

ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഡിവില്ലിയേഴ്‌സിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതില്‍ ശ്രദ്ധേയമായത് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ ട്വീറ്റായിരുന്നു. 'സത്യത്തിൽ ഐ.പി.എൽ ലോ​ഗോ പോലും ഡിവില്ലിയേഴ്സിനുവേണ്ടി രൂപകൽപന ചെയ്തതാണെന്നാണ് സെവാ​ഗിന്റെ കണ്ടെത്തല്‍. വില്‍ പവര്‍ എന്നാല്‍ ഡിവില്ലിയേഴ്‌സ് എന്നാണ്. എല്ലാ ശക്തികളേയും തോല്‍പ്പിക്കുന്നു, സെവാഗ് പറയുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബൗളിങ്ങിനേയും സെവാഗ് അഭിനന്ദിച്ചു.

അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കെയാണ് ബംഗളൂരുവിന്റെ ജയം. അഞ്ച് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് കളിയിലെ താരം. മത്സരത്തില്‍ 48 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. 27 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സറുകളും അടക്കമായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts