ജയിച്ച് തുടങ്ങി കൊല്‍ക്കത്ത: ഹൈദരാബാദിനെ തകര്‍ത്തത് പത്ത് റണ്‍സിന്
|നിശ്ചിത 20 ഓവറില്‍ കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തപ്പോള്‍, അഞ്ച് വിക്കറ്റിന് 177 റണ്‍സെടുക്കാനെ ഹൈദരാബാദിന് കഴിഞ്ഞുള്ളു.
ഐ.പി.എല്ലിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ പത്ത് റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയത്തുടക്കം. കൊൽക്കത്ത ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 177 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
സ്കോർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: 187-6 (20 ഓവർ) ഹൈദരാബാദ് സൺറൈസേഴ്സ്: 177-5 (20 ഓവർ)
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് വേണ്ടി നിതീഷ് റാണയും (56 പന്തിൽ 80) രാഹുൽ ത്രിപാഠിയും (29 പന്തിൽ 53) ചേർന്നാണ് ഭേദപ്പെട്ട ടോട്ടൽ നൽകിയത്. ദിനേശ് കാർത്തിക 22 റൺസുമായി പുറത്താകാതെ നിന്നു.
ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും (15) നിതീഷ് റാണയും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ആറ് ഓവറില്‍ 50 റണ്‍സ് അടിച്ചെടുത്തു. പാര്‍ട്ണര്‍ഷിപ്പ് 53ല്‍ എത്തിനില്‍ക്കേ റാഷിദ് ഖാന് എത്തിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്.
പിന്നീട് ഒത്തുചേര്‍ന്ന രാഹുല്‍ ത്രിപാഠിയും നിതിഷ് റാണയും ചേര്‍ന്ന് ഹൈദരാബാദ് ബൌളിങ് നിരയെ അടിച്ചൊതുക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഇരുവരും ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. 56 പന്തില്‍ ഒന്‍പത് ബൌണ്ടറിയും നാല് സിക്സറുകളുമടക്കം 80 റണ്‍സാണ് നിതീഷ് റാണ നേടിയത്. 29 പന്തില്‍ അഞ്ച് ബൌണ്ടറിയും രണ്ട് സിക്സറുകളുമുള്പ്പടെയാണ് രാഹുല്‍ ത്രിപാഠി(53) അര്‍ദ്ധ സെഞ്ച്വറി തികച്ചത്.
പിന്നീട് തുടരെ നാല് വിക്കറ്റുകള്‍ വീണപ്പോള്‍ കൊല്‍ക്കത്ത ഒന്ന് പതറിയെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ദിനേഷ് കാര്‍ത്തിക് ടീമിന്റെ രക്ഷക്കെത്തി. ത്രിപാഠിയുടെ വിക്കറ്റ് വീണതിന് പിന്നാലെ ആന്ദ്രെ റസലിന്റെയും നിതീഷ് റാണയുടെയും വിക്കറ്റ് മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ ടീമിന് നഷ്ടമായി. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ മോര്‍ഗന്റെ വിക്കറ്റും ടീമിന് നഷ്ടമായി.
അവസാന ഓവറുകളില്‍ ടീം സ്കോര്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ദിനേഷ് കാര്‍ത്തിക് കൂറ്റനടിക്ക് ശ്രമിച്ചതോടെയാണ് കൊല്‍ക്കത്തയുടെ സ്കോര്‍ ചലിച്ചത്. ഒന്‍പത് പന്തില്‍ രണ്ട് സിക്സറും ഒരു ബൌണ്ടറിയുമടക്കം 22 രണ്‍സാണ് കാര്‍ത്തിക് അടിച്ചെടുത്തത്. ഹൈദരാബാദിനായി മുഹമ്മദ് നബിയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനായി മനീഷ് പാണ്ഡെയും (44 പന്തിൽ 61) ബെയർസ്റ്റോയും (40 പന്തിൽ 55) പ്രതീക്ഷ നൽകിയെങ്കിലും കയ്യെത്തും അകലെ ലക്ഷ്യം കൈവിടുകയായിരുന്നു. അവസാന ഓവറിൽ ജയിക്കാൻ 22 റൺസ് വേണ്ടിയിരുന്ന ഹൈദരാബാദിന് 11 റൺസെടുക്കാനെ സാധിച്ചുള്ളു. മത്സരത്തിലെ അവസാന പന്ത് സിക്സറിന് പറത്തി കളി തീർത്തെങ്കിലും വിജയം കൊൽക്കത്തക്കൊപ്പം നിന്നു.
നൈറ്റ് റൈഡേഴ്സിനായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി. ശാഖിബ് ഹസൻ, കമ്മിൻസ്, ആന്ദ്രേ റസൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.