ചരിത്രം കുറിച്ച് എല്‍ദോസ് പോള്‍; ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ട്രിപ്പിള്‍ ജമ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍താരം
|മലയാളിയായ എല്‍ദോസ് 16.68 മീറ്റര്‍ ചാടിയാണ് ഫൈനലില്‍ ഇടംപിടിച്ചത്
ഒറിഗണ്‍: ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജമ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍താരമായി എല്‍ദോസ് പോള്‍. മലയാളിയായ എല്‍ദോസ് 16.68 മീറ്റര്‍ ചാടിയാണ് ഫൈനലില്‍ ഇടംപിടിച്ചത്. മികച്ച പ്രകടനം നടത്തിയ ആദ്യ 12 പേരില്‍ ഒരാളായിട്ടാണ് ഈ 25കാരന്‍റെ ഫൈനല്‍ പ്രവേശം. ഗ്രൂപ്പ് എയില്‍ ആറാമതുമാണ് എല്‍ദോസിന്‍റെ സ്ഥാനം. ഞായറാഴ്ചയാണ് ഫൈനല്‍.
ആദ്യശ്രമത്തില്‍ 16.12 മീറ്ററായിരുന്നു എല്‍ദോസ് പിന്നിട്ടത്. രണ്ടാം ശ്രമത്തില്‍ മെച്ചപ്പെടുത്തി 16.68 മീറ്ററാക്കി. ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ എല്‍ദോസ് പോള്‍ സ്വര്‍ണം നേടിയിരുന്നു. 16.99 മീറ്ററാണ് എല്‍ദോസിന്‍റെ സീസണിലെ ഏറ്റവും മികച്ച പ്രകടനം. മറ്റ് രണ്ട് ഇന്ത്യൻ താരങ്ങളായ പ്രവീൺ ചിത്രവേലും അബ്ദുല്ല അബൂബക്കറും യഥാക്രമം 16.49 മീറ്ററും 16.45 മീറ്ററും ചാടിയെങ്കിലും ഫൈനലിൽ കടക്കാനായില്ല. ചിത്രവേൽ എ ഗ്രൂപ്പിൽ എട്ടാം സ്ഥാനത്തും മൊത്തത്തിൽ 17ാം സ്ഥാനത്തും ഫിനിഷ് ചെയ്തപ്പോൾ അബൂബക്കർ ഗ്രൂപ്പ് ബിയിൽ 10ാം സ്ഥാനത്തും 19ാം സ്ഥാനത്തുമാണ്.
ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയും ഫൈനല്‍ ടിക്കറ്റ് നേടിയിട്ടുണ്ട്. ആദ്യ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ 88.39 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന് എറിഞ്ഞതോടെ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുകയായിരുന്നു. 83.5 മീറ്ററാണ് യോഗ്യതാ മാര്‍ക്ക്.യോഗ്യത നേടുന്ന ആദ്യ 12 താരങ്ങളായിരിക്കും ഫൈനലില്‍ മത്സരിക്കുക. ഞായറാഴ്ചയാണ് ഫൈനല്‍. കഴിഞ്ഞ മാസം ഡയമണ്ട് ലീഗില് 89.94 മീറ്റര്‍ ദൂരം താണ്ടി നീരജ് ചോപ്ര പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചിരുന്നു.