Sports
നെയ്മറില്ലാത്ത ബ്രസീലിന് 3-1 വിജയം; അർജന്റീനക്ക് ഗോളില്ലാ സമനില
Sports

നെയ്മറില്ലാത്ത ബ്രസീലിന് 3-1 വിജയം; അർജന്റീനക്ക് ഗോളില്ലാ സമനില

Sports Desk
|
8 Oct 2021 5:41 AM GMT

പരേഗ്വക്കെതിരെയുള്ള മത്സരത്തിൽ ലയണൽ മെസിയടക്കമുള്ള അർജന്റീന ടീം 70 ശതമാനം സമയവും പന്ത് കൈവശം വെച്ചെങ്കിലും ഗോൾ നേടാനായില്ല

വെനസ്വേലക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ സൂപ്പർ താരമായ നെയ്മറില്ലാതെയിറങ്ങിയ ബ്രസീലിന് 3-1 വിജയം. പരാഗ്വായ്‌ക്കെതിരെ കളിച്ച അർജന്റീനക്ക് ഗോളില്ലാ സമനില.

പോയൻറ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ഇരുടീമുകളും വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ അത്ര മികച്ച പ്രകടനമല്ല നടത്തിയതെങ്കിലും വിലപ്പെട്ട പോയൻറുകൾ നേടി.

എറിക് റമിറെസിന്റെ ഗോളിൽ വെനസ്വേലയാണ് ആദ്യം മുന്നിലെത്തിയത്. 71ാം മിനുട്ടിൽ മാർക്വിൻഹോസ് ബ്രസീലിനായി സമനില ഗോൾ നേടി. പിന്നീട് 85ാം മിനുട്ടിൽ ഗബ്രിയേൽ ബർബോസയും 90ാം മിനുട്ടിൽ ആൻറണിയും ഗോൾ കണ്ടെത്തിയതോടെയാണ് ബ്രസീൽ വിജയതീരമണിഞ്ഞത്.

പരേഗ്വക്കെതിരെയുള്ള മത്സരത്തിൽ അർജന്റീന 70 ശതമാനം സമയവും പന്ത് കൈവശം വെച്ചെങ്കിലും ഗോൾ നേടാനായില്ല. ലയണൽ മെസി കളിച്ചെങ്കിലും പരേഗ്വയുടെ പ്രതിരോധം ഭേദിക്കാനായില്ല.

പുതിയ താരങ്ങൾക്ക് അവസരം നൽകിയാണ് ബ്രസീൽ കോച്ച് ടിറ്റെ ആദ്യ ഇലവൻ ഇറക്കിയത്.

അർജന്റീനക്ക് ആദ്യ 12 മിനുട്ടിൽ തന്നെ മൂന്നു അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ പരാഗ്വേയുടെ ഗോളി ആൻറണി സിൽവ മികച്ച സേവുകളുമായി ഗോൾവല കാത്തു.

രണ്ടാം പകുതിയിൽ ഇരുടീമുകളും നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫലപ്രാപ്തിയുണ്ടാക്കാനായില്ല.

ഒമ്പത് മത്സരങ്ങളിലായി ബ്രസീലിന് 27 പോയൻറും അർജന്റീനക്ക് 19 പോയൻറുമാണുള്ളത്. സെപ്തംബറിൽ ഇരുടീമുകളും തമ്മിലുള്ള മത്സരം കോവിഡ് പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടി മാറ്റിവെക്കപ്പെട്ടിരുന്നു. ഇക്വഡോർ, ഉറുഗ്വായ് ടീമുകൾക്ക് 10 മത്സരങ്ങളിൽനിന്ന് 16 പോയൻറുണ്ട്.

Similar Posts