ഒരൊറ്റയാൾ പോരാട്ടത്തിന്റെ വീരകഥ കൂടിയുണ്ട് 1983 ലെ ലോകകപ്പിന് പറയാൻ; കപിൽ ദേവ് എന്ന കപ്പിത്താന്‍റെ കഥ
|ചീട്ടുകൊട്ടാരം പോലെ തകർന്ന ഇന്ത്യൻ ടീമിനെ വിജയതീരത്തേക്ക് അടുപ്പിച്ച കപ്പിത്താന്റെ കഥ.
ഒരൊറ്റയാൾ പോരാട്ടത്തിന്റെ വീരകഥ കൂടിയുണ്ട് 1983 ലെ ലോകകപ്പിന് പറയാൻ. ചീട്ടുകൊട്ടാരം പോലെ തകർന്ന ഇന്ത്യൻ ടീമിനെ വിജയതീരത്തേക്ക് അടുപ്പിച്ച കപ്പിത്താന്റെ കഥ. ക്രിക്കറ്റ് ലോകം അന്നോളം കണ്ട ഉയർന്ന വ്യക്തിഗത സ്‌കോർ നേടി സിംബാബ്‌വെയെ തകർത്ത കപിൽ ദേവിന്റെ പോരാട്ട കഥയാണിത്.
സെമിയുറപ്പിക്കാൻ തുടർച്ചയായി രണ്ട് മത്സരങ്ങളും ജയിക്കണമെന്ന നിർണായക ഘട്ടം. അതിൽ ആദ്യ മത്സരം സിംബാബ്‌വെക്കെതിരെ ജൂൺ 18 ന് ടൺബ്രിഡ്ജ് വെൽസിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു ക്യാപ്റ്റൻ കപിൽ. സിംബാബ്‌വെ ക്യാപ്റ്റൻ ഡങ്കൻ ഫ്ളെച്ചർ പുറത്തെടുത്ത ആയുധങ്ങളുടെ മൂർച്ചയാളക്കാൻ ഇന്ത്യക്കായില്ല. ഓപ്പണർമാരായി എത്തിയ സുനിൽ ഗവാസ്‌കറും ശ്രീകാന്തും അക്കൗണ്ട് തുറക്കും മുൻപ് കൂടാരം കയറി. പിന്നാലെയെത്തിയ മൊഹീന്ദർ അമർനാഥ്, സന്ദീപ് പാട്ടീൽ എന്നിവരുടെ വിക്കറ്റുകളും സിംബാബ്വെ ഓപ്പണിങ് ബൗളർമാരായ കെവിൻ കരനും പീറ്റർ റൗസനും എറിഞ്ഞിട്ടു.
സ്‌കോർ ഒമ്പത് റൺസിന് നാല് വിക്കറ്റ്. ഈ അവസ്ഥയിലാണ് കപിൽ ദേവ് ക്രീസിലിറങ്ങുന്നത്. 17 ൽ യശ്പാൽ ശർമയേയും നഷ്ടപ്പെട്ടു. ആറാം വിക്കറ്റിൽ റോജർ ബിന്നിയും കപിലും സ്‌കോർ 77 ലെത്തിച്ചു. 22 റൺസ് എടുത്ത ബിന്നി പുറത്താകുമ്പോൾ ഇനിയൊരു തിരിച്ചുവരവ് കാണികൾ പോലും പ്രതീക്ഷിച്ചില്ല. പിന്നെയാണ് ടൺബ്രിഡ്ജിൽ ക്ലാസിക് കപിൽ ഇന്നിങ്‌സിന് തുടക്കമാവുന്നത്. ആടിയുലയുന്ന കപ്പലിനെ ഒറ്റക്ക് മെരുക്കുന്ന കപ്പിത്താന്റെ കുപ്പായമണിയുകയായിരുന്നു കപിൽ. ടൺബ്രിഡ്ജ് മൈതാനത്തിന്റെ നാലുപാടും പന്തടിച്ചകറ്റി കപിൽ മദൻ ലാലിനെ കൂട്ട് പിടിച്ച് 140 വരെയെത്തി. ഒൻപതാം വിക്കറ്റിൽ സയ്യിദ് കിർമാണി ഒപ്പം കൂടി.
നേർത്തു പെയ്തു മഴപോലെ തുടങ്ങി റൺമഴയൊഴുകുന്ന ന്യൂനമർദമായി മാറി ആഞ്ഞു വീശുന്ന ഹരിയാന ചുഴലിക്കാറ്റായി കപിൽ ദേവ് മൈതാനത്ത് രൂപാന്തരപ്പെട്ടിരുന്നു. സ്റ്റേഡിയത്തിനു പുറത്തേക്ക് ഇടിമിന്നൽ വേഗത്തിൽ പന്തുകൾ പതിച്ചു .ആദ്യ സ്‌പെല്ലിൽ ഇന്ത്യയെ വിറപ്പിച്ച സിംബാബ്വെയുടെ ഓപ്പണിങ് ബൗളർമാർ രണ്ടാം സ്‌പെല്ലിൽ റൺസിന്റെ പ്രളയമറിഞ്ഞു. 60 ഓവർ സിംബാബ്‌വെ എറിഞ്ഞു പൂർത്തിയാക്കുമ്പോൾ കപിൽ ദേവ് 175 നോട്ട് ഔട്ട്! പതിനാറു ബൗണ്ടറികളും ആറ് സിക്‌സറുകളും ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ, ഇന്ത്യൻ ടീം സ്‌കോർ 266.
മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെ 235 റൺസിൽ ഒതുങ്ങി. ഇന്ത്യക്ക് 31 റൺസിന്റെ വിജയം. ലോകകപ്പ് മത്സരങ്ങളിൽ ഇന്ന് വരെയുള്ള ഇന്ത്യയുടെ പോരാട്ടങ്ങളിൽ ത്രസിപ്പിച്ച മത്സരവിജയം ഇതാകും. ഒരു 24 കാരന്റെ ഒറ്റദിവസത്തെ ഭാഗ്യദിനമായിരുന്നില്ല അന്ന്. മറിച്ച് കപിൽ ദേവ് എന്ന ഇതിഹാസത്തിന്റെ പിറവിയായിരുന്നു ടൺബ്രിഡ്ജ് മൈതാനത്ത് കണ്ടത്.