ഖത്തര്‍ വിശ്വമേളക്ക് വിസില്‍ മുഴങ്ങാന്‍ ഇനി അഞ്ഞൂറു നാളുകള്‍
|അഞ്ഞൂറു ദിന കൗണ്ട്‍ഡൗൺ ആരംഭത്തിന്‍റെ മുന്നോടിയായി ലോകകപ്പ് ട്രോഫി ദോഹയിലെത്തിക്കഴിഞ്ഞു.
2022 ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി 500 ദിവസം മാത്രം. അറേബ്യന്‍ ഉപദ്വീപും മധ്യേഷ്യയും ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. അഞ്ഞൂറ് ദിന കൗണ്ട്ഡൗണിന്റെ ഭാഗമായി ലോകകപ്പ് ട്രോഫി ദോഹയിലെത്തി.
2021 ജൂലൈ 9 ല്‍ നിന്നും കൃത്യം അഞ്ഞൂറ് ദിനം മുന്നോട്ടു പോയാല്‍ 2022 നവംബര്‍ 21 ആണ്. അന്നാണ് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ അടുത്ത വിശ്വഫുട്ബോള്‍ മാമാങ്കത്തിന്‍റെ കിക്കോഫ് നടക്കുക. അത്തറ് പൂശിയ തുകല്‍പന്ത് ഉരുണ്ടുതുടങ്ങേണ്ട അല്‍ ബെയ്ത്ത് മൈതാനം മുതല്‍ പുതിയ രാജാക്കന്മാരുടെ അധികാരോരോഹണം നടക്കേണ്ട ലുസൈല്‍ സ്റ്റേഡിയം ഉള്‍പ്പെടെ എട്ട് വിസ്മയ വേദികളില്‍ അഞ്ചെണ്ണവും ഒരുക്കങ്ങളെല്ലാം പൂര‍്ത്തിയാക്കി ചമഞ്ഞൊരുങ്ങി നില്‍പ്പാണ്.
ഷിപ്പിങ് കണ്ടെയ്നറുകള്‍ വെച്ച് പടുത്തുയര്‍ത്തുന്ന റാസ് ബൂ അബൌദ് സ്റ്റേഡിയം ഉള്‍പ്പെടെ ബാക്കി മൂന്നെണ്ണം ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും. വെറും അമ്പത് കിലോമീറ്ററിനകത്ത് പണിതുയര്‍ത്തിയ എട്ട് സ്റ്റേഡിയങ്ങളില്‍ ഏഴിലേക്കും ദോഹ മെട്രോ സര്‍വീസ് സജ്ജമാണ്. ലോകകപ്പിനെ വരവേല്‍ക്കാന്‍ ഇതിനകം ഖത്തര്‍ സജ്ജമായിക്കഴിഞ്ഞെന്ന് ലോകകപ്പ് സി.ഇ.ഒ നാസര്‍ അല്‍ ഖാതിര്‍ പറയുന്നു.
അഞ്ഞൂറ് ദിന കൗണ്ട്‍ഡൗൺ ആരംഭത്തിന്‍റെ മുന്നോടിയായി ലോകകപ്പ് ട്രോഫി ദോഹയിലെത്തിക്കഴിഞ്ഞു. കാണികള്‍ക്കായി ഒരു മില്യണ്‍ കോവിഡ് വാക്സിന്‍ തയ്യാറാക്കുമെന്ന പ്രഖ്യാപനവുമായി കോവിഡ് കാലത്തെ ലോകകപ്പിനെ കുറിച്ചുള്ള ആശങ്കകള്‍ക്കും ഖത്തര്‍ വിരാമമിട്ടുകഴിഞ്ഞു. കാണികളെ വെച്ച് തന്നെ നടത്തിയ 2021 യൂറോകപ്പ്, ഫിഫയ്ക്കും ഖത്തറിനും നല്‍കുന്നത് വലിയ ആത്മവിശ്വാസമാണ്. ഈ വര്‍ഷാന്ത്യം ലോകകപ്പ് വേദികളില്‍ വെച്ച് ഫിഫ നടത്തുന്ന അറബ് കപ്പ് ലോകകപ്പിന്‍റെ ഇതുവരെയുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനും പാളിച്ചകള്‍ മറികടക്കാനും ഖത്തറിന് ലഭിക്കുന്ന ഒരവസരം കൂടിയാണ്.