' റിഷഭ് പന്ത് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം'; റോഡിൽ മൂടൽമഞ്ഞുണ്ടായിരുന്നില്ലെന്നും പൊലീസ്
|ഡൽഹി-ഹരിദ്വാർ ഹൈവേയിൽ പുലർച്ചെ 5.30 ഓടെയാണ് അപകടം നടന്നത്
ഡെറാഡൂൺ: ക്രിക്കറ്റ് താരം റിഷഭ് പന്ത് ഉറങ്ങിപ്പോയതാണ് കാര്‍ അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിൽ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. അപകടത്തിൽ റിഷഭ് പന്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഉറങ്ങിപ്പോയതിനാൽ കാറിന്റെ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം റോഡിലെ മൂടൽമഞ്ഞ് കാരണമാണ് അപകടമുണ്ടായതെന്നായിരുന്നു. എന്നാൽ റോഡിൽ മൂടൽമഞ്ഞ് ഇല്ലായിരുന്നെന്നും അതിനാൽ റോഡിലെ കാഴ്ചകൾ മറഞ്ഞിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ റിഷഭ് പന്തിന്‍റെ ഇടത് പുരികത്തിൽ മുറിവുണ്ട്, മുതുകിൽ ചതവുകൾ കൂടാതെ വലത് കാൽമുട്ടിൽ ലിഗമെന്റിന് പരിക്കുമുണ്ട്.
ബന്ധുക്കളെ കാണാൻ റൂർക്കിയിലേക്ക് പോവുകയായിരുന്നു താരമെന്നും റൂർക്കിയുടെ ഒരുകിലോമീറ്റര്‍ അകലെവെച്ചാണ് അപകടം നടന്നതെന്ന് ഹരിദ്വാർ റൂറൽ എസ്.പി എസ്.കെ സിംഗ് പറഞ്ഞു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.
ഡൽഹി-ഹരിദ്വാർ ഹൈവേയിൽ പുലർച്ചെ 5.30 ഓടെയാണ് അപകടം നടന്നത്. ഡിവൈഡർ റെയിലിംഗിൽ ഇടിച്ച കാർ കത്തിയമരുകയായിരുന്നു. 'കൂടുതൽ അന്വേഷണത്തിനായികാർ കൊണ്ടുപോയിട്ടുണ്ട്. എയർബാഗുകൾ പ്രവർത്തിച്ചിരുന്നോ എന്നറിയില്ല. കാരണം കാറിൽ ഒന്നും അവശേഷിപ്പിച്ചിരുന്നില്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഡെറാഡൂണിൽ നിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ വെച്ചാണ് അപകടമുണ്ടായത്. ഡൽഹിയിൽ നിന്ന് റൂർക്കിയിലെ വീട്ടിലേക്ക് വരികയായിരുന്നു പന്ത്. കാർ കത്തുന്നതിന്റെ ശബ്ദം കേട്ടാണ് സമീപത്തെ ഗ്രാമീണരും ലോക്കൽ പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് ഡെറാഡൂണിലെ പ്രധാന ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ദ ചികിത്സയ്ക്കായി ഋഷബ് പന്തിനെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി. താരം അപകടനില തരണം ചെയ്തെന്നു മാക്സ് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഋഷബ്പന്ത് നിരീക്ഷണത്തിൽ ആണെന്നും വിശദമായ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് എത്രയും വേഗം സുഖം പ്രാപിച്ച് വരട്ടെയെന്ന് നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു. ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, മുഹമ്മദ് അസ്ഹറുദ്ദീൻ,വി.വി.എസ് ലക്ഷ്മണന്‍ തുടങ്ങിയവര്‍ക്ക് പുറമെ ശശി തരൂര്‍ എം.പിയും താരത്തിന് ആശംസകള്‍ നേര്‍ന്നു.