ശ്രീലങ്കയുടെ ജയം ആഘോഷിക്കാൻ തെരുവിലിറങ്ങി അഫ്ഗാൻ ജനത
|പാട്ടുപാടിയും നൃത്തം ചെയ്തും അഫ്ഗാൻ ജനത ലങ്കയുടെ വിജയം ആഘോഷിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്
കാബൂൾ: ഏഷ്യാകപ്പ് ഫൈനലിൽ അഫ്ഗാൻ ജനത ശ്രീലങ്കയുടെ ജയം ആഘോഷിച്ചത് തെരുവിലിറങ്ങി. പാട്ടുപാടിയും നൃത്തം ചെയ്തും അഫ്ഗാൻ ജനത ലങ്കയുടെ വിജയം ആഘോഷിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സൂപ്പർഫോറിൽ നേരത്തെ പാകിസ്താനും അഫ്ഗാനിസ്താനും മത്സരിച്ചപ്പോൾ കളത്തിലും പുറത്ത് ആരാധകർ തമ്മിലും ഏറ്റുമുട്ടിയിരുന്നു.
കളത്തിന് അകത്ത് ബാറ്റർ ആസിഫ് അലി, അഫ്ഗാന് ബൗളർ ഫരീദ് അഹമ്മദിനെ അടിക്കാൻ ബാറ്റോങ്ങിയിരുന്നു. ആവേശം അവസാന ഓവറിൽ എത്തിയ മത്സരത്തിൽ പാകിസ്താനായിരുന്നു അന്ന് വിജയിച്ചിരുന്നത്. അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകൾ തന്നെ നസീംഷാ കാണികൾക്കിടയിലേക്ക് എത്തിക്കുകയായിരുന്നു. പ്രതീക്ഷയുണ്ടായിട്ടും അഫ്ഗാനിസ്താൻ തോറ്റത് ആരാധകരെയും നിരാശരാക്കിയിരുന്നു. തീർത്തത് മുഴുവൻ ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കസേരകൾ തകർത്ത്.
പിന്നാലെ ഇരു ടീമുകളുടെയും ആരാധകർ പരസ്യമായി തന്നെ ഏറ്റുമുട്ടി. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. കാണികളുടെ അടിപിടിക്ക് പുറമെ ട്വിറ്ററിലും പോര് സജീവമായിരുന്നു. പാകിസ്താന്റെ ഷുഹൈബ് അക്തറും അഫ്ഗാനിസ്താൻ ക്രിക്കറ്റ് സിഇഒയും തമ്മിലായിരുന്നു പോര്. അഫ്ഗാനിസ്താൻ കളിക്കാരും കാണികളും ഇനിയും ചില കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്നും കായിക രംഗത്ത് വളരണമെങ്കിൽ മര്യാദകൾ അത്യാവശ്യമാണെന്നുമായിരുന്നു അക്തറിന്റെ ട്വീറ്റ്. ഇതിന് മറുപടിയുമായി അഫ്ഗാൻ സിഇഒ രംഗത്ത് എത്തി. ഗ്യാലറിയിൽ തർക്കങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ക്രിക്കറ്റിൽ പാക്-അഫ്ഗാൻ കാണികൾ തമ്മിൽ പോര് നിലനിൽക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഐസിസിയുടെ ട്വിറ്റിന് താഴെയും ഫേസ്ബുക്ക് പോസ്റ്റിന് കീഴിലും ഇരു ആരാധകരും തമ്മിൽ രൂക്ഷമായ വാക്കുതർക്കങ്ങളാണ് നടക്കുന്നത്. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ തോൽവി ആഘോഷിക്കാൻ അഫ്ഗാൻ ജനത തന്നെ തെരുവിലിറങ്ങുന്നത്.