റീ മാച്ചോ, ബ്ലാസ്റ്റേഴ്സിനുള്ള പണിയോ?; ഫുട്ബോള്‍ ഫെഡറേഷന്‍റെ അടിയന്തര യോഗം
|മത്സരം വീണ്ടും കളിക്കണമെന്നും ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണം എന്നതുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയ ആവശ്യങ്ങള്‍
കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും തമ്മിലുള്ള നോക്കൌട്ട് മത്സരത്തില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ ഇന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ യോഗം ചേരും. വിവാദ ഗോള്‍ അനുവദിച്ച റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കളി മതിയാക്കി തിരിച്ചുകയറിയിരുന്നു.
മത്സരം ബഹിഷ്കരിച്ച ബ്ലാസ്റ്റേഴ്സ് ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഇക്കാര്യത്തില്‍ പരാതിയും നല്‍കിയിരുന്നു. മത്സരം വീണ്ടും കളിക്കണമെന്നും ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണം എന്നതുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയ ആവശ്യങ്ങള്‍
ഈ വിഷയത്തില്‍ ഇന്നു തന്നെ പ്രാഥമിക തീരുമാനങ്ങൾ ഉണ്ടാകും എന്നാണ് അറിയാന്‍ കഴിയുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയില്‍ ബെംഗളൂരു എഫ്.സിയും മുംബൈ സിറ്റിയും തമ്മിലുള്ള ആദ്യ പാദ സെമിഫൈനലിന് മുന്‍പ് തീരുമാനമെടുക്കാമെന്ന് ഫുട്ബോള്‍ ഫെഡറേഷന്‍ മറുപടി അയച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് തന്നെ യോഗം വിളിക്കാൻ എ.ഐ.എഫ്.എഫ് തീരുമാനിച്ചത്. സംഭവത്തില്‍ ബെംഗളൂരു എഫ് സിയുടെ ഭാഗവും ഫുട്ബോള്‍ ഫെഡറേഷന്‍ കേള്‍ക്കും.
മത്സരം വീണ്ടും നടക്കനുള്ള സാധ്യതകൾ വിദൂരമാണ്. റഫറിക്കും മത്സരം ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സ് ടീമിനെതിരെയും നടപടിയുണ്ടാകാനുള്ള സാധ്യതയാണ് കൂടുതൽ.
ബെംഗളൂരു-കേരള മത്സരത്തില്‍ നടന്നത്
ഐ.എസ്.എല്ലിലെ ആദ്യ പ്ലേഓഫ് പോരാട്ടത്തിന് നാടകാന്ത്യം. എക്‌സ്ട്രാ ടൈമില്‍ ബംഗളൂരു എഫ്.സി നേടിയ വിവാദ ഗോളിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് താരങ്ങളെ തിരിച്ചുവിളിച്ചു. മണിക്കൂറുകള്‍ നീണ്ട നാടകീയരംഗങ്ങള്‍ക്കൊടുവില്‍ ബംഗളൂരുവിനെ മാച്ച് റഫറി വിജയിയായി പ്രഖ്യാപിച്ചു. ഇതോടെ ബംഗളൂരു സെമിയില്‍ പ്രവേശിച്ചു.
ഇരുപകുതികളും ഗോള്‍രഹിതമായതിനെ തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്‍റെ 96-ാം മിനിറ്റിലാണ് വിവാദ ഗോള്‍ പിറന്നത്. ഫ്രീകിക്ക് തടയാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറാവും മുമ്പേ ബംഗളൂരു താരം സുനില്‍ ഛേത്രി ഗോള്‍ വലയിലാക്കുകയായിരുന്നു. റഫറി ഗോള്‍ വിളിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് താരങ്ങളെ മുഴുവന്‍ തിരിച്ചുവിളിച്ചു.
ഗാലറിയില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുടീം ആരാധകരും ഗാലറിയില്‍ ഏറ്റുമുട്ടുന്ന കാഴ്ചക്കും ബാംഗ്ലൂര്‍ ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി. ശേഷം മാച്ച് റഫറിയെത്തി ബംഗളൂരു വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ചത് ബെംഗളൂരുവാണെങ്കില്‍ രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത് ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരിച്ചെത്തി. മത്സരത്തില്‍ 60 ശതമാനവും പന്ത് കൈവശം വച്ചതും ബ്ലാസ്റ്റേഴ്സായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ മുഖത്തിനടത്തു വച്ച് നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിക്കളഞ്ഞത്.