Sports
ആമസോണ്‍ പിന്മാറി; ഐ.പി.എല്ലിന്‍റെ സംപ്രേഷണാവകാശം റിലയന്‍സിലേക്കോ...?
Sports

ആമസോണ്‍ പിന്മാറി; ഐ.പി.എല്ലിന്‍റെ സംപ്രേഷണാവകാശം റിലയന്‍സിലേക്കോ...?

Web Desk
|
11 Jun 2022 4:57 AM GMT

ആമസോണും ഗൂഗിളും പിന്മാറിയതോടെ അംബാനിയുടെ റിലയൻസ് ഗ്രൂപ്പും സ്റ്റാർ ഇന്ത്യയും തമ്മിലാകും മത്സരം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. ഞായറാഴ്ച ലേലം നടക്കാനിരിക്കെയാണ് ഇന്‍റര്‍നെറ്റ് ഭീമന്മാരായ രണ്ട് അമേരിക്കൻ കമ്പനികളും ചുവടുമാറ്റിയത്. ആമസോണും ഗൂഗിളും പിന്മാറിയതോടെ അംബാനിയുടെ റിലയൻസ് ഗ്രൂപ്പും സ്റ്റാർ ഇന്ത്യയും തമ്മിലാകും മത്സരം. ലോകത്തിലെ ഏറ്റവും പണമൊഴുകുന്ന ക്രിക്കറ്റ് ലീഗിന്‍റെ ഡിജിറ്റൽ അവകാശം റിലയന്‍സോ ഹോട്ട്‌സ്റ്റാറോ സ്വന്തമാക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

നാളെയാണ് ഐ.പി.എൽ സംപ്രേഷണാവകാശത്തിനായുള്ള ലേലം നടക്കുന്നത്. ഓൺലൈനായാണ് ലേലം നടക്കുക. 2023-27 കാലയളവിലേക്കുള്ള ഡിജിറ്റല്‍ അവകാശത്തിനായി നടക്കുന്ന ലേലത്തില്‍ ആമസോണിനും റിലയൻസിനും പുറമെ ഡിസ്‌നി-സ്റ്റാറും ആപ്പിളും ഗൂഗിളും സോണി ഗ്രൂപ്പുമെല്ലാം നേരത്തെ മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതായി ആമസോണും ഗൂഗിളും അവസാന നിമിഷം പിന്മാറുകയായിരുന്നു.

ഇതിനുമുൻപ് 2017ലാണ് ഐ.പി.എൽ മീഡിയ റൈറ്റ്‌സിനായുള്ള ലേലം നടന്നത്. അന്ന് 16,347 കോടി രൂപ നൽകിയാണ് സ്റ്റാർ ഇന്ത്യ(ഡിസ്‌നി സ്റ്റാർ) അവകാശം സ്വന്തമാക്കിയത്. സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണമിടപാടായിരുന്നു ഇത്.

2008ൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്(ബി.സി.സി.ഐ) തുടക്കമിട്ട ഐ.പി.എൽ 14 വർഷംകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരും ബ്രാൻഡ് മ്യൂലവുമുള്ള കായികമാമാങ്കങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. നിലവിൽ ആറു ബില്യൻ ഡോളർ (ഏകദേശം 46,699 കോടി രൂപ) ആണ് ഐ.പി.എല്ലിന്‍റെ ബ്രാൻഡ് മൂല്യം. 60 കോടി പ്രേക്ഷകര്‍ ഐ.പി.എല്‍ കാണുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ ടെലിവിഷൻ-ഡിജിറ്റൽ അവകാശങ്ങൾ, വിദേശത്തെ ടെലിവിഷൻ-ഡിജിറ്റൽ അവകാശങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഇത്തവണത്തെ ലേലം. ഓരോ വിഭാഗം വേറിട്ടും ഒറ്റയ്ക്കും ലേലത്തിലെടുക്കാനാകും. എല്ലാം കൂടിയുള്ള അവകാശത്തിന് 32,890 കോടി രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ സംപ്രേഷണാവകാശമാണ് ബണ്ടിൽ എയിൽ ഉള്ളത്. ഓരോ മത്സരത്തിനും 49 കോടി രൂപ വെച്ച് ആകെ 18,130 കോടി രൂപയാണ് ഇന്ത്യയിലെ സംപ്രേഷണാവകാശത്തിനായുള്ള ബണ്ടിലിനായി മുടക്കേണ്ടത്. ഡിജിറ്റൽ സംപ്രേഷണാവകാശത്തിനായി ഒരു മത്സരത്തിന് 33 കോടി രൂപ വച്ച് ആകെ 12,210 കോടി രൂപ നൽകണം. ബണ്ടിൽ സിയിൽ 18 മത്സരങ്ങളാണുള്ളത്. ഓപ്പണിംഗ് മത്സരങ്ങൾ, നാല് പ്ലേ ഓഫ് മത്സരങ്ങൾ, ഡബിൾ ഹെഡറുകളിലെ രാത്രി മത്സരങ്ങൾ എന്നിവയ്ക്കായി ആകെ 1440 കോടി രൂപയാണ് മുടക്കേണ്ട തുക. ഇത് ഒ.ടി.ടിയ്ക്ക് മാത്രമേ ലഭിക്കൂ. ലോകത്തിൻ്റെ മറ്റിടങ്ങളിലേക്കുള്ള സംപ്രേഷണാവകാശമാണ് ബണ്ടിൽ ഡിയിലുള്ളത്. ഇതിനായി ഒരു മത്സരത്തിന് മൂന്ന് കോടി രൂപ വച്ച് 1110 കോടി രൂപ മുടക്കണം.


Similar Posts