അട്ടിമറികൾ തീരുന്നില്ല; സ്പെയിന് ജപ്പാൻ ജ്വരം; വീണത് ജർമനി
|ചരിത്രത്തിന്റെ പോസ്റ്റിലേക്ക് ഇരട്ടഗോളടിച്ചാണ് സ്പെയിനെ എയറിലാക്കി ജപ്പാൻ ഫയർപ്ലേയ്ക്ക് അൽ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം സാക്ഷിയായത്.
ദോഹ: അട്ടിമറികൾ തീരുന്നില്ല. ഇന്ന് നടന്ന നിർണായക മത്സരങ്ങളിൽ രണ്ട് മുൻ ലോക ചാമ്പ്യൻമാർക്ക് അടിപതറി. 2014ലെ ചാമ്പ്യന്മാരായ ജർമനിയാണ് ഇത്തവണ മുഖംപൊത്തി നാട്ടിലേക്ക് മടങ്ങുന്നത്. സ്പെയിനെ തകർത്ത് ജപ്പാൻ വെന്നിക്കൊടി പാറിച്ചതോടെ വീണ്ടുമൊരു ഏഷ്യൻ വീരഗാഥയ്ക്കാണ് ലോകകപ്പ് സാക്ഷ്യം വഹിച്ചത്.
ചരിത്രത്തിന്റെ പോസ്റ്റിലേക്ക് ഇരട്ടഗോളടിച്ചാണ് സ്പെയിനെ എയറിലാക്കി ജപ്പാൻ ഫയർപ്ലേയ്ക്ക് അൽ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം സാക്ഷിയായത്. ലോകകപ്പ് ഗ്രൂപ്പ് ഇ നിർണായക മത്സരത്തിലാണ് സ്പെയിന്റെ നെഞ്ചിലേക്ക് ഇരട്ട വെടിയുണ്ട പായിച്ച് ജപ്പാൻ തേരാളികൾ പുതുചരിത്രം രചിച്ചത്. ഒന്നിനെതിരെ ഇരട്ട ഗോളുകൾ തിരിച്ചടിച്ചാണ് ജപ്പാൻ 2010ലെ ചാമ്പ്യന്മാരെ തറപറ്റിച്ചത്.
ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാൻ പ്രീക്വാർട്ടറിലിടം നേടി. 2014ൽ പ്രീ ക്വാർട്ടിലെത്തിയ ചരിത്രമുള്ള ജപ്പാൻ ശക്തരായ സ്പെയിന് ആദ്യ പകുതിയിൽ വെല്ലുവിളിയായിരുന്നില്ലെങ്കിലും രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റിൽ അവരുടെ നെഞ്ചിൻകൂട് തകർക്കുകയായിരുന്നു. പിന്നാലെ 51ാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നതോടെ സ്പെയിൻ അക്ഷരാർഥത്തിൽ തകർന്നു.
പിന്നീട് സമനില നേടാൻ സ്പെയിൻ പരമാവധി ശ്രമിച്ചെങ്കിലും എല്ലാ നീക്കങ്ങളും വിഫലമാവുകയായിരുന്നു. മറുവശത്ത് കോസ്റ്റാറിക്കയ്ക്കെതിരെ നാല് ഗോളടിച്ച് ജയിച്ചെങ്കിലും ജർമനിയും പടിക്ക് പുറത്തായി. ഗ്രൂപ്പ് ഇയിൽ നടന്ന സ്പെയിൻ- ജപ്പാൻ മത്സരത്തിൽ ജപ്പാൻ സ്പെയിനെ അട്ടിമറിച്ചതോടെയാണ് ജർമനിയുടെ അവസാന സാധ്യതയും അടഞ്ഞത്.
ആദ്യ കളി ജപ്പാനുമായി തോറ്റതും രണ്ടാം കളി സ്പെയിനുമായി സമനിലയായതും ജർമനിക്ക് തിരിച്ചടിയായി. ഇന്നത്തെ കിടിലൻ ജയത്തോടെ ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയും സ്പെയിൻ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയുമായിരുന്നു. ഒപ്പം 11ാം റാങ്കുകാരായ ജർമനിയും 31ാം റാങ്കുകാരായ കോസ്റ്റാറിക്കയും പുറത്താവുകയും ചെയ്തു.
ജയത്തിൽ കുറഞ്ഞതെല്ലാം തങ്ങളെ ലോകകപ്പിന് പുറത്തെത്തിക്കുമെന്നറിഞ്ഞായിരുന്നു ഇന്ന് ജർമനി ബൂട്ടണിഞ്ഞത്. എന്നാൽ ഇപ്പുറത്ത് കളിച്ചത് ഏത് വമ്പന്മാരെയും അട്ടിമറിക്കാൻ കഴിവുള്ള കോസ്റ്ററിക്കയാണ്. അതിനാൽ തന്നെ തീരുമാനിച്ചുറപ്പിച്ചാണ് ജർമനി ഇന്ന് ഇറങ്ങിയത്. എന്നാൽ അതേ തീരുമാനത്തോടെയായിരുന്നു കോസ്റ്ററിക്കയുടേയും കളി.അതുകൊണ്ട് തന്നെ ലോകകപ്പിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നിനാണ് അൽബയ്ത്ത് സ്റ്റേഡിയം സാക്ഷിയായത്.
ആദ്യ പകുതിയിൽ ലീഡ് ചെയ്ത ജർമനിയെ രണ്ടാം പകുതിയിൽ ഞെട്ടിച്ചാണ് കോസ്റ്ററിക്ക ലോകത്തെ അത്ഭുതപ്പെടുത്തിയത്. അതേസമയം, ഇപ്പുറത്തെ മത്സരത്തിൽ 11ാം മിനിറ്റിൽ ആൽവറോ മൊറാട്ടയാണ് സ്പെയിനായി ഹെഡ്ഡറിലൂടെ ആദ്യം വല കുലുക്കിയത്.
എന്നാൽ ആ ആശ്വാസം അധികനേരം നീണ്ടു നിന്നില്ല. 48ാം മിനിറ്റിൽ റിറ്റ്സു ഡോവൻ എതിരാളികളുടെ നെഞ്ച് കലക്കി ജപ്പാനായി ആദ്യ ഗോൾ സ്കോർ ചെയ്തു. തൊട്ടുപിന്നാലെ സ്പെയിൻ വലയിലേക്ക് ടനാക രണ്ടാമത്തെ വെടിയുണ്ട പായിച്ചു. ആദ്യ ഗോളിന്റെ ഷോക്കിൽ നിന്ന് മുക്തരാവാൻ സമയം കൊടുക്കാതെയായിരുന്നു ജപ്പാന്റെ രണ്ടാമത്തെ അടി.
കളി ആദ്യ പകുതി കഴിഞ്ഞപ്പോൾ സ്പെയിനായിരുന്നു ഒരു ഗോളിന് മുന്നിൽ. എന്നാൽ രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റിൽ മുൻ ചാമ്പ്യന്മാരെ ജപ്പാൻ വിറപ്പിക്കുകയായിരുന്നു. പ്രീക്വാർട്ടറിൽ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികൾ. ഡിസംബർ അഞ്ച് തിങ്കളാഴ്ച എട്ടരയ്ക്കാണ് മത്സരം. അതേസമയം, ജപ്പാനോട് തോറ്റ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ സ്പെയിന് മൊറോക്കോയാണ് എതിരാളികൾ.