Sports
ഒരിക്കലവൾക്ക് മനസിലാകും, പിതാവിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് പിറന്ന രാത്രിയായിരുന്നു ഇതെന്ന്; ഹൃദയംതൊടുന്ന കുറിപ്പുമായി അനുഷ്‌ക
Sports

'ഒരിക്കലവൾക്ക് മനസിലാകും, പിതാവിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് പിറന്ന രാത്രിയായിരുന്നു ഇതെന്ന്'; ഹൃദയംതൊടുന്ന കുറിപ്പുമായി അനുഷ്‌ക

Web Desk
|
24 Oct 2022 3:03 AM GMT

''നിന്റെ ധൈര്യവും നിശ്ചയദാർഢ്യവും ആത്മവിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരമാണ് കണ്ടത്''

ടി-20 ലോകകപ്പിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ നേടിയ ആവേശവിജയത്തിന്റെ ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. തോൽക്കുമെന്ന് ഉറപ്പിച്ച മത്സരത്തിൽ നിന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് വിരാട് കോഹ്ലിയുടെ പകരംവെക്കാനില്ലാത്ത പ്രകടനമായിരുന്നു. കോടിക്കണക്കിന് ഇന്ത്യൻ ആരാധകരുടെ പ്രാർഥനകളും പ്രതീക്ഷകളുമാണ് കോഹ്ലി നിറവേറ്റിയത്. ഫോമില്ലായ്മയുടെ പേരിൽ ഏറെക്കാലം നേരിടേണ്ടിവന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു കോഹ്ലിയുടെ ഇന്നലത്തെ പ്രകടനം.

ലോകം മുഴുവൻ കോഹ്ലിയുടെ പ്രകടനത്തെ വാഴ്ത്തി. ഭർത്താവിന്റെ പ്രകടനത്തെ പ്രശംസിച്ച് ഭാര്യയും ബോളിവുഡ് നടികൂടിയായ അനുഷ്‌കയുമെത്തി. ഹൃദയം തൊടുന്ന കുറിപ്പാണ് അനുഷ്‌ക സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ടിവിയിൽ കളി കാണുന്നതിന്റെ ചിത്രവും അനുഷ്‌ക പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ ദീപാവലിയുടെ തലേന്ന് ഒരുപാട് ആളുകളുടെ ജീവിതത്തിലേക്കാണ് നീ സന്തോഷം കൊണ്ടുവന്നത് എന്ന് തുടങ്ങുന്ന പോസ്റ്റാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 'അമ്മ എന്തിനാണ് മുറിയിൽ നൃത്തം ചെയ്യുന്നതും ആവേശത്തോടെ അലറിവിളിക്കുന്നതെന്നും നമ്മുടെ മകൾക്ക് മനസിലായിട്ടില്ല. ഏറെ പ്രയാസം നിറഞ്ഞ ഒരു കാലഘട്ടത്തെ അതിജീവിച്ച് മുമ്പത്തേക്കാൾ ശക്തനായി തന്റെ പിതാവ് കളിച്ച ഏറ്റവും മികച്ച ഇന്നിങ്‌സ് പിറന്ന രാത്രിയാണ് അതെന്ന് ഒരു ദിവസം അവൾക്ക് മനസ്സിലാകുമെന്നും അനുഷ്‌ക കുറിച്ചു.

മത്സരത്തിൽ പുറത്താകാതെ 82 റൺസാണ് വിരാട് കോഹ്ലി നേടിയത്. 53 പന്തിൽ നാല് സിക്‌സും ആറും ഫോറുമാണ് കോഹ്ലി അടിച്ചത്.

അനുഷ്കയുടെ കുറിപ്പ് വായിക്കാം...

യൂ ബ്യൂട്ടി...യൂ ഫ്രീക്കിങ് ബ്യൂട്ടി...

ഈ രാത്രി ആളുകളുടെ ജീവിതത്തിൽ ഒരുപാട് സന്തോഷമാണ് നീ കൊണ്ടുവന്നത്. അതും ദീപാവലിയുടെ തലേന്ന്.

മൈ ലവ്, നീ അതിശയപ്പെടുത്തുന്ന മനുഷ്യനാണ്. നിന്റെ ധൈര്യവും നിശ്ചയദാർഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരമാണ് കണ്ടത്. നമ്മുടെ മകൾ വളരെ ചെറുതാണ്. അതുകൊണ്ട് തന്നെ അവളുടെ അമ്മ മുറിയിൽ നൃത്തം ചെയ്യുന്നതും ആവേശത്തോടെ നിലവിളിക്കുന്നതും എന്തു കൊണ്ടാണെന്ന് മനസിലാക്കാൻ അവൾക്കാവില്ല. പക്ഷേ ഒരു ദിവസം അവൾക്ക് മനസ്സിലാകും, ഏറെ പ്രയാസം നിറഞ്ഞ ഒരു കാലഘട്ടത്തെ അതിജീവിച്ച് മുമ്പത്തേക്കാൾ ശക്തനായി തന്റെ പിതാവ് കളിച്ച ഏറ്റവും മികച്ച ഇന്നിങ്‌സ് പിറന്ന രാത്രിയാണ് അതെന്ന്. നിന്നെ ഓർത്ത് ഒരുപാട് അഭിമാനം കൊള്ളുന്നു. ഉയർച്ചകളിലും താഴ്ചകളിലും നിങ്ങളെ സ്‌നേഹിക്കുന്നു പ്രിയപ്പെട്ടവനെ...


Similar Posts