Sports
Emiliano Martinez,argentina, football world cup, lionel messi, golden glove

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മാര്‍ട്ടീനസിന്‍റെ വിവാദമായ ആംഗ്യം

Sports

'പണി വരുന്നുണ്ട്...' ഫൈനലിലെ മോശം പെരുമാറ്റം; അര്‍ജന്‍റീനക്ക് പിഴ ചുമത്താന്‍ ഫിഫ

Web Desk
|
14 Jan 2023 1:02 PM GMT

എന്നാല്‍ ഏതൊക്കെ താരങ്ങള്‍ക്കെതിരായാകും നടപടിയെന്നോ ഏതൊക്കെ സംഭവങ്ങളാണ് നടപടിക്ക് കാരണാമാകുന്നതെന്നോ ഫിഫ വ്യക്തമാക്കിയിട്ടില്ല.

ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീനയെ കാത്ത് ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ നടപടി വരുന്നു. ഖത്തര്‍ ലോകകപ്പ് ഫൈനലിലും അതിന് മുന്‍പുള്ള മത്സരങ്ങളിലും അര്‍ജന്‍റീന താരങ്ങളും ടീം സ്റ്റാഫുകളും പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് ഫിഫ ചൂണ്ടിക്കാട്ടുന്നത്.

മാന്യമല്ലാത്ത പെരുമാറ്റവും, മത്സരത്തിന്‍റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനം (ആര്‍ട്ടിക്കിള്‍ 11), കളിക്കാരുടെയും ടീം ഒഫീഷ്യല്‍സിന്‍റെയും മോശം പെരുമാറ്റം (ആര്‍ട്ടിക്കിള്‍ 12) എന്നിവ പരിശോധിച്ചാണ് അര്‍ജന്‍റീനക്കെതിരെ ഫിഫ നടപടി ക്രമങ്ങള്‍ ആരംഭിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏതൊക്കെ താരങ്ങള്‍ക്കെതിരായാകും നടപടിയെന്നോ ഏതൊക്കെ സംഭവങ്ങളാണ് നടപടിക്ക് കാരണാമാകുന്നതെന്നോ ഫിഫ വ്യക്തമാക്കിയിട്ടില്ല. മാര്‍ക്കറ്റിങ് നിയമാവലി ലംഘിച്ചതിനും ടീം അര്‍ജന്‍റീനക്കെതിരെ നടപടിയുണ്ടാകും. ഫൈനലിന് ശേഷം വിജയാഘോഷത്തിനിടെ ഗ്രൌണ്ടിലെ മാര്‍ക്കറ്റിങ് വസ്തുക്കള്‍ അര്‍ജന്‍റീനിയന്‍ ടീമംഗങ്ങള്‍ നശിപ്പിച്ചെന്നും ഫിഫ കണ്ടെത്തിയിരുന്നു

പുരസ്കാരദാന ചടങ്ങിനിടെ ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നതിനിടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്‍റെ വിവാദ ആംഗ്യവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗോള്‍ഡന്‌‍ ഗ്ലൗവ് പുരസ്കാരം ഏറ്റവുവാങ്ങിയ ശേഷമായിരുന്നു മാര്‍ട്ടീനസിന്‍റെ അശ്ലീലച്ചുവയുള്ള ആക്ഷന്‍. പിന്നീട് അര്‍ജന്‍റീനയില്‍ എത്തിയശേഷമുള്ള ടീം ബസിലെ വിജയാഘോഷത്തിനിടയിലും ഫ്രാന്‍സ് താരം എംബാപ്പെയെ കളിയാക്കിയ സംഭവവും വലിയ വാര്‍ത്തയായിരുന്നു. പക്ഷേ ഫിഫയുടെ റിപ്പോര്‍ട്ടില്‍ മാര്‍ട്ടിനെസിന്‍റെയും മറ്റ് അര്‍ജന്‍റീന താരങ്ങളുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.

നടപടിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ അർജന്‍റീനക്കെതിരെ ഫിഫ ചുമതലപ്പെടുത്തുന്ന അന്വേഷണ സമിതിയുടെ അന്വേഷണം ഉണ്ടാകും. ഇതിനിടയില്‍ അർജന്‍റൈന്‍ ഫുട്ബാൾ അസോസിയേഷന് വിശദീകരണം നൽകാം. അതേസമയം സെമിയിൽ അർജന്‍റീനയോട തോറ്റ ക്രൊയേഷ്യക്കെതിരെയും ചട്ടലംഘനങ്ങളുടെ പേരിൽ ഫിഫ അന്വേഷണം നടത്തുന്നുണ്ട്.

Similar Posts