ഫൈനലിൽ അർജന്റീന ഇറങ്ങുക ഹോം ജേഴ്സിയിൽ
|അവസാനം കളിച്ച രണ്ട് ഫൈനലിലും ഏവേ ജേഴ്സിയിലാണ് അർജന്റീന ഇറങ്ങിയത്
ദോഹ: ലോകകപ്പ് ഫൈനലിൽ അർജന്റീന ഇറങ്ങുക ഹോം ജേഴ്സിയിൽ. 1986ന് ശേഷം ആദ്യമായാണ് ലോകകപ്പ് ഫൈനലിൽ അർജന്റീന ഹോം ജേഴ്സി അണിയുന്നത്. അവസാനം കളിച്ച രണ്ട് ഫൈനലിലും ഏവേ ജേഴ്സിയിലാണ് അർജന്റീന ഇറങ്ങിയത്.
വെള്ളയും നീലയും വരയുള്ള കുപ്പായം. ദേശീയ പതാകയുടെ നിറത്തിലുള്ള ജേഴ്സി അർജന്റീനക്കാരുടെ ഹൃദയ വികാരമാണ്. ആ കുപ്പായം ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു ആരാധകർ. അർജന്റീനക്ക് ഇത് ആറാം ലോകകപ്പ് ഫൈനലാണ്. രണ്ട് കിരീടങ്ങൾ. 1978ലും 86ലും. ആകാശ നീല നിറത്തിലുള്ള കുപ്പായത്തിലാണ് കീരീടമണിഞ്ഞ രണ്ടുവട്ടവും ആൽബിസെലസ്റ്റകൾ കലാശപ്പോരിനിറങ്ങിയത്.
86ന് ശേഷം രണ്ട് ഫൈനൽ കളിച്ചു. 90ലും 2014ലും. രണ്ട് തവണയും എതിരാളികൾ ജർമനി. രണ്ടുതവണയും അർജന്റീന ഇറങ്ങിയത് എവേ ജേഴ്സിയിൽ. രണ്ടു തവണയും കിരീടം കൈവിട്ടു. ഹോം ജേഴ്സിയാണ് ഭാഗ്യമെന്ന് ആരാധകർ വിശ്വസിക്കാനുള്ള കാരണവും ഇതുതന്നെ. ഒരിക്കൽ കൂടി കലാശപ്പോരിന് ബൂട്ടുകെട്ടുന്നു അർജന്റീന. ഇത്തവണ വെള്ളയും നീലയും വരയുള്ള കുപ്പായം തന്നെ. ആകാശ നീല ഭാഗ്യം കൊണ്ടുവരും. ലയണൽ മെസി കീരീടമണിയും.അർജന്റീന ലോകചാമ്പ്യൻമാരാകും. ഉറച്ചുവിശ്വസിക്കുന്നു ആരാധകർ.
Argentina will play the final with their home jersey.
— Nico Cantor (@Nicocantor1) December 15, 2022
In 2014 and 1990, the last two finals they lost, they wore the away kit.