കിരീട പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് റാംസ്ഡെൽ
|ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ തോൽവി
ഇംഗ്ലീഷ് പ്രീമിയര് ലീഗ് കിരീട പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലായെന്നും ശക്തമായി തിരിച്ചു വരുമെന്നും ആഴ്സനൽ ഗോൾ കീപ്പർ ആരോൺ റാംസ്ഡെൽ. മാഞ്ചസ്റ്റർ സിറ്റിയുമായുളള മത്സരത്തിലെ പരാജയം പ്രീമിയർ ലീഗിൽ ആഴ്സനലിന്റെ കിരീട പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നൽകിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ടീമിന്റെ തോൽവി.
2022-23 സീസണിൽ പ്രീമിയർ ലീഗിൽ ഉടനീളം ആധിപത്യം പുലർത്തിയ ആഴ്സനൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മോശം ഫോമിലാണ്. മൂന്ന് മത്സരങ്ങളിൽ സമനിലക്കൊണ്ട് രക്ഷപ്പെട്ടപ്പോൾ മാഞ്ചസ്റ്റർ സിറ്റിയോട് കനത്ത പരാജയമായിരുന്നു ടീം ഏറ്റുവാങ്ങിയത്. നിലവിൽ ഒന്നാം സ്ഥാനത്താണെങ്കിലും രണ്ട് മത്സരങ്ങൾ സിറ്റിയോക്കാൾ അധികം കളിച്ചിട്ടുളള അവർക്ക് സിറ്റിയുമായി വെറും രണ്ട് പോയിന്റ് മാത്രമെ ലീഡൊള്ളൂ. ആഴ്സനലിന് 33- മത്സരങ്ങളിൽ നിന്ന് 75- പോയിന്റും സിറ്റിക്ക് 35- മത്സരങ്ങളിൽ 73- പോയിന്റുമാണുളളത്. എന്നാൽ വരാനിരിക്കുന്ന മത്സരങ്ങളിൽ തിരിച്ചു വരാമെന്ന് റാംസ്ഡേൽ പ്രതീക്ഷിക്കുന്നു.
"ഞങ്ങൾ ഒമ്പത് മാസം പ്രീമിയർ ലീഗിൽ കളിച്ച ഫുട്ബോൾ അല്ല കഴിഞ്ഞ കുറച്ചു മത്സരങ്ങളായി കളിക്കുന്നത്, ആ നാല് മത്സരങ്ങൾ ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ കളിക്കാനായിട്ടില്ല. ഫുട്ബോളിൽ എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിക്കുകയാണെങ്കിൽ, അത് ഈ ലീഗിലാണ് സംഭവിക്കാൻ പോകുന്നത്. പ്രീമിയർ ലീഗിൽ അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അവസാന സ്ഥാനത്തുളളവർ നിലനിൽപ്പിനായി പോരാടുന്നു, മുകളിലുളളവർ കിരീടത്തിനായി പോരാടുന്നു അത് എത്ര കഠിനമാണെന്ന് നിങ്ങൾ കാണുന്നുണ്ട്. അതിനാൽ ഞങ്ങൾ എല്ലാ മത്സരങ്ങളിലും ശക്തമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു. അവസാന അഞ്ച് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ എന്തും സംഭവിക്കാ. കിരീടത്തിനായി ഞങ്ങൾ അവസാനം വരെയും ശക്തമായി പോരാടും. റാംസ്ഡെൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.