Sports
വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റി; അർഷദീപിന് സോഷ്യൽ മീഡിയയിൽ പൊങ്കാല
Sports

'വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റി'; അർഷദീപിന് സോഷ്യൽ മീഡിയയിൽ പൊങ്കാല

Web Desk
|
4 May 2023 10:59 AM GMT

മുംബൈക്കെതിരെ മൂന്നോവറും അഞ്ച് പന്തുമെറിഞ്ഞ അര്‍ഷദീപ് 66 റണ്‍സാണ് വിട്ട് നല്‍കിയത്.

ഇന്നലെ മൊഹാലിയില്‍ പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മുംബൈ ഇന്ത്യന്‍സ് പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ പിറന്നത് ചരിത്രം. മൊഹാലിയില്‍ ഇതാദ്യമായാണ് ഒരു ടീം 200 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്നത്.

മത്സരത്തില്‍ പേരുകേട്ട പഞ്ചാബ് ബോളര്‍മാരെല്ലാം മുംബൈ ബാറ്റര്‍മാരുടെ ചൂടറിഞ്ഞു. അതിലേറ്റവുമധികം റണ്‍സ് വിട്ടുനല്‍കിയത് പേസ് ബോളര്‍ അര്‍ഷദീപ് സിങ്ങാണ്. മൂന്നോവറും അഞ്ച് പന്തുമെറിഞ്ഞ അര്‍ഷദീപ് 66 റണ്‍സാണ് വിട്ട് നല്‍കിയത്. അര്‍ഷദീപിന്‍റെ പന്തില്‍ ഒരു കൂറ്റന്‍ സിക്സര്‍ പറത്തി തിലക് വര്‍മയാണ് മുംബൈക്ക് ആവേശജയം സമ്മാനിച്ചത്.

മുംബൈയുമായുള്ള ആദ്യമത്സരത്തില്‍ വാംഖഡേയില്‍ വച്ച് തന്‍റെ സ്റ്റമ്പ് എറിഞ്ഞൊടിച്ച അര്‍ഷദീപിന് തിലക് വര്‍മ കരുതിവച്ച മധുരപ്രതികാരം കൂടിയായിരുന്നു അത്. അര്‍ഷദീപിനെതിരെ മൂന്ന് പടുകൂറ്റന്‍ സിക്സുകളാണ് തിലക് ഇന്നലത്തെ മത്സരത്തില്‍ പറത്തിയത്. മത്സരത്തിന് ശേഷം സോഷ്യല്‍ മീഡിയ നിറയേ അര്‍ഷദീപ് സിങ്ങിനെ പരിഹസിച്ചുള്ള ട്രോളുകളാണ്. ഐ.പി.എല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണ് അര്‍ഷദീപിന്‍റേത് എന്നാണ് ട്വിറ്ററില്‍ ഒരാള്‍ ഇന്നലെ കുറിച്ചത്.

കൂറ്റനടികളുമായി കളംനിറഞ്ഞ ഇഷാന്‍ കിഷന്‍റേയും സൂര്യകുമാര്‍യാദവിന്‍റേയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവിലാണ് പഞ്ചാബ് ഉയര്‍ത്തിയ റണ്‍മല മുംബൈ മറികടന്നത്. പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒരോവര്‍ ബാക്കി നില്‍ക്കേ മറികടന്നു. ആറ് വിക്കറ്റിനാണ് മുംബൈയുടെ വിജയം. മൊഹാലിയില്‍ ഇതാദ്യമായാണ് ഒരു ടീം ഐ.പി.എല്ലില്‍ 200 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്.

ഇഷാന്‍ കിഷന്‍ 41 പന്തില്‍ 75 റണ്‍സ് എടുത്തപ്പോള്‍ സൂര്യ 31 പന്തില്‍ 66 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച തിലക് വര്‍മയും ടിം ഡേവിഡും ചേര്‍ന്നാണ് മുംബൈയെ വിജയതീരമണച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ മുംബൈ ആറാം സ്ഥാനത്തേക്ക് കയറി.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംപൂജ്യനായി മടങ്ങിയെങ്കിലും പിന്നീടെത്തിയ ബാറ്റര്‍മാരെല്ലാം മുംബൈക്കായി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. കാമറൂണ്‍ ഗ്രീന്‍ പുറത്തായ ശേഷം ക്രീസിലൊന്നിച്ച ഇഷാന്‍ സൂര്യ ജോഡി നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. അര്‍ഷദീപ് സിങ് അടക്കം പഞ്ചാബ് നിരയിലെ പേര് കേട്ട ബൌളര്‍മാരൊക്കെ മുംബൈ ബാറ്റര്‍മാരുടെ ചൂടറിഞ്ഞു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡും തിലക് വര്‍മയും ചേര്‍ന്ന് മുംബൈ വിജയം രാജകീയമാക്കി.

Similar Posts