ആഷസ്; സ്റ്റോക്സിന്റെ പോരാട്ടം വിഫലം, രണ്ടാം ടെസ്റ്റിലും ഓസീസ് വീരഗാഥ
|അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 2-0 ന് മുന്നില്‍
ലോര്‍ഡ്സ്: ആഷസ് രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന് തോൽവി. 43 റൺസിനാണ് കങ്കാരുപ്പട ഇംഗ്ലണ്ടിനെ തകർത്തത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റർമാർ 327 റൺസിന് കൂടാരം കയറി. ഒരു ഘട്ടത്തിൽ വൻ തകർച്ചയുടെ വക്കിലായിരുന്ന ഇംഗ്ലണ്ടിനെ സെഞ്ച്വറിയുമായി തകർത്തടിച്ച ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും സ്റ്റോക്സിന്റെ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകരുകയായിരുന്നു.
രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പാറ്റ് കമ്മിൻസും ജോഷ് ഹേസൽ വുഡും മിച്ചൽ സ്റ്റാർക്കും ചേർന്നാണ് ഇംഗ്ലണ്ടിനെ തകർത്തത്. 214 പന്തിൽ 155 റൺസെടുത്ത ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഒമ്പത് സിക്സും ഒമ്പത് ഫോറുമായി ടി20 ശൈലിയിലാണ് സ്റ്റോക്സ് ബാറ്റ് വീശിയത്. ഇംഗ്ലീഷ് ആരാധകർക്ക് ഇത് വലിയ പ്രതീക്ഷ നൽകിയെങ്കിലും സ്റ്റോക്സിനെ അലക്സ് കാരിയുടെ കയ്യിലെത്തിച്ച് ഹേസൽവുഡ് ഓസീസിന് നിർണായക ബ്രേക് ത്രൂ നൽകി. ഓപ്പണർ ബെൻ ഡെക്കറ്റ് 83 റൺസെടുത്ത് പുറത്തായി. സ്കോര്‍- ഓസീസ്: 416, 279 ഇംഗ്ലണ്ട്: 325,327 . ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 2-0 ന് മുന്നിലെത്തി.