''അശ്വിന്റെ ബോളിങ് ആക്ഷന്‍ നിയമവിരുദ്ധം, വിലക്കണം''- സഈദ് അജ്മല്‍
|''എന്നെ വിലക്കാന്‍ കാരണമായി പറഞ്ഞത് ബോളിങ് ആക്ഷനാണെങ്കില്‍ ലോക ക്രിക്കറ്റിലെ 25 ബോളര്‍മാരുടെ ആക്ഷനുകള്‍ നിയമ വിരുദ്ധമാണ്, അവരേയും വിലക്കണം''
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് പാക് താരം സഈദ് അജ്മല്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുള്ള താരത്തിന് അപ്രതീക്ഷിതമായാണ് ഐ.സി.സി.യുടെ വിലക്ക് നേരിടേണ്ടി വന്നത്. 2014ൽ അന്താരാഷ്ട്ര ക്രിക്കറ്റ് ഗവേണിംഗ് ബോഡി അജ്മലിന്റെ ബോളിംഗ് ആക്ഷൻ നിയമപരമല്ലെന്ന് ആരോപിച്ചാണ് താരത്തെ വിലക്കിയത്. ശേഷം 2015ൽ അജ്മൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങളായ ഹര്ഭജന് സിങ്ങും ആര് അശ്വിനും അടക്കം ലോകക്രിക്കറ്റില്‍ നിരവധി താരങ്ങളുടെ ആക്ഷന്‍ നിയവിരുദ്ധമാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണിപ്പോള്‍ അജ്മല്‍. തന്നെ വിലക്കാന്‍ ഐ.സി.സി കാരണമായി പറഞ്ഞത് ബോളിങ് ആക്ഷനായിരുന്നെങ്കില് 25 ഓളം താരങ്ങള്‍ക്ക് വിലക്ക് വീഴണമായിരുന്നു എന്നാണ് അജ്മല്‍ പറയുന്നത്.
''നിയമ വിരുദ്ധ ബോളിംഗ് ആക്ഷനുള്ള 25 താരങ്ങളുടെ പട്ടിക നിങ്ങള്‍ക്ക് ഞാന്‍ നല്‍കാം. 500 വിക്കറ്റുനേടിയ ബോളര്‍മാരടക്കം ഇതില്‍ ഉള്‍പ്പെടും. ആര് അശ്വിന്, ഹര്ഭജന് സിംഗ്, സുനില്‍ നരെയ്ന്, മുത്തയ്യ മുരളീധരന് എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. പേസ് ബോളര്‍മാരില്‍ ആംബ്രോസ് ഉള്‍പ്പെടെ പലരും ഈ പട്ടികയിലുള്ളവരാണ്. ഇവരെല്ലാം പന്തെറിയുമ്പോള്‍ കൈ നന്നായി മടങ്ങുന്നുണ്ട്. എന്നെ വിലക്കാന്‍ കാരണമായി പറഞ്ഞത് ബോളിങ് ആക്ഷനാണെങ്കില്‍ ആ ബോളിങ് ആക്ഷനുകളും നിയമ വിരുദ്ധമാണ്''- അജ്മല്‍ പറഞ്ഞു.
2008ൽ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതു മുതൽ ഒരേ ആക്ഷനിൽ തന്നെയായിരുന്നു അജ്മൽ ബോൾ ചെയ്തിരുന്നത്. അതിനുശേഷം 5-6 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഐ.സി.സി അജ്മലിനെതിരെ നടപടിയെടുത്തത്. “ബോളിങ് ആക്ഷന്‍ ആണ് പ്രശ്നമെങ്കില്‍ എന്നെ 2009 സമയത്ത് തന്നെ ബാൻ ചെയ്യേണ്ടിയിരുന്നു. പക്ഷേ അവർ എന്നെ കളിക്കാൻ അനുവദിച്ചു. ഞാൻ 448 വിക്കറ്റുകൾ സ്വന്തമാക്കിയതിനുശേഷം അവർക്ക് എന്നെ തടയണമായിരുന്നു. അതുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്തത്. എന്നെ ക്രിക്കറ്റിൽ നിന്ന് ബാൻ ചെയ്യുന്ന സമയത്ത് ഞാനായിരുന്നു ഐസിസിയുടെ ഒന്നാം നമ്പർ ബോളർ”- അജ്മൽ കൂട്ടിച്ചേർത്തു.