Sports
കോവിഡ് വ്യാപനം: അടുത്ത മാസം നടക്കാനിരുന്ന ഏഷ്യാകപ്പ് റദ്ദാക്കി
Sports

കോവിഡ് വ്യാപനം: അടുത്ത മാസം നടക്കാനിരുന്ന ഏഷ്യാകപ്പ് റദ്ദാക്കി

Web Desk
|
19 May 2021 4:05 PM GMT

ടൂർണമെന്‍റിന് ആതിഥ്യം വഹിക്കുന്ന ശ്രീലങ്കയില്‍ കോവിഡ് രൂക്ഷമായതിനാലാണ് ടൂർണമെന്റ് മാറ്റിയത്

ഈ വർഷം ശ്രീലങ്കയിൽ നടക്കാനിരുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് റദ്ദാക്കി. ശ്രീലങ്കയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡി സിൽവയാണ് ടൂർണമെന്റ് റദ്ദാക്കിയ വിവരം പുറത്തുവിട്ടത്.

ഏഷ്യാകപ്പ് അടുത്ത മാസം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ശ്രീലങ്കയിലെ നിലവിലെ സാഹചര്യത്തിൽ ജൂണിൽ ടൂർണമെന്റ് നടത്താനാകില്ലെന്ന് ആഷ്‌ലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ, ബിസിസിഐ സെക്രട്ടറി ജയ്ഷാ നേതൃത്വം നൽകുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പാകിസ്താനായിരുന്നു ഇത്തവണ ഏഷ്യാകപ്പിന് ആതിഥ്യം വഹിക്കേണ്ടിയിരുന്നത്. എന്നാൽ, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകാൻ സാധ്യതയില്ലാത്തതിനാൽ ടൂർണമെന്റ് ശ്രീലങ്കയിലേക്കു മാറ്റുകയായിരുന്നു.

2018ലാണ് അവസാനമായി ഏഷ്യാകപ്പ് നടന്നത്. അടുത്ത രണ്ടുവർഷത്തേക്കുള്ള ടൂർണമെന്റുകളെക്കുറിച്ച് ഓരോ ടീമുകളും ഏകദേശ ധാരണയിലെത്തിയതിനാൽ ഇനി 2023ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനും ശേഷമേ ടൂർണമെന്റ് നടക്കാനിടയുള്ളൂ.

Related Tags :
Similar Posts