ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്ഷൂവില്‍ ഇന്ന് അനൗദ്യോഗിക തുടക്കം
|വോളിബോളിലും ഫുട്ബോളിലും ഇന്ത്യ ഇന്ന് കന്നിയങ്കത്തിനിറങ്ങും. 23നാണ് ഔദ്യോഗികമായി കായികമാമാങ്കത്തിനു തുടക്കമാകുന്നത്
ബെയ്ജിങ്: ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്ഷൂവില്‍ ഇന്ന് അനൗദ്യോഗിക തുടക്കം. നാല് ഗെയിംസ് ഇനങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ഫുട്ബോളിലും വോളിബോളിലും ഇന്ത്യയും കന്നിയങ്കത്തിനിറങ്ങും. 23നാണ് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ്.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഏഷ്യന്‍ കായികതാരങ്ങളൊന്നായി ചൈനയില്‍ സമ്മേളിക്കുകയാണ്. വന്‍കരയിലെ 46 രാജ്യങ്ങളെ കാത്തിരിക്കുന്നത് 481 സ്വര്‍ണ മെഡലുകളാണ്. വിസ്മയങ്ങള്‍ അനവധിയൊളിപ്പിച്ച് ഹാങ്ഷൂവില്‍ രണ്ട് കിലോമീറ്ററോളം ദൂരത്തിലൊരു ഗെയിംസ് നഗരം തന്നെ സജ്ജമാണ്. ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, ബീച്ച് വോളിബോള്‍ കോര്‍ട്ടുകളിലാണ് ഇന്ന് വിസില്‍ മുഴങ്ങുന്നത്.
വോളിബോളിലും ഫുട്ബോളിലും ഇന്ത്യയും ഇന്ന് കന്നിയങ്കത്തിനിറങ്ങും. വോളിബോളില്‍ കംബോഡിയയും ഫുട്ബോളില്‍ ചൈനയുമാണ് എതിരാളികള്‍. ഫുട്ബോളില്‍ ചേത്രിയും സംഘവും ലക്ഷ്യംവയ്ക്കുന്നത് വിവാദങ്ങളും അനിശ്ചിതത്വങ്ങളും വകഞ്ഞുമാറ്റുന്ന സ്വപ്നനേട്ടമാണ്. പുരുഷ വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ടീമിനെ അയക്കുന്നുവെന്നതും ഇത്തവണത്തെ സവിശേഷതയാണ്. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ രണ്ടാം നിരയാണെങ്കില്‍ വനിതാ വിഭാഗത്തില്‍ ഫുള്‍ ടീം തന്നെയാണ് ഇറങ്ങുന്നത്.
655 പേരടങ്ങുന്ന ജമ്പോ സംഘവുമായി ഇന്ത്യ ചൈനയിലിറങ്ങുന്നത് ഏഷ്യാഡ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്പാദ്യം ലക്ഷ്യംവച്ചാണ്. 68 അംഗ അത്ലറ്റിക്സ് സംഘം നല്‍കുന്നത് വലിയ പ്രതീക്ഷയാണ്. ജാവലിന്‍ ത്രോയില്‍ ഒളിംപിക്സ് ചാംപ്യന്‍ നീരജ് ചോപ്രയും ലോക അത്ലറ്റിക്സ് മീറ്റില്‍ മെഡലിനരികെ പോരാട്ടമവസാനിപ്പിച്ച റിലേ ടീമും വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. ഹര്‍ഡില്‍സില്‍ വിദ്യ രാമരാജും ഹൈജംപില്‍ ശ്രീശങ്കറും ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേലും സ്റ്റീപിള്‍ ചേസില്‍ അവിനാശ് സാബ്ലെയുമെല്ലാം ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളാണ്.
സെപ്തംബര്‍ 29നാണ് ഗെയിംസിലെ മുഖ്യ ഇനമായ അത്ലറ്റിക്സ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഷൂട്ടിങ്, വെയ്റ്റ് ലിഫ്റ്റിങ്, ബോക്സിങ്, ഗുസ്തി, ബാഡ്മിന്റണ്‍ എന്നിവയിലെല്ലാം ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷകളുണ്ട്. ബോക്സിങ്ങിലും ഹോക്കിയിലുമുള്പ്പെടെ ഒളിംപിക്സിലേക്കുള്ള യോഗ്യതാ കടമ്പയായതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ കൈമെയ് മറന്ന് പോരാടുമെന്നുറപ്പാണ്. കഴിഞ്ഞ വര്‍ഷം നടക്കേണ്ട ഗെയിംസ് കോവിഡ് കാരണം ഈ വര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. സെപ്തംബര്‍ 23ന് ആരംഭിക്കുന്ന ഗെയിംസിന് ഒക്ടോബര്‍ എട്ടിന് കൊടിയിറങ്ങും.
Summary: The Asian Games will be kicked off unofficially today in Hangzhou, China