ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്: എൽദോസ് പോൾ മടങ്ങുന്നത് തലയുയർത്തി തന്നെ....
|ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജമ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് എല്‍ദോസ് മടങ്ങുന്നത്
യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍ മലയാളി താരം എല്‍ദോസ് പോളിന് നിരാശ. എങ്കിലും ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജമ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് എല്‍ദോസ് മടങ്ങുന്നത്. അതേസമയം ഇതേ ഇനത്തിൽ മത്സരിച്ച മറ്റ് ഇന്ത്യൻ താരങ്ങളായ അബ്ദുല്ല അബൂബക്കറിനും പ്രവീൺ ചിത്രവേലുവിനും ഫൈനൽ യോഗ്യത നേടാനായിരുന്നില്ല.
16.79 മീറ്റർ ദൂരം ചാടിയ എൽദോസ്, യോഗ്യതാ റൗണ്ടിൽ ഒൻപതാം സ്ഥാനത്തെത്തിയാണ് പുറത്തായത്. രണ്ടാം ശ്രമത്തിലാണ് എൽദോസ് 16.79 മീറ്റർ ദൂരം പിന്നിട്ടത്. ആദ്യ ശ്രമത്തിൽ 13.86 മീറ്ററും മൂന്നാം ശ്രമത്തിൽ 16.37 മീറ്ററുമാണ് എൽദോസ് പിന്നിട്ട ദൂരം. മെഡല്‍ നേടാനായില്ലെങ്കിലും തലയുയര്‍ത്തി തന്നെയാണ് യൂജിനില്‍ നിന്ന് കോലഞ്ചേരി രാമമംഗലം സ്വദേശിയായ എല്‍ദോസ് മടങ്ങുന്നത്. മലയാളിയായ അബ്ദുല്ല 16.45 മീറ്ററും പ്രവീൺ 16.49 മീറ്ററുമാണ് പിന്നിട്ടത്. പ്രവീൺ 17–ാം സ്ഥാനവും അബ്ദുല്ല 19–ാം സ്ഥാനവും നേടി.
17.95 മീറ്റര്‍ കണ്ടെത്തിയ പോര്‍ച്ചുഗലിന്റെ ഒളിമ്പിക് ചാമ്പ്യന്‍ കൂടിയായ പെഡ്രോ റിക്കാര്‍ഡോയ്ക്കാണ് സ്വര്‍ണം. സീസണിലെ മികച്ച ദൂരം കണ്ടെത്തി 17.55 മീറ്റര്‍ ചാടിയ ബുര്‍ക്കിനഫാസോയുടെ ഹ്യൂഗ്സ് ഫാബ്രിസ് സാംഗോ വെള്ളി മെഡല്‍ നേടി. 17.31 മീറ്റര്‍ ചാടിയ ചൈനയുടെ യാമിങ് സു വെങ്കലം നേടി. അതേസമയം ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര വെള്ളി സ്വന്തമാക്കി. 88.13 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി നേടിയത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന നേട്ടം കൂടിയാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. 90.46 മീറ്റർ എറിഞ്ഞ ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സണാണ് സ്വർണം.
Summary-Eldhose Paul finishes ninth in men's triple jump final