രവീന്ദ്രജാലം; നാഗ്പൂർ ടെസ്റ്റിന്റെ ആദ്യദിനം കങ്കാരുക്കളെ കറക്കിവീഴ്ത്തി ജഡേജയും അശ്വിനും
|ആസ്ട്രേലിയ 177 റണ്‍സിന് പുറത്ത്
നാഗ്പൂർ: സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും ആര് അശ്വിനും പന്തുമായി ഇന്ദ്രജാലം കാണിച്ചപ്പോള്‍ നാഗ്പൂര്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ആസ്ട്രേലിയ 177 റണ്‍സിന് പുറത്ത്. തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയ രവീന്ദ്ര ജഡേജ 22 ഓവറില്‍ 47 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതു. മൂന്ന് വിക്കറ്റുമായി ആര് അശ്വിന് ജഡേജക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്ക് കഷ്ടകാലമായിരുന്നു. നാഗ്പൂരില്‍ കങ്കാരുക്കള്‍ ഭയന്നത് തന്നെ സംഭവിച്ചു. ആദ്യ മൂന്ന് ഓവറിനുള്ളിൽ തന്നെ ആസ്ത്രേലിയന്‍ ഓപ്പണർമാരെ ഇന്ത്യ കൂടാരം കയറ്റി. ഒരോ റൺസ് വീതം നേടിയായിരുന്നു വാർണർ-ഖവാജ സഖ്യത്തിന്റെ മടക്കം. രണ്ട് റൺസായിരുന്നു അപ്പോൾ സ്കോർബോർഡിൽ. പിന്നീട് എത്തിയ സ്മിത്തും ലബുഷെയിനും ചേർന്നാണ് ടീമിനെ ഉണർത്തിയത്. ഇരുവരും പതിയെ ബാറ്റേന്തി. അതിനിടെ സ്മിത്ത് നൽകിയ ക്യാച്ച് സ്ലിപ്പിൽ കോഹ്ലി കൈവിട്ടു കളഞ്ഞു. പിന്നാലെ പരിക്കില്ലാതെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.
എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം മാർനസ് ലബുഷെയിനെയും തൊട്ടടുത്ത പന്തിൽ മാറ്റ് റെൻഷോയേയും പറഞ്ഞയച്ച് ജഡേജ, ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. 49 റൺസായിരുന്ന ലബുഷെയിൻ നേടിയത്. അർദ്ധ സെഞ്ച്വറിക്ക് ഒരു റൺസ് അകലെ വിക്കറ്റ് കീപ്പർ ശ്രീകർ ഭരത്, ലബുഷെയിനെ സ്റ്റമ്പ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത പന്തിലായിരുന്നു റെൻഷോ വീണത്. വിക്കറ്റിന് മുന്നിൽ കുരുങ്ങിയായിരുന്നു റെൻഷോയുടെ മടക്കം. 84ന് നാല് എന്ന നിലയിൽ തകർന്ന ആസ്ട്രേലിയയെ സ്മിത്ത് കരകയറ്റിവരികയായിരുന്നു. അതിനിടെ വ്യക്തിഗത സ്കോർ 37ൽ നിൽക്കെ സ്മിത്തിനെയും പറഞ്ഞയച്ച് ജഡേജ ടോപ് ഫോമിലായി.
107 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സ്മിത്ത് 37 റൺസ് നേടിയത്. അതോടെ ആസ്ട്രേലിയ 109ന് അഞ്ച് എന്ന നിലയിൽ. പിന്നാലെ വന്ന പീറ്റർഹാൻഡ്സ്കോമ്പും അല്ക്സ് കാരിയും ചില നീക്കങ്ങൾ നടത്തിയതോടെ സ്കോർബോർഡിന് അൽപ്പം വേഗത കൈവന്നു.
പിന്നീടാണ് അശ്വിന് മായാജാലം ആരംഭിക്കുന്നത്. അലക്സ് കാരിയേയും പാറ്റ് കമ്മിന്‍സിനേയും കൂടാരം കയറ്റിയ അശ്വിന് ആസ്ത്രേലിയയെ 172 ന് 7 എന്ന നിലയിലേക്ക് തള്ളിയിട്ടു. പിന്നീട് വന്ന മര്‍ഫിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ഒടുക്കം അവസാനക്കാരനായ ബോളണ്ടിന്റെ കുറ്റി തെറിപ്പിച്ച് അശ്വിന് ആസ്ത്രേലിയയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചു.