ടെന്നീസ് താരം ജോക്കോവിച്ചിന് ആസ്ത്രേലിയയിൽ വിസ നിഷേധിച്ചു
|വാക്സിൻ എടുത്തില്ലെന്ന കാരണത്താലാണ് ജോക്കാവിച്ചിന് പ്രവേശനം നിഷേധിച്ചത്
ലോക ഒന്നാം നമ്പർ ടെന്നീസ് താരം ജോക്കോവിച്ചിന് ആസ്ത്രേലിയയിൽ വിസ നിഷേധിച്ചു. വാക്സിൻ എടുത്തില്ലെന്ന കാരണത്താലാണ് ജോക്കാവിച്ചിന് പ്രവേശനം നിഷേധിച്ചത്.വ്യാഴാഴ്ച പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് ഇക്കാര്യം അറിയിച്ചത്."ആസ്ത്രേലിയയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട രേഖകള്‍ നൽകുന്നതിൽ ജോക്കോവിച്ച് പരാജയപ്പെട്ടു, തുടർന്ന് വിസ റദ്ദാക്കി," അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങളിൽ മുന്‍പ് ഇളവ് അനുവദിച്ചിരുന്നെങ്കിലും ഒരാൾക്ക് മാത്രമായി ഇളവ് നൽകാനാവില്ലെന്ന നിലപാടിലാണ് ആസ്ത്രേലിയ. പ്രവേശനം നിഷേധിച്ച ജോക്കോവിച്ച് മണിക്കൂറുകളോളം മെൽബൺ വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നു.ജോക്കോവിച്ചിന്റെ ടീം രാജ്യത്തേക്കുള്ള യാത്രയ്ക്കിടെ സമർപ്പിച്ച വിസയിലെ പ്രശ്നത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് ആസ്ത്രേലിയൻ ബോർഡർ ഫോഴ്സ് (എബിഎഫ്) സ്റ്റേറ്റ് വിക്ടോറിയ സർക്കാരുമായി ബന്ധപ്പെട്ടുവെന്ന് ദ ഏജ്, ദി സിഡ്നി മോർണിംഗ് ഹെറാൾഡ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുടെ അതിർത്തിയിൽ എത്തുന്നവർ തങ്ങളുടെ നിയമങ്ങളും പ്രവേശന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നത് തുടരുമെന്ന് ആസ്ത്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സ് അറിയിച്ചു.
ലോക ഒന്നാം നമ്പർ താരത്തിനും എല്ലാവരെയും പോലെ നിയമങ്ങൾക്ക് വിധേയമാണെന്ന് ആസ്ത്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് നേരത്തെ, ജോക്കോവിച്ചിന്റെ കോച്ച് ഗോറാൻ ഇവാനിസെവിച്ച് മെൽബൺ എയർപോർട്ടിൽ നിന്നും ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.