'അശ്വിന്‍ ഡ്യൂപ്പിനെ' പരിശീലന ക്യാമ്പിലേക്ക് വിളിച്ച് ഓസീസ്; വരില്ലെന്ന് താരം
|നേരത്തേ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ അശ്വിന്‍റെ അതേ ശൈലിയില്‍ പന്തെറിയുന്ന മഹേഷ് പിത്തിയയെ ക്യാമ്പിലെത്തിച്ച് ഓസീസ് പരിശീലനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് ഇനി മൂന്ന് നാളുകളുടെ ദൂരം മാത്രം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ഒക്ടോബർ അഞ്ചിന് തിരശീല ഉയരും. നവംബർ 19 നാണ് കലാശപ്പോര്. ഒക്ടോബർ എട്ടിനാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. കരുത്തരായ ഓസീസാണ് ഇന്ത്യയുടെ എതിരാളികള്‍.
ഇന്ത്യക്കെതിരെ കളിക്കുമ്പോഴൊക്കെ ഓസീസ് ബാറ്റര്‍മാര്‍ ഏറെ ഭയക്കുന്ന ബോളര്‍മാരില്‍ ഒരാളാണ് ആര്‍. അശ്വിന്‍. ഇന്ത്യയുടെ സ്പിന്‍ മാന്ത്രികനായ അശ്വിന് ആസ്ത്രേലിയക്കെതിരെ മികച്ച റെക്കോര്‍ഡാണുള്ളത്. അക്സര്‍ പട്ടേലിന് പകരക്കാരനായി ലോകകപ്പ് ടീമിലേക്ക് അവസാന നിമിഷത്തില്‍ അപ്രതീക്ഷിത എന്‍ഡ്രി നടത്തിയ അശ്വിന്‍ ഈ ലോകകപ്പിലും ഓസീസിന് വലിയ തലവേദനയാവും എന്നുറപ്പാണ്. നേരത്തേ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ അശ്വിന്‍റെ അതേ ശൈലിയില്‍ പന്തെറിയുന്ന മറ്റൊരു ഇന്ത്യന്‍ സ്പിന്നറെ ക്യാമ്പിലെത്തിച്ച് ഓസീസ് പരിശീലനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.
അശ്വിന് സമാനമായ രീതിയില്‍ പന്തെറിയുന്ന ബറോഡ താരം മഹേഷ് പിത്തിയയെയാണ് ആസ്ത്രേലിയ നെറ്റ്സില്‍ പന്തെറിയാന്‍ ക്യാമ്പിലെത്തിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബറോഡക്കായി പന്തെറിയുന്ന 21 കാരൻ പിത്തിയ അശ്വിന്റെ കടുത്ത ആരാധകൻ കൂടിയാണ്. ഇപ്പോഴിതാ ലോകകപ്പ് പരിശീലന ക്യാമ്പിലേക്കും ഓസീസ് ടീം മഹേഷ് പിത്തിയയെ ക്ഷണിച്ചിരിക്കുകയാണ്. എന്നാല്‍ പിത്തിയ ആസ്ത്രേലിയയുടെ ബിഗ് ഓഫര്‍ നിരസിച്ചു. ബറോഡക്കായി ആഭ്യന്തര ടൂര്‍ണമെന്‍റുകളില്‍ കളിക്കാനുള്ളതിനാലാണ് പിത്തിയ ഓഫര്‍ നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
''മികച്ച ഓഫറാണ് ഓസീസ് ടീമിൽ നിന്ന് ലഭിച്ചത്. എന്നാൽ അടുത്ത മാസം പ്രാദേശിക സീസൺ ആരംഭിക്കുന്നതിനാൽ ബറോഡയുടെ ക്യാമ്പിലാണ് ഞാൻ നിലവിലുള്ളത്. ഓസീസ് ടീമിന്റെ ഓഫറിനെക്കുറിച്ച് ഞാൻ പരിശീലകനോട് സംസാരിച്ചിരുന്നു. അതിന് ശേഷമാണ് ആസ്‌ത്രേലിയൻ ക്യാമ്പിലേക്ക് ഇല്ലെന്ന തീരുമാനമെടുത്തത്''- മഹേഷ് പിത്തിയ പറഞ്ഞു.
ആസ്ത്രേലിയക്കായി നെറ്റ്സില്‍ പന്തെറിയുന്ന പിത്തിയയുടെ ദൃശ്യങ്ങള്‍ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെയുള്ള ഓസീസ് താരങ്ങള്‍ പിത്തിയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.