പകരക്കാരന്‍ ഗോളി ഹീറോയായി; സഡന്‍ ഡെത്തില്‍ പെറുവിനെ വീഴ്ത്തി ആസ്ത്രേലിയ ഖത്തര്‍ ലോകകപ്പിന്
|സബ്സ്റ്റിറ്റ്യൂട്ട് ആയിറങ്ങി പെറുവിന്‍റെ രണ്ട് പെനാല്‍റ്റി കിക്കുകള്‍ തടുത്തിട്ട ഗോള്‍ കീപ്പര്‍ ആൻഡ്രു റെഡ്മെയ്നെ ആസ്ട്രേലിയയുടെ രക്ഷകനാകുകയായിരുന്നു.
ആര്‍ത്തലച്ച പന്ത്രണ്ടായിരത്തിലേറെ വരുന്ന കാണികളെ സാക്ഷിയാക്കി പെറുവിനെ വീഴ്ത്തി ആസ്ത്രേലിയ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനില ആയതോടെ കളി പിന്നീട് ഷൂട്ടൌട്ടിലേക്കും അവിടെനിന്ന് സഡന്‍ഡെത്തിലേക്കും നീങ്ങുകയായിരുന്നു. സബ്സ്റ്റിറ്റ്യൂട്ട് ആയിറങ്ങി പെറുവിന്‍റെ രണ്ട് പെനാല്‍റ്റി കിക്കുകള്‍ തടുത്തിട്ട ഗോള്‍ കീപ്പര്‍ ആൻഡ്രു റെഡ്മെയ്നെ ആസ്ട്രേലിയയുടെ ഹീറോ ആകുകയായിരുന്നു. സ്കോര്‍(5 - 4).
ആസ്ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം ലോകകപ്പ് പ്രവേശനമാണിത്. ആസ്ട്രേലിയ ഖത്തറിലേക്ക് ടിക്കറ്റെടുത്തതോടെ ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ നിന്നും ഈ ലോകകപ്പില്‍ കളിക്കുന്ന ടീമുകളുടെ എണ്ണം ആറായി. 2006 മുതല്‍ തുടര്‍ച്ചയായ അഞ്ചാം ലോകകപ്പാണ് ഓസീസ് കളിക്കുന്നത്.
നിശ്ചിത സമയത്തും അധിക സമയത്തും സമനില ഭേദിക്കാന്‍ ഇരു ടീമുകള്‍ക്കുമായില്ല. ഷൂട്ടൌട്ടിലും ഇഞ്ചോടിഞ്ച് പോര്, ഒടുവില്‍ സഡന്‍ഡെത്തിലെ ആറാം കിക്കില്‍ മത്സരത്തിന്‍റെ വിധി നിര്‍ണയിക്കപ്പെട്ടു. (5 - 4) പെറുവിനെ കീഴടക്കി ഓസ്ട്രേലിയ തുടർച്ചയായ അഞ്ചാം തവണയും ലോകകപ്പിന് സീറ്റുറപ്പിച്ചിരിക്കുന്നു.
പ്ലേ ഓഫ് ഫൈനലിൽ പെറുവും ഓസ്ട്രേലിയയും തുടക്കം മുതൽ ഒപ്പത്തിനൊപ്പമായിരുന്നു. ഒരു ജയത്തിനപ്പുറം ലോകകപ്പ് പ്രവേശനമാണെന്ന് മനസിലാക്കിയ ഇരു ടീമുകളും ഗോളടിക്കുന്നതിനേക്കാളും ശ്രദ്ധ കൊടുത്തത് ഗോള്‍ വഴങ്ങാതിരിക്കാനാണ്. അതുകൊണ്ട് തന്നെ ആദ്യ 90 മിനുട്ടിൽ ഒരു ഗോളും പിറന്നില്ല. ഗോളിനേക്കാളുപരി ഒരവസരം പോലും പിറന്നില്ല.
മുഴുവന്‍ സമയത്തും സമനില ആയതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. ഒടുവില്‍ 120 മിനുട്ട് കഴിഞ്ഞപ്പോഴും സ്കോര്‍ ഷീറ്റ് ചലിച്ചില്ല. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. മാറ്റ് റയാന് പകരം പെനാല്‍റ്റി തടയാൻ ആൻഡ്രു റെഡ്മെയ്നെ ഓസ്ട്രേലിയ രംഗത്തിറക്കി. കളിയിലെ ഏറ്റവും സുപ്രധാനമായ തീരുമാനമായിരുന്നു അത്. ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയുടെ ആദ്യ കിക്ക് തന്നെ നഷ്ടമായി. ഗലാസെയുടെ മികച്ച സേവ് പെറുവിന് പ്രതീക്ഷ നൽകി. പക്ഷെ മൂന്നാമത്തെ പെറുവിനും നഷ്ടപ്പെട്ടതോടെ സ്കോർ (2-2) എന്നായി.
ഓസ്ട്രേലിയൻ ഗോൾ കീപ്പർ റെഡ്മെയ്ൻ ഗോൾ വരയ്ക്ക് മുന്നിൽ നിന്ന് പെറുവിനെ സമ്മർദ്ദത്തിൽ ആക്കിക്കൊണ്ടേയിരുന്നു. ഒടുവില്‍ അഞ്ച് കിക്കുകള്‍ കഴിഞ്ഞപ്പോള്‍ സ്കോര്‍ (4-4) എന്ന നിലയിൽ. മത്സരം സഡൻ ഡെത്തിലേക്ക്. പകരക്കാരനായിറങ്ങിയ ആൻഡ്രു റെഡ്മെയ്ൻ ഓസ്ട്രേലിയയുടെ ഹീറോ ആയി മാറുന്ന കാഴ്ചയാണ് സഡൻ ഡെത്തിൽ കണ്ടത്. ആസ്ട്രേലിയ ലക്ഷ്യം കാണുകയും പെറുവിന്‍റെ കിക്ക് റെഡ്മെയ്ൻ തടുത്തിടുകയും ചെയ്തതോടെ ഓസ്ട്രേലിയ ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു
ഖത്തര്‍ ലോകകപ്പിന്‍റെ യോഗ്യതാ റൌണ്ടില്‍ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ശേഷിക്കുന്ന ഏക സ്ഥാനത്തിനായി ഇന്ന് കോസ്റ്ററിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ഇന്ന് രാത്രി 9 മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം.
.