ആരും ഒരിക്കലും ഈ വേദനയിലൂടെ കടന്നുപോകാതിരിക്കട്ടെ; നാലു മാസം പ്രായമുള്ള മകന്റെ വേര്‍പാടില്‍ നൊന്ത് ക്രിക്കറ്റ് താരം ഫവാദ് അഹമ്മദ്
|ഫവാദ് തന്നെയാണ് ഈ ഹൃദയഭേദകമായ വാര്‍ത്ത ലോകത്തെ അറിയിച്ചത്
മെല്‍ബണ്‍: മകന്റെ അപ്രതീക്ഷിത വിയോഗം തീര്‍ത്ത വേദനയിലാണ് ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം ഫവാദ് അഹമ്മദ്. തിങ്കളാഴ്ചയാണ് ഫവാദിന്റെ നാലു മാസം മാത്രമുള്ള പ്രായമുള്ള കുഞ്ഞ് മരിച്ചത്. മെൽബണിലെ റോയൽ ചിൽഡ്രൻസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഫവാദ് തന്നെയാണ് ഈ ഹൃദയഭേദകമായ വാര്‍ത്ത ലോകത്തെ അറിയിച്ചത്. കഴിഞ്ഞ ജൂണിലാണ് ഫവാദിന് രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. ജനിക്കുമ്പോള്‍ തന്നെ കുട്ടിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ''ഞങ്ങളുടെ കൊച്ചുമാലാഖ...ഒരു നീണ്ട പോരാട്ടത്തിനു ശേഷം ഞങ്ങളുടെ മകനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. നീ ഏറ്റവും നല്ല സ്ഛഥന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് നിന്നെ വളരെയധികം മിസ് ചെയ്യും. ആരും ഒരിക്കലും ഇത്തരമൊരു വേദനയിലൂടെ കടന്നുപോകാതിരിക്കട്ടെ...എല്ലാവരും പ്രാര്‍ഥിക്കണം'' ഫവാദ് എക്സില്‍ കുറിച്ചു.''ആസ്ത്രേലിയ ക്രിക്കറ്റ് ലോകം ഇന്ന് സ്പിന്നര്‍ ഫവാദ് അഹമ്മദിനൊപ്പമാണ്. അദ്ദേഹത്തിന്റെ ഇളയ മകന്റെ വേർപാടിന് ശേഷം ഞങ്ങളുടെ അനുശോചനം ഈ ദുഷ്കരമായ സമയത്ത് ഫവാദിനും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഉണ്ട്." ക്രിക്കറ്റ് ഓസ്ട്രേലിയ കുറിച്ചു.
താന്‍ കഠിനമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കഴിഞ്ഞ സെപ്തംബറില്‍ ക്രിക്കറ്റ് ഡോട്ട് കോം എയുവിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. "ഓരോ ദിവസവും അവൻ വളരുകയാണ്, എല്ലുകളും സന്ധികളും വലിഞ്ഞുമുറുകുന്നു. ഞാൻ പറഞ്ഞു, 'നോക്കൂ, അവൻ എത്രയും വേഗം ഒരു ക്രിക്കറ്റ് പന്തും ക്രിക്കറ്റ് ബാറ്റും പിടിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു - അതിനാൽ നമ്മൾ ഈ കാര്യത്തിലേക്ക് കടക്കേണ്ടതുണ്ട്.എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്കറിയില്ല. ഡോക്ടര്‍മാര്‍ക്കും അറിയില്ല. ഇതു വളരെ മോശം സമയമാണ്. ഇത് ഹൃദയത്തെ വേദനിപ്പിക്കുന്ന കാര്യമാണ്. ഇത് വളരെ അപ്രതീക്ഷിതമായ കാര്യമാണ്'' എന്നാണ് അദ്ദേഹം പറഞ്ഞത്.