Sports
വെസ്റ്റ് ഇൻഡീസിന്റെ പത്ത് വിക്കറ്റും വീഴ്ത്തിയത് സ്പിന്നർമാർ; ഇന്ത്യൻ ക്രിക്കറ്റില്‍ തിരികെ വരുന്ന സ്പിൻ മാജിക്ക്‌
Sports

വെസ്റ്റ് ഇൻഡീസിന്റെ പത്ത് വിക്കറ്റും വീഴ്ത്തിയത് സ്പിന്നർമാർ; ഇന്ത്യൻ ക്രിക്കറ്റില്‍ തിരികെ വരുന്ന സ്പിൻ മാജിക്ക്‌

Web Desk
|
8 Aug 2022 10:55 AM GMT

അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ് എന്നിവരാണ് ഈ ലോക റെക്കോർഡ് പ്രകടനം കാഴ്ചവെച്ചത്‌

ഇന്നലെ നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അവസാന ട്വന്‍റി-ട്വന്‍റിയില്‍ ഇന്ത്യയുടെ ആധികാരിക പരമ്പര ജയം കൂടാതെ മറ്റൊരു ലോക റെക്കോർഡിന് കൂടി സാക്ഷിയായി. ഇന്ത്യൻ പ്ലെയിങ് ഇലവനിൽ 3 സ്പിന്നർമാരാണ് ഉൾപ്പെട്ടിരുന്നത്. അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ് എന്നിവരാണ് അവർ. ഈ മൂന്ന് പേരാണ് വെസ്റ്റ് ഇൻഡീസ് നിരയിലെ എല്ലാ വിക്കറ്റും വീഴ്ത്തിയത്. അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്നിങ്‌സിലെ മുഴുവൻ വിക്കറ്റുകളും സ്പിന്നർമാർ വീഴ്ത്തുന്നത്. വെസ്റ്റ് ഇൻഡീസ് മുൻ നിരയിലെ വിക്കറ്റുകൾ വീഴ്ത്തി അക്‌സർ പട്ടേലാണ് വേട്ട ആരംഭിച്ചത്. മൂന്നോവർ എറിഞ്ഞ അക്‌സർ പട്ടേൽ 15 റൺസ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

അക്‌സർ പട്ടേലിൽ നിന്ന് വേട്ടയുടെ ഉത്തരവാദിത്തം കുൽദീപ് യാദവും രവി ബിഷ്‌ണോയിയും ചേർന്ന് ഏറ്റെടുത്തു. രവി ബിഷ്‌ണോയിരുന്നും കൂടുതൽ അപകാരി. 2.4 ഓവറുകൾ മാത്രമെറിഞ്ഞ ബിഷ്‌ണോയ് 16 റൺസ് വിട്ടുകൊടുത്ത് 4 വെസ്റ്റ് ഇൻഡീസ് താരങ്ങളെ തിരികെ അയച്ചു. റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിച്ച കുൽദീപ് യാദവ് 4 ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്തു മൂന്ന് വിക്കറ്റ് നേടി. സ്പിന്നർമാരുടെ ആറാട്ടത്തിൽ 188 റൺസിലേക്ക് ബാറ്റ് വീശിയ വെസ്റ്റ് ഇൻഡീസ് പോരാട്ടം 100 റൺസിൽ അവസാനിച്ചിരുന്നു.

ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188ലെത്തി. രോഹിത് ശർമക്ക് വിശ്രമം നൽകിയപ്പോൾ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിച്ചത്.

ഇന്ത്യൻ ബാറ്റിങ്ങിൽ 40 പന്തിൽ 64 റൺസെടുത്ത ഓപണർ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറർ. ദീപക് ഹൂഡ 25 പന്തിൽ 38ഉം ക്യാപ്റ്റൻ പാണ്ഡ്യ 16 പന്തിൽ 28ഉം റൺസ് നേടി മടങ്ങി. 11 പന്തിൽ 15 റൺസെടുത്ത് സഞ്ജു സാംസണും പുറത്തായി.

ഇഷാൻ കിഷൻ (11), ദിനേശ് കാർത്തിക് (12), അക്സർ പട്ടേൽ (ഒമ്പത്) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാന്മാരുടെ സംഭാവനകൾ. വിൻഡീസ് നിരയിൽ 35 പന്തിൽ 56 റൺസെടുത്ത ഷിംറോൺ ഹെറ്റ്മെയർക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്.

Similar Posts