Sports
അക്സര്‍ ദ ഫിനിഷര്‍; മറികടന്നത് ധോണിയുടെ 17 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
Sports

അക്സര്‍ ദ ഫിനിഷര്‍; മറികടന്നത് ധോണിയുടെ 17 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

Web Desk
|
25 July 2022 2:20 PM GMT

അവസാന ഓവറിലെ നാലാം പന്തില്‍ അക്സര്‍ പട്ടേല്‍ സിക്സറിലൂടെയാണ് വിജയറണ്‍സ് അടിച്ചെടുത്തത്.

വിന്‍ഡീസിനെതിരെ വാലറ്റത്തെ തീപ്പൊരി പ്രകടനവുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച അക്സര്‍ പട്ടേല്‍ പഴങ്കഥയാക്കിയത് ധോണിയുടെ 17 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റും രണ്ട് പന്തും മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. അവസാന ഓവറിലെ നാലാം പന്തില്‍ അക്സര്‍ പട്ടേല്‍ സിക്സറിലൂടെയാണ് വിജയറണ്‍സ് അടിച്ചെടുത്തത്.

അവസാന ഓവറുകളിൽ ആഞ്ഞടിച്ച അക്സർ പട്ടേലിന് പുറമേ അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെയും (71 പന്തിൽ 63 റൺസ്) മലയാളി താരം സഞ്ജു സാംസണിന്റെയും (51 പന്തിൽ 54 റൺസ്) ഇന്നിങ്സാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 35 പന്തിൽ അഞ്ച് സിക്സറുകളുടെ അകമ്പടിയോടെ 64 റൺസാണ് അക്സർ പട്ടേലിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.

അക്സറിന്‍റെ മിന്നും പ്രകടനത്തില്‍ പഴങ്കഥയായത് മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയുടെ റെക്കോർഡാണ്. ഏഴാം നമ്പറിലോ അതിനു താഴെയോ ബാറ്റിങിനിറങ്ങി ഏറ്റവുമധികം സിക്സറുകൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് അക്സർ ഇന്നലത്തെ മത്സരത്തിലൂടെ സ്വന്തം പേരിൽ കുറിച്ചത്. 64 റൺസ് നേടി പുറത്താവാതെ നിന്ന അക്സറിന്‍റെ ബാറ്റില്‍ നിന്ന് അഞ്ച് സിക്സറുകളാണ് ഇന്നലെ പിറന്നത്.

നേരത്തെ 2005ൽ സിംബാബ്വേക്കതിരെ ധോണി നേടിയ മൂന്ന് സിക്സറുകളുടെ റെക്കോര്‍ഡാണ് അക്സര്‍ മറികടന്നത്. 27 പന്തിൽ അർധസെഞ്ച്വറി കണ്ടെത്തിയ അക്സർ വെസ്റ്റ് ഇൻഡീസ് മണ്ണില്‍ ഏറ്റവും വേഗമേറിയ ഏകദിന ഫിഫ്റ്റി നേടുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡും സ്വന്തം പേരില്‍ കുറിച്ചു.

വെസ്റ്റിന്‍ഡീസ് ഉയർത്തിയ 312 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ തുടക്കം ശുഭകരമായിരുന്നില്ല. 79 റൺസിനിടെ ധവാനും ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീട് ഒത്തുചേർന്ന ശ്രേയസ് അയ്യർ-സഞ്ജു സാംസൺ സഖ്യമാണ് ഇന്ത്യയെ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ശ്രേയസ് പുറത്തായതിന് പിന്നാലെ സഞ്ജു റണ്ണൗട്ടായി മടങ്ങിയോതോടെ വിൻഡീസ് പിടിമുറുക്കി. എന്നാൽ വിൻഡീസ് പ്രതീക്ഷകളെ തച്ചുടച്ച് വാലറ്റത്തെ കൂട്ടുപിടിച്ച് ഒരുവശത്ത് നിലയുറപ്പിച്ച് തകർത്തടിച്ച അക്സർ കളി ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.അവസാന മൂന്ന് പന്തിൽ ആറ് റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടത്. കൈയൽ മയേഴ്സ് എറിഞ്ഞ നാലാം പന്ത് സിക്സർ പറത്തിയാണ് അക്സർ വിജയറൺ കുറിച്ചത്. വിൻഡീസ് മണ്ണിൽ ഏകദിനത്തിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോറാണിത്.

വിന്‍ഡീസിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ മറ്റൊരു റെക്കോർഡും കൂടി ടീം ഇന്ത്യ സ്വന്തമാക്കി . ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവുമധികം ഏകദിന പരമ്പര വിജയിക്കുന്ന ടീമെന്ന നേട്ടമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്. സിംബാബ്വേക്കെതിരെ തുടര്‍ച്ചയായ 11 പരമ്പര വിജയത്തിന്‍റ റെക്കോര്‍ഡുണ്ടായിരുന്ന പാക്സിതാന്‍റെ നേട്ടമാണ് ഇന്ത്യ മറികടന്നത്. വിന്‍ഡീസിനെതിരെ ഇന്ത്യന്‍ ടീമിന്‍റ തുടര്‍ച്ചയായ 12-ആമത് ഏകദിന പരമ്പര വിജയമാണിത്.

Similar Posts