ഡ്രസിങ് റൂമില്‍ അടിയുണ്ടായോ? ആദ്യമായി പ്രതികരിച്ച് ബാബര്‍
|ഏഷ്യാ കപ്പില്‍ നിന്ന് ഫൈനല്‍ കാണാതെ പുറത്തായതിന് പിറകേ ബാബർ അസമും പേസ് ബോളർ ഷഹീൻ ഷാ അഫ്രീദിയും തമ്മിൽ ഡ്രസ്സിങ് റൂമിൽ വച്ച് വാക്കുതർക്കമുണ്ടായെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു
ഏഷ്യാ കപ്പ് ക്രിക്കറ്റിലെ മോശം പ്രകടനത്തിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് പാക് നായകൻ ബാബർ അസമിന് നേരെ ഉയര്‍ന്നത്. സൂപ്പർ ഫോറിൽ ഇന്ത്യയോട് 228 റൺസിന്റെ വമ്പൻ തോൽവി വഴങ്ങിയ പാകിസ്താൻ നിർണായക മത്സരത്തിൽ ശ്രീലങ്കയോടും പരാജയപ്പെട്ടാണ് ഫൈനൽ കാണാതെ പുറത്തായത്.
ശ്രീലങ്കക്കെതിരായ തോൽവിക്ക് പിറകേ ബാബർ അസമും പേസ് ബോളർ ഷഹീൻ ഷാ അഫ്രീദിയും തമ്മിൽ ഡ്രസ്സിങ് റൂമിൽ വച്ച് വാക്കുതർക്കമുണ്ടായെന്നടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സീനിയര്‍ താരങ്ങളെ ബാബര്‍ വിമര്‍ശിച്ചതാണ് അഫ്രീദിയെ ചൊടിപ്പിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പൊതുവായി കുറ്റം ആരോപിക്കരുതെന്നും നന്നായി കളിച്ചവരെ കുറ്റപ്പെടുത്തരുതെന്നും അഫ്രീദി ബാബറിനോട് പറഞ്ഞതായായിരുന്നു വാര്‍ത്തകള്‍. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് പാക് നായകന്.
''പാക് ടീമിലെ എല്ലാവരും പരസ്പരം ബഹുമാനിക്കുന്നുണ്ട്. ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തിൽ ഞങ്ങൾ പരാജയപ്പെട്ടു. മത്സരങ്ങൾക്ക് ശേഷം സ്വാഭാവികമായി ടീം മീറ്റിങ് നടക്കാറുണ്ടല്ലോ. അത് പോലൊരു മീറ്റിങ് മാത്രമായിരുന്നു അന്ന് നടന്നത്. വാർത്തകൾ പുറത്ത് വന്നപ്പോൾ ഡ്രസിങ് റൂമിൽ സംഘർഷമുണ്ടായി എന്ന തരത്തിൽ അത് മാറി. എന്നാൽ ഒരിക്കലും അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. ഒരു കുടുംബത്തിലെന്ന പോലെ ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നുണ്ട്''- ബാബര്‍ പറഞ്ഞു.
ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കാനെത്തുന്നത് കിരീടവുമായി മടങ്ങാനാണെന്ന് പാക് നായകന് കൂട്ടിച്ചേര്‍ത്തു. ആദ്യ നാലില്‍ എത്തുകയല്ല ലക്ഷ്യമെന്നും ഇന്ത്യയിൽ നിന്ന് മടങ്ങുമ്പോൾ കയ്യിൽ ലോകകപ്പ് ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ബാബർ പറഞ്ഞു.
''ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ ഞങ്ങളെല്ലാവര്‍ക്കും അഭിമാനമുണ്ട്. ഞങ്ങളാരും ഇതിനുമുമ്പ് ഇന്ത്യയിൽ കളിച്ചിട്ടില്ലെങ്കിലും അത് അമിതമായ സമ്മർദ്ദമൊന്നും ഉണ്ടാക്കുന്നില്ല. സാഹചര്യങ്ങൾ നന്നായി പഠിച്ചിട്ടുണ്ട്. മറ്റ് ഏഷ്യൻ രാജ്യങ്ങളിലേതിന് സമാനമായ സാഹചര്യങ്ങൾ ആണ് ഇന്ത്യയിലും''. ബാബർ പറഞ്ഞു.
''ടൂര്‍ണമെന്റില്‍ ആദ്യ നാലില്‍ ഇടംപിടിക്കുക എന്നതല്ല ലക്ഷ്യം, ക്യാപ്റ്റൻ എന്ന നിലയിൽ ഇത്തവണ ലോകകപ്പ് ട്രോഫിയുമായി ഞങ്ങൾ തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നത്. കിരീട വിജയികളായി മടങ്ങിവരാൻ ഞങ്ങൾ അത്രയും ആഗ്രഹിക്കുന്നുണ്ട്''. പാക് നായകന് കൂട്ടിച്ചേർത്തു.