ചോദിച്ച് വാങ്ങിയ റണ്ണൗട്ട്; രിസ്വാനോട് അരിശം പ്രകടിപ്പിച്ച് ബാബർ, വീഡിയോ
|ഇന്ത്യന്‍ സ്പിന്നര്‍ ആര്.അശ്വിനടക്കമുള്ള താരങ്ങള്‍ രിസ്വാനെ വിമര്‍ശിച്ച് രംഗത്തെത്തി
മുള്‍ത്താന്‍: ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെതിരെ കൂറ്റൻ ജയമാണ് പാകിസ്താൻ ഇന്നലെ കുറിച്ചത്. പാകിസ്താന് ഉയര്‍ത്തിയ 342 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നേപ്പാള്‍ വെറും 104 റണ്‍സിന് കൂടാരം കയറി. 238 റണ്‍സിനാണ് പാക് വിജയം. സെഞ്ച്വറികളുമായി കളം നിറഞ്ഞ ക്യാപ്റ്റൻ ബാബർ അസമിന്റേയും ഇഫ്തികാർ അഹ്മദിന്റേയും മിന്നും പ്രകടനങ്ങളുടെ മികവിലാണ് പാകിസ്താന് കൂറ്റൻ സ്കോര്‍ പടുത്തുയര്‍ത്തിയത്.
മത്സരത്തില്‍ പാക് ബാറ്റര്‍ മുഹമ്മദ് രിസ്വാന്റെ വിക്കറ്റാണിപ്പോള് ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ചകളില്‍ നിറയേ. ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം സ്കോര്‍ ബോര്‍ഡ് ഉയര്‍ത്തുന്നതിനിടെ അലക്ഷ്യമായൊരോട്ടത്തില് താരം വിക്കറ്റ് ചോദിച്ച് വാങ്ങുകയായിരുന്നു. മത്സരത്തിന്റെ 24 ാം ഓവറിലായിരുന്നു രിസ്വാന്റെ വിക്കറ്റ് വീണത്. അനായാസം ഓടിയെടുക്കാവുന്നൊരു റണ്‍സ്. എന്നാല്‍ അലക്ഷ്യമായി ബോളിങ് എന്റിലേക്കോടിയ രിസ്വാന് ക്രീസിലെത്തും മുമ്പേ നേപ്പാള്‍ താരം ദീപേന്ദ്രസിങ്ങിന്റെ ഡയറക്ട് ത്രോ ബെയില്‍സിളക്കി. ബാറ്റ് ക്രീസില്‍ കുത്താനോ ഡൈവ് ചെയ്യാനോ പോലും രിസ്വാന് ശ്രമിച്ചുമില്ല.
രിസ്വാന്റെ അലക്ഷ്യമായ പ്രകടനത്തില്‍ തൊപ്പി വലിച്ചെറിഞ്ഞ് ക്യാപ്റ്റന്‍ ബാബര്‍ അസം അരിശം പ്രടപിക്കുന്നതും കാണാമായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍ ആര്.അശ്വിനടക്കമുള്ള താരങ്ങള്‍ രിസ്വാനെ വിമര്‍ശിച്ച് രംഗത്തെത്തി. റണ്‍സിനായി ഓടുമ്പോള്‍ സാധാരണ ഡൈവ് ചെയ്യാറുള്ള റിസ്വാന് ഹെല്‍മറ്റ് ധരിക്കാതിരുന്നത് കൊണ്ടാണോ ഇവിടെ ക്രീസിലേക്ക് പറക്കാതിരുന്നതെന്ന് അശ്വിന് ചോദിച്ചു. സ്പിന്നര്‍മാര്‍ക്കെതിരെ സ്വീപ് ഷോട്ടുകൾ കളിക്കാറുള്ള താരം ഹെല്‍മറ്റ് ധരിക്കാതെ ബാറ്റ് ചെയ്യുന്നത് വിചിത്രമായി തോന്നിയെന്നും അശ്വിൻ ട്വീറ്റ് ചെയ്തു.