Sports
ബാബർ ഡ്രസ്സിങ് റൂമിൽ വച്ച് പൊട്ടിക്കരഞ്ഞു;  വെളിപ്പെടുത്തലുമായി മുൻ പാക് താരം
Sports

'ബാബർ ഡ്രസ്സിങ് റൂമിൽ വച്ച് പൊട്ടിക്കരഞ്ഞു'; വെളിപ്പെടുത്തലുമായി മുൻ പാക് താരം

Web Desk
|
25 Oct 2023 2:00 PM GMT

''തുടര്‍തോല്‍വികളുടെ കാരണക്കാരന്‍ ബാബര്‍ മാത്രമല്ല''

ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ തോല്‍വിക്ക് ശേഷം ബാബര്‍ അസമിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ശരിയല്ലെന്ന് മുന്‍ പാക് താരം മുഹമ്മദ് യൂസുഫ്. തോല്‍വിയുടെ കാരണക്കാരന്‍ ബാബര്‍‌ മാത്രമല്ലെന്നും മുഴുവൻ ടീമംഗങ്ങളും മാനേജ്‌മെന്റും തോൽവിക്ക് ഉത്തരവാദികളാണെന്ന് യൂസുഫ് പറഞ്ഞു.

''മത്സര ശേഷം ബാബറിന്റെ വാർത്താ സമ്മേളനം ഞാൻ കണ്ടു. അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു. ഡ്രസിങ് റൂമിൽ വച്ച് അദ്ദേഹം പൊട്ടിക്കരഞ്ഞു എന്ന് ഞാന്‍ കേട്ടു. ഇത് ബാബറിന്റെ മാത്രം പിഴവല്ല. അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തരുത്. മുഴുവൻ ടീമംഗങ്ങളും മാനേജ്‌മെന്റും ഈ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യം മുഴുവൻ ബാബറിനൊപ്പം നിൽക്കണം''- യൂസുഫ് പറഞ്ഞു.

ലോകകപ്പിലെ തുടര്‍തോല്‍വികള്‍ക്ക് പിറകേ ക്യാപ്റ്റന്‍ ബാബര്‍ അസമിനും ടീമംഗങ്ങള്‍ക്കും നേരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ നാല് വര്‍ഷം ക്യാപ്റ്റന്‍ സ്ഥാനത്തിരുന്നിട്ടും ബാബര്‍ അസം ഒന്നും പഠിച്ചിട്ടില്ലെന്ന് മുന്‍ പാക് താരം മോയിന്‍ ഖാന്‍ പ്രതികരിച്ചു.

''കഴിഞ്ഞ നാല് വർഷമായി ബാബര്‍ ടീമിനെ നയിക്കുന്നു. വലിയ വേദികൾ പരിചയമില്ലാത്ത ആളൊന്നുമല്ല അവന്‍. എന്നാൽ ഈ കാലത്തിനിടക്ക് അവനൊന്നും പഠിച്ചിട്ടില്ല. എതിർ ടീമിന് മേൽ സമ്മർദം ചെലുത്തേണ്ട സമയത്ത് തന്ത്രങ്ങൾ മാറ്റിപ്പരീക്ഷിക്കണം. വിക്കറ്റ് അനിവാര്യമായ ഘട്ടങ്ങളിൽ ഫീൽഡർമാരെ കൃത്യമായി വിന്യസിക്കണം. എന്നാൽ ഇതൊന്നും കഴിഞ്ഞ ദിവസം കണ്ടില്ല''- മോയിൻ ഖാൻ പറഞ്ഞു.

നേരത്തേ വസീം അക്രമവും പാക് ടീമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തോൽവി വലിയ നാണക്കേടാണുണ്ടാക്കിയത് എന്ന് പറഞ്ഞ അക്രം പാക് താരങ്ങളുടെ ഫീൽഡിങ് പ്രകടനത്തെ രൂക്ഷമായി വിമർശിച്ചു,

''എത്ര നാണക്കേടാണിത്. 280 റൺസ് വെറും രണ്ട് വിക്കറ്റ് മാത്രം മാത്രം ബാക്കി നിർത്തി മറികടക്കുന്നത് വലിയ കാര്യമാണ്. അതും അഫ്ഗാനിസ്താൻ പോലൊരു ടീം. എത്ര മോശം പ്രകടനമാണ് പാക് താരങ്ങൾ ഇന്ന് ഫീൽഡിങ്ങിൽ കാഴ്ച്ചവച്ചത്. ഈ താരങ്ങൾ രണ്ട് വർഷമായി ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമായിട്ടില്ല എന്ന് മൂന്നാഴ്ചയായി ഞങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു. ടെസ്റ്റിന് വിധേയമാകാത്തവരുടെ പേര് പറഞ്ഞാൽ അവർക്ക് തന്നെയാണതിന്റെ നാണക്കേട്. എനിക്ക് തോന്നുന്നത് ഇവരൊക്കെ ഓരോ ദിവസം എട്ട് കിലോ വീതം മട്ടൺ അടിച്ച് കയറ്റുന്നുണ്ട് എന്നാണ്. പിന്നെ എങ്ങനെ ഫിറ്റ്നസ് ഉണ്ടാകും''- പാകിസ്താനിൽ ഒരു ടി.വി ഷോക്കിടെ വസീം അക്രം പറഞ്ഞു.

ചെപ്പോക്കില്‍ അഫ്ഗാനെതിരെ പാകിസ്താൻ 282 എന്ന ഭേദപ്പെട്ട സ്‌കോറാണ് ഉയർത്തിയത്. അഫ്ഗാൻ സ്പിന്നർമാർ പിടിമുറുക്കിയ മത്സരത്തിൽ അർധസെഞ്ച്വറികളുമായി ക്യാപ്റ്റൻ ബാബർ അസമും യുവതാരം അബ്ദുല്ല ഷഫീഖുമാണ് പാകിസ്താനെ തുണച്ചത്. അവസാന ഓവറുകളിൽ ഷാദാബ് ഖാന്റെയും ഇഫ്തിഖാർ അഹ്മദിന്റെയും വെടിക്കെട്ട് പ്രകടനമാണ് 282 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഒരവസരത്തിലും അഫ്ഗാന്‍ താരങ്ങള്‍ മത്സരത്തില്‍ പാക് ബോളര്‍മാര്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ അവസരം കൊടുത്തില്ല. അഫ്ഗാനു വേണ്ടി മൂന്ന് ബാറ്റര്‍മാരാണ് അര്‍ധ സെഞ്ച്വറി കുറിച്ചത്. ആദ്യ വിക്കറ്റില്‍ 130 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ റഹ്മത്തുല്ലാഹ് ഗുര്‍ബാസും ഇബ്രാഹിം സദ്റാനും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇരുവരും അര്‍ധ സെഞ്ച്വറി കുറിച്ചു. പിന്നീടെത്തിയ റഹ്മത്ത് ഷായും ഹസ്മത്തുല്ലാഹ് ഷാഹിദിയും അഫ്ഗാനെ വിജയതീരമണച്ചു.

Similar Posts