'മോശം ഫോമിലാണെങ്കിലും ചിലരെ ബാബർ ടീമിലെടുക്കും'; ടി.വി ഷോയിൽ പാക് താരങ്ങൾ തമ്മിൽ വാക്കേറ്റം
|ബാബറിനെ വീണ്ടും ക്യാപ്റ്റന്‍സിയിലേക്ക് തിരികെ കൊണ്ടു വന്നതിനെ അഹ്മദ് ഷഹ്സാദ് ചോദ്യം ചെയ്തു
പാക് നായകൻ ബാബർ അസം ടീമിൽ നടത്തുന്ന ഇടപെടലുകളിൽ രൂക്ഷവിമർശനവുമായി പാക് താരം അഹ്മദ് ഷഹസാദ്. മോശം ഫോമിൽ കളിക്കുന്ന താരമാണെങ്കിലും തന്റെ ഇഷ്ടക്കാരാണെങ്കിൽ ബാബർ അവരെ ടീമിൽ നിലനിർത്താൻ ക്രിക്കറ്റ് ബോർഡിൽ ഇടപെടലുകൾ നടത്തുമെന്ന് ഷഹസാദ് പറഞ്ഞു. പാക് ടീമിലേക്കുള്ള സെലക്ഷനെ കുറിച്ച് ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഷഹസാദ് ബാബറിനെതിരെ തുറന്നടിച്ചത്.
ചെറിയ ടീമുകൾക്കെതിരായ മത്സരങ്ങളിലാണെങ്കിലും സീനിയർ താരങ്ങൾക്ക് നിരന്തരം അവസരം കൊടുക്കുന്ന ക്രിക്കറ്റ് ബോർഡ് യുവതാരങ്ങൾക്ക് അവസരം കൊടുക്കാറില്ല. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ സീനിയർ താരങ്ങൾ ചെറിയ ടീമുകൾക്കെതിരെ മാറി നിന്ന് യുവതാരങ്ങൾക്ക് അവസരം കൊടുക്കാറുണ്ട്. എന്നാൽ പാകിസ്താനിൽ വ്യത്യസ്തമാണ് കാര്യങ്ങള്‍. ഷഹസാദ് പറഞ്ഞു.
ഏകദിന ലോകകപ്പിന് ശേഷം ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കപ്പെട്ട ബാബർ ടി20 ലോകകപ്പിന് മുമ്പ് ക്യാപ്റ്റൻസിയിലേക്ക് തിരിച്ചു വന്നത് ശരിയായ രൂപത്തിലല്ല. ഷഹീൻ അഫ്രീദിയെ പെട്ടെന്ന് മാറ്റിയത് എന്തിനാണെന്നും ഷഹസാദ് ചോദിച്ചു. ചർച്ചയിലുണ്ടായിരുന്ന ഇമാമുൽ ഹഖ് ഷഹസാദിന്റെ വാദങ്ങളെ തള്ളി രംഗത്തെത്തി.
ബാബർ ക്യാപ്റ്റൻസി ചോദിച്ച് വാങ്ങിയതല്ല എന്നായിരുന്നു ഇമാമുൽ ഹഖിന്റെ മറുപടി. ബാബർ പുറത്താക്കപ്പെട്ടതും വീണ്ടും നിയോഗിക്കപ്പെട്ടതും അദ്ദേഹത്തിന്റെ അറിവോടെയല്ല. ഒപ്പം 2021,2022 ടി 20 ലോകകപ്പുകളിൽ മോശം ഫോമിലുള്ള കളിക്കാരെ വച്ചാണോ പാകിസ്താൻ സെമി ഫൈനൽ വരെ എത്തിയതെന്നും ഇമാം ചോദിച്ചു.