എംബാപ്പെയെ വിടാതെ മാര്‍ട്ടീനസ്, ഇത്തവണ 'ബേബി ഡോള്‍' പരിഹാസം; തടയാതെ മെസ്സി
|മാര്‍ട്ടീനസ് ഇത്തരത്തില്‍ ആഘോഷം നടത്തുമ്പോള്‍ തുറന്ന ബസില്‍ ഒപ്പം ലയണല്‍ മെസ്സിയുമുണ്ടായിരുന്നു. പി.എസ്.ജിയില്‍ മെസ്സിയുടെ സഹതാരം കൂടിയാണ് എംബാപ്പെ
ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെയെ വെറുതേവിടാന്‍ ഉദ്ദേശമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസ്. ഖത്തറിലെ ലോകകപ്പ് ഫൈനല്‍ വേദിയിലെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് വീണ്ടും മാര്‍ട്ടീനസ് വിവാദത്തിന് തിരികൊളുത്തുന്നത്.
ലോകകപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ അര്‍ജന്റൈന്‍ താരങ്ങള്‍ക്കൊരുക്കിയ സ്വീകരണത്തിനിടെയാണ് മാര്‍ട്ടീനസ് പുതിയ വെടിപൊട്ടിച്ചത്. ടീമംഗങ്ങള്‍ക്കൊപ്പം തുറന്ന ബസില്‍ ആരാധകരെ അഭിവാദ്യം ചെയ്ത് സഞ്ചരിക്കവെ മാര്‍ട്ടീനസ് ഒക്കത്ത് വെച്ച പാവയിലേക്ക് നോക്കുമ്പോള്‍ കാര്യം മനസിലാകും. പാവയുടെ മുഖത്തിന് പകരം കിലിയന്‍ എംബാപ്പെയുടെ ചിത്രം!. എംബാപ്പെയുടെ ചിത്രത്തില്‍ നിന്ന് തല വെട്ടിയെടുത്ത് പാവയുടെ മുഖത്ത് ഒട്ടിച്ചതാണ്. ആ പാവയുമായാണ് എമിലിയാനോ മാര്‍ട്ടീനസ് ടീമിന്റെ വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്തത്.
മാര്‍ട്ടീനസ് ഇത്തരത്തില്‍ ആഘോഷം നടത്തുമ്പോള്‍ തുറന്ന ബസില്‍ ഒപ്പം ലയണല്‍ മെസ്സിയുമുണ്ടായിരുന്നു. പി.എസ്.ജിയില്‍ മെസ്സിയുടെ സഹതാരം കൂടിയാണ് എംബാപ്പെ. എന്നിട്ടും മാര്‍ട്ടീനസിന്റെ എംബാപ്പെയെ ലക്ഷ്യം വെച്ചുള്ള വിചിത്രമായ ആഘോഷങ്ങളെ തടയാനോ തള്ളിപ്പറയാനോ മെസ്സി തയ്യാറായിട്ടില്ല.
മുന്‍പ് നടന്നത്...
ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം സ്വീകരിക്കുന്നതിനിടെയായിരുന്നു ഖത്തർ ഭരണാധികാരികളുടെയും ഫിഫ തലവന്മാർക്കും മുന്നിൽ ഗോൾഡൻ ഗ്ലൗവുമായി മാർട്ടിനസിന്റെ വിവാദ 'അംഗവിക്ഷേപം'. ഏറെ വിവാദമായ 'അംഗവിക്ഷേപ' ആഘോഷത്തിൽ പിന്നീട് താരം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഫ്രാൻസുകാരുടെ അപഹാസമാണ് പ്രകോപനമായി താരം ചൂണ്ടിക്കാട്ടിയത്. ഫിഫ നടപടിയുണ്ടായേക്കുമെന്ന വാർത്തകൾ വരുന്നതിനിടെയാണ് മാർട്ടിനസ് നേരിട്ട് വിശദീകരണം നൽകിയത്.
ഫ്രഞ്ച് സംഘം എന്നെ കൂക്കിവിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിനാലാണ് ഞാനത് ചെയ്തത്. അഹങ്കാരം എന്നോട് നടക്കില്ല-അർജന്റീന റേഡിയോ ആയ 'ലാ റെഡി'നോട് എമിലിയാനോ മാർട്ടിനസ് പ്രതികരിച്ചു. 'ഞങ്ങൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കളി ഞങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കരുതിയ ശേഷമാണ് അവർ തിരിച്ചുവന്നത്. വളരെ സങ്കീർണമായൊരു മത്സരമായിരുന്നു ഇത്. അനുഭവിക്കാനായിരുന്നു ഞങ്ങളുടെ വിധി. വിജയിക്കാനുള്ള അവസാന അവസരംകൂടി അവർക്ക് ലഭിച്ചു. ഭാഗ്യത്തിന് എന്റെ കാലുകൊണ്ട് അതു തടുത്തിടാനായി.'- മാർട്ടീനസ് പറഞ്ഞു.
എക്കാലവും സ്വപ്നം കണ്ടൊരു നിമിഷമാണിതെന്നം താരം വെളിപ്പെടുത്തി. പറയാൻ വാക്കുകളില്ല. വളരെ ചെറുപ്പത്തിൽ തന്നെ ഇംഗ്ലണ്ടിൽ പോയവനാണ് ഞാൻ. ഈ വിജയം കുടുംബത്തിനു സമർപ്പിക്കുന്നുവെന്ന് താരം കൂട്ടിച്ചേർത്തു. അർജന്റീനയുടെ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ് മാർട്ടീനസ്. ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ പെനാൽറ്റി ഷൂട്ടൗട്ടിലടക്കം പലതവണ നീലപ്പടയുടെ രക്ഷകനായി 30കാരൻ. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിലും അർജന്റീനയുടെ രക്ഷകനായ മാർട്ടിനസിനാണ് ഇത്തവണ ഗോൾഡൻ ഗ്ലൗ ലഭിച്ചത്. ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ലഭിക്കുന്ന ആദ്യ അർജന്റീനക്കാരൻ കൂടിയാണ് മാര്‍ട്ടീനസ്.